യു.എ.ഇയിൽ ടെലിവിഷൻ പ്രോഗ്രാമുകൾക്കു നേരെ സൈബർ ആക്രമണം
text_fieldsബി.ബി.സി ഉൾപ്പെടെ യൂറോപ്യൻ ചാനലുകൾക്കു നേരെയായിരുന്നു ആക്രമണം
ദുബൈ: യു.എ.ഇയിൽ ടെലിവിഷൻ സെറ്റ് ടോപ് ബോക്സുകൾക്കു നേരെ സൈബർ ആക്രമണം. ഞായറാഴ്ച രാത്രിയിലാണ് സംഭവം. തത്സമയ സംപ്രേഷണം ചെയ്തുവന്ന ബി.ബി.സി ഉൾപ്പെടെ ചില യൂറോപ്യൻ ചാനലുകൾക്കാണ് തടസ്സം നേരിട്ടത്. ലൈവ് പ്രോഗ്രാമുകൾ തടസ്സപ്പെട്ടതിന് പിന്നാലെ പച്ച നിറത്തിലുള്ള സ്ക്രീനിൽ ‘ഈ സന്ദേശം അയക്കാൻ ഞങ്ങൾക്ക് മറ്റു വഴി ഇല്ല, എന്ന് എഴുതിക്കാണിക്കുകയായിരുന്നു. തൊട്ടു പിന്നാലെ ‘എ.ഐ’ വാർത്ത അവതാരകൻ പ്രത്യക്ഷപ്പെടുകയും ഫലസ്തീനിൽ നിന്നുള്ള വാർത്തകൾ വായിക്കാൻ തുടങ്ങുകയും ചെയ്തു. ഇസ്രായേൽ ജയിലിൽ കഴിയുന്ന ഫലസ്തീനിയൻ കുട്ടികൾക്കും സ്ത്രീകൾക്കും എതിരെയുള്ള ക്രൂരത വിവരിക്കുന്നതായിരുന്നു വിഡിയോ.
രാത്രി 10.30ഓടെ ബി.ബി.സി വാർത്ത കണ്ടുകൊണ്ടിരിക്കുമ്പോഴാണ് തടസ്സം നേരിട്ടതെന്ന് പേര് വെളിപ്പെടുത്താത്ത ദുബൈ നിവാസി പറഞ്ഞു. പ്രോഗ്രാം തടസ്സപ്പെട്ടതിന് പിന്നാലെ പച്ച നിറത്തിലുള്ള സ്ക്രീൻ കാണിക്കുകയും എ.ഐ അവതാരകൻ ഫലസ്തീനിൽ നിന്നുള്ള പീഡനദൃശ്യങ്ങൾ പ്രദർശിപ്പിച്ച് വാർത്ത അവതരിപ്പിക്കുകയുമായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
ക്വിസ് പ്രോഗ്രാം കണ്ടുകൊണ്ടിരിക്കെയാണ് തനിക്ക് തടസ്സം നേരിട്ടതെന്ന് മറ്റൊരു ദുബൈ നിവാസി പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കുന്നതിന് മുമ്പുതന്നെ സ്ക്രീൻ പച്ച നിറത്തിലാവുകയും എ.ഐ അവതാരകൻ പ്രത്യക്ഷപ്പെട്ട് ഫലസ്തീനിലെ ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റ സ്ത്രീകളുടെയും കുട്ടികളുടെയും ദൃശ്യങ്ങൾ കാണിക്കുകയുമായിരുന്നു. തിങ്കളാഴ്ച പ്രസിദ്ധീകരണം ആരംഭിക്കുന്നതുവരെ പ്രശ്നം പരിഹരിക്കപ്പെട്ടിരുന്നില്ല. തുടർന്ന് സെറ്റ്ടോപ് ബോക്സ് സേവനദാതാക്കൾ ക്ഷമാപണം നടത്തുകയും അവരുടെ സംവിധാനങ്ങൾ ഹാക്ക് ചെയ്തതായി സമ്മതിക്കുകയുമായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.