ഇത്തിസലാത്ത് ഉപഭോക്താക്കൾക്ക്നേരേ സൈബർ തട്ടിപ്പ്
text_fieldsദുബൈ: പ്രമുഖ ടെലികോം സേവനദാതാക്കളായ ഇത്തിസാലാത്ത് ഉപയോക്താക്കളെ ലക്ഷ്യമിട്ട് യു.എ.ഇയിൽ സൈബർ തട്ടിപ്പ്. കമ്പനിയുടെ പേരിൽ പ്രത്യേക ഇ-മെയിൽ അയച്ചാണ് തട്ടിപ്പ്. ഇതിനായി ഇത്തിസാലാത്തിന്റെ ലോഗോയും സൈബർ ക്രിമിനലുകൾ ഉപയോഗിക്കുന്നുണ്ട്. ‘നിങ്ങൾ വിശ്വസ്തരായ ഉപഭോക്താവയതിനാൽ 220 ദിർഹം തിരികെ നൽകുന്നുവെന്ന ഉള്ളടക്കത്തോടെയുള്ള ഇ-മെയിലുകളാണ് പലർക്കും ലഭിച്ചത്. കാർഡിലേക്ക് പണം തിരികെ നിക്ഷേപിക്കുന്നതിനായി ലിങ്കിൽ ക്ലിക് ചെയ്ത് അപേക്ഷ സമർപ്പിക്കാനാണ് ഇ-മെയിലിലെ നിർദേശം.
തട്ടിപ്പ് വിശ്വസിപ്പിക്കാനായി ഇത്തിസാലാത്തിന്റെ ഔദ്യോഗിക ഇ-മെയിൽ വിലാസം വ്യാജമായി നിർമിച്ചിരുന്നു. സംശയം തോന്നിയ ഒരു ഉപഭോക്താവ് ഇത്തിസാലാത്തുമായി ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് ബോധ്യമായത്. തുടർന്ന് അജ്ഞാതമായ ഉറവിടങ്ങളിൽനിന്നുള്ള ഇത്തരം ഇ-മെയിൽ ലിങ്കുകളിൽ ക്ലിക് ചെയ്യരുതെന്ന് കമ്പനി ട്വിറ്ററിലൂടെ അഭ്യർഥിച്ചു. ഇ-മെയിലിന്റെ സ്പെല്ലിങ്ങുകളിൽ ചെറിയ വ്യത്യാസം ശ്രദ്ധിച്ചാൽ തട്ടിപ്പ് ബോധ്യമാകുമെന്നും കമ്പനി അറിയിച്ചു. തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ ദുബൈ പൊലീസിന്റെ ഇ-ക്രൈം പ്ലാറ്റ്ഫോമിലൂടെ പരാതി നൽകാം.
ഫോൺ കോൾ, ഇ-മെയിൽ എന്നിവയിലൂടെ ബാങ്ക് വിവരങ്ങൾ പങ്കുവെക്കരുതെന്നും ദുബൈ പൊലീസിന്റെ സൈബർ ഡിപ്പാർട്മെന്റ് ഡയറക്ടർ ബ്രിഗേഡിയർ സഈദ് അൽ ഹജ്രി പറഞ്ഞു. 2021ൽ രാജ്യത്ത് 25,841 പേരാണ് സൈബർ പ്ലാറ്റ് ഫോം വഴി തട്ടിപ്പുകൾ റിപ്പോർട്ടു ചെയ്തത്. സൈബർ തട്ടിപ്പുകൾ പിടിക്കപ്പെട്ടാൽ 2.5 ലക്ഷം ദിർഹം മുതൽ പത്ത് ലക്ഷം ദിർഹം വരെയാണ് പിഴ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.