കരുതിയിരിക്കാം സൈബർ ക്രിമിനലുകളെ...
text_fieldsകോവിഡിെൻറ വരവ് ലോകം മുഴുവൻ ഉഴുതുമറിച്ചെങ്കിലും ഇത് സുവർണാവസരമായി കണ്ട ഒരു കൂട്ടരുണ്ട്, സൈബർ തട്ടിപ്പുകാർ. ഇൻറർനെറ്റിലെ ചതിക്കുഴികളെ കുറിച്ച് കേട്ടിട്ടില്ലാത്തവർ പോലും ഒാൺലൈൻ ലോകത്തെത്താൻ നിർബന്ധിതരാക്കപ്പെട്ടതോടെ ചാകരയായത് സൈബർ ക്രിമിനലുകൾക്കാണ്. തക്കം പാർത്തിരുന്നവർ ദുരിതകാലം നോക്കാതെ തട്ടിപ്പുമായിറങ്ങി. മുമ്പ് നടത്തിക്കൊണ്ടിരുന്ന ആക്രമണങ്ങള്‍ കൂടാതെ പുതിയ തട്ടിപ്പുകളും ഇവർ ആവിഷ്കരിച്ച് നടപ്പാക്കുന്നു. സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒാൺലൈൻ സജീവമാക്കിയതോടെ സൈബർ ക്രിമിനലുകൾ അരങ്ങുവാഴുകയാണ്. സൈബർ ലോകത്ത് ഒളിഞ്ഞിരിക്കുന്ന തട്ടിപ്പുകളെയും സ്വീകരിക്കേണ്ട മുൻകരുതലുകളെയും കുറിച്ച് അബൂദബി ഇസ്ലാമിക് ബാങ്ക് ഗ്രൂപ്പിലെ ചീഫ് സെക്യൂരിറ്റി ഇൻഫർമേഷൻ ഒാഫിസർ ഇല്യാസ് കൂളിയങ്കാൽ എഴുതുന്നു.
തട്ടിപ്പുകൾ പലവിധം
മഹാമാരിക്കാലത്തെ പുതിയ ഇറക്കുമതിയാണ് കോവിഡുമായി ബന്ധപ്പെട്ട ഇ-മെയിലും മറ്റ് സന്ദേശങ്ങളും അയച്ചുള്ള തട്ടിപ്പ്. സർക്കാറിെൻറയോ ആരോഗ്യ കേന്ദ്രങ്ങളുടെയോ സന്ദേശങ്ങൾ എന്ന വ്യാജേനയാണ് ഇവ നമ്മുടെ ഫോണിലേക്കും കമ്പ്യൂട്ടറിലേക്കും എത്തുന്നത്. ഒന്നുകിൽ കമ്പ്യൂട്ടർ വൈറസുകൾ പരത്തലായിരിക്കും ലക്ഷ്യം. അല്ലെങ്കിൽ സ്വകാര്യമായതോ ബാങ്കുമായി ബന്ധപ്പെട്ടതോ ആയ വിവരങ്ങൾ ശേഖരിക്കാനോ സാമ്പത്തിക തട്ടിപ്പുകൾ നടത്താനോ ആയിരിക്കും ഉദ്ദേശ്യം. കോവിഡ് രോഗികൾക്കും ബന്ധപ്പെട്ട സംഘടനകൾക്കും സംഭാവന ചോദിച്ചുള്ള തട്ടിപ്പ് ഇ-മെയിലുകളും വ്യാപകമാണ്. കോവിഡുമായി ബന്ധപ്പെട്ട പേരുകൾ ഉപയോഗിച്ചുള്ള വെബ്സൈറ്റുകളുടെ രജിസ്ട്രേഷൻ വളരെയധികം വർധിച്ചുവെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഇവയുടെ മറവിലും തട്ടിപ്പ് അരങ്ങേറുന്നുണ്ട്. മാസ്ക്, സാനിറ്റൈസർ വിൽപന മുതൽ കോവിഡ് ചികിത്സ, നിർദേശങ്ങൾ, സംഭാവന, സർക്കാർ നിർദേശങ്ങളുടെ വ്യാജൻ എന്നിങ്ങനെ പലവിധ തട്ടിപ്പുകളാണ് നടക്കുന്നത്. സാമ്പത്തിക തട്ടിപ്പിന് പുറമെ വ്യാജ പ്രൊഫൈലുകൾ ഉപയോഗിച്ച് ആളുകളെ വല വിരിച്ചു ഓൺലൈൻ ലൈംഗിക വിഡിയോകളും ചിത്രങ്ങളും ചിത്രീകരിക്കുകയും അത് കാണിച്ചു ഭീഷണപ്പെടുത്തി പണം തട്ടുകയും ചെയ്യുന്നുണ്ട്.
സുരക്ഷ മാർഗങ്ങൾ
സൈബർ കുറ്റവാളികളുടെ കൺമുന്നിലൂടെയാണ് നമ്മുടെ ഒാരോ സഞ്ചാരങ്ങളെന്നും മനസ്സിലാക്കി വേണം പ്രവർത്തിക്കാൻ. ഇത് മുന്‍കരുതലെടുക്കാന്‍ സഹായിക്കും. നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴിയും മറ്റും ശേഖരിച്ച ശേഷം വളരെ ലക്ഷ്യബോധത്തോടെയാണ് സൈബർ ക്രിമിനലുകൾ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. നമുക്ക് ആലോചിക്കാൻ സമയം തരാതെ ആരെങ്കിലും എന്തിനെങ്കിലും നിർബന്ധിക്കുകയാണെകിൽ അതിൽ മിക്കവാറും ദുരുദ്ദേശ്യമുണ്ടാവും. അങ്ങിനെയുള്ള സമയങ്ങളിൽ ചതിയിൽ വീഴാതെ സൂക്ഷിക്കണം. സാമൂഹ്യ മാധ്യമങ്ങളിൽ സുഹൃത്തുക്കളെ സ്വീകരിക്കുമ്പോള്‍ അവരെ പറ്റി നന്നായി പഠിച്ച ശേഷം ചെയ്യുക. അവരുടെ പ്രൊഫൈൽ വിശദമായി പരിശോധിക്കണം. വ്യാജമാണെന്ന് സംശയം തോന്നിയാൽ സുഹൃത്ത് പട്ടികയിൽ ഇടം കൊടുക്കരുത്. സാമൂഹിക മാധ്യമങ്ങൾ വഴി നമ്മുടെ ടേസ്റ്റ് അറിഞ്ഞ ശേഷം അത് വഴിയാണ് വലയിൽ വീഴ്ത്തുന്നത്. ഏതു വെബ് സൈറ്റ് ലിങ്കും ക്ലിക്ക് ചെയ്യുമ്പോള്‍ വളരെ സൂക്ഷ്മതയോടു കൂടി മാത്രം ചെയ്യുക. ഡൌണ്‍ലോഡ് അല്ലെങ്കില്‍ ഇൻസ്റ്റാള്‍ ചെയ്യുമ്പോള്‍ അതിനേക്കാള്‍ സൂക്ഷ്മത വേണം. ചില പ്രോഗ്രാമുകൾക്ക് നമ്മുടെ കാമറ പോലും നിയന്ത്രിക്കാന്‍ കഴിയും.
മൊബൈല്‍ സുരക്ഷ അതിപ്രധാനം
ഫേസ് ലോക്ക് (Facial Recognition), പിന് കോഡ്, പാറ്റേൺ, വിരലടയാള ലോക്ക് എന്നിവ േഫാണിൽ സജ്ജീകരിക്കണം. ഇൻസ്റ്റാള്‍ ചെയ്യുന്ന പ്രോഗ്രാമുകളുടെ വിവരങ്ങളും പ്രവര്‍ത്തന രീതിയും പ്രത്യേകം മനസ്സിലാക്കണം. മൊബൈല്‍ നഷ്ടപ്പെട്ടാലും അതിലെ വിവരങ്ങളും ചിത്രങ്ങളും മറ്റുള്ളവരുടെ കൈയില്പെടാതിരിക്കാനുള്ള കരുതലുകള്‍ സ്വീകരിക്കണം. ഫോൺ നഷ്ടപ്പെട്ടാലും അതിലെ വിവരങ്ങള്‍ പൂര്‍ണമായും നശിപ്പിക്കാന്‍ കഴിയുന്ന നടപടിക്രമങ്ങള്‍ സജ്ജീകരിക്കണം. തകരാറിലായ ഫോണോ പഴയ ഫോണോ കൈമാറുമ്പോള്‍ അതിലെ വിവരങ്ങള്‍ ബാക്ക് അപ്പ് ചെയ്ത ശേഷം വിവരങ്ങള്‍ പൂർണമായും നശിപ്പിക്കാൻ ശ്രമിക്കുക. പാസ്വേഡ് ഇടക്കിടെ മാറ്റണം. ഇ-മെയിലിെൻറയും സാമൂഹിക മാധ്യമങ്ങളിലെയും പാസ്വേഡ് നമ്മളറിയാതെ തകര്‍ക്കാനുള്ള പ്രോഗ്രാമുകള്‍ യഥേഷ്ടമാണ്. മൊബൈലിലെയും കമ്പ്യൂട്ടറുകളിലെയും പ്രോഗ്രാമുകളും ആപ്പുകളും സുരക്ഷിതമാണെന്ന് ഉറപ്പിക്കുക. ആവശ്യത്തിൽ കൂടുതൽ അനുവാദം ഇങ്ങനെ ഉള്ള ആപ്പുകൾക്ക് കൊടുക്കാതിരിക്കുക. സുരക്ഷാ പ്രോഗ്രാമുകളും മൊബൈൽ സോഫ്റ്റ്വെയറും സമയാസമയങ്ങളിൽ അപ്ഡേറ്റ് ചെയ്യണം. ഇ-മെയിലിലും സാമൂഹ്യമാധ്യമങ്ങളിലും വാട്സ്ആപ്പിലും ഫോണിലും ലഭിക്കുന്ന അനാവശ്യ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്.
ബാങ്ക് തട്ടിപ്പിൽ വീഴരുത്
ബാങ്ക് അക്കൗണ്ട് സ്ഥിരമായി പരിശോധിക്കണം. അക്കൗണ്ടിലെ പണം അവിടെ തന്നെ ഉണ്ടോ എന്ന കാര്യം ഇടക്കിടെ ഉറപ്പു വരുത്തണം. സംശയകരമായി കണ്ടാൽ ഉടൻ ബാങ്കുമായി ബന്ധപ്പെടണം. ഫോണിൽ വിവരം അറിയിക്കുന്നതിന് പുറമെ രേഖാമൂലം പരാതി നൽകണം. ആവശ്യമെങ്കിൽ പൊലീസിൽ പരാതി നൽകാൻ മടിക്കരുത്. ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് നഷ്ടപ്പെട്ടാൽ ഉടൻ ബാങ്കിനെ അറിയിക്കണം. ടോക്കൺ (മൊബൈൽ/എസ്.എം.എസ്) വെച്ച് ലോഗിൻ ചെയ്യുന്നത് ക്രമീകരിച്ചാൽ പാസ്വേർഡ് നഷ്ടപ്പെടുന്ന തരത്തിലുള്ള സുരക്ഷാ വീഴ്ചകളിൽ നിന്നും രക്ഷപ്പെടാം. പ്രിൻറ് ചെയ്ത സ്റ്റേറ്റ്മെൻറ് സൂക്ഷിക്കുന്നത് നന്നാവും. കാരണം, സൈബർ ആക്രമണം ഉണ്ടാകുേമ്പാൾ എല്ലാ ഇലക്ട്രോണിക് വിവരങ്ങളും നഷ്ടപ്പെേട്ടക്കാം. ബാങ്ക് രേഖകളോ അതുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങളോ ഒരു കാരണവശാലും ആരുമായും പങ്കുവെക്കരുത്. ബാങ്കിലെ ഉദ്യോഗസ്ഥനായാൽ പോലും നമ്മുടെ പാസ്വേഡോ ഒ.ടി.പി മെസേജോ പറഞ്ഞുകൊടുക്കരുത്. മറ്റുള്ളവർക്ക് എളുപ്പം മനസ്സിലാക്കാൻ കഴിയാത്ത രീതിയിലുള്ള പാസ്വേഡ് ഉപയോഗിക്കുക. ബാങ്ക് ഇടപാടുകൾക്ക് ഉപയോഗിക്കുന്ന കമ്പ്യൂട്ടറും മൊബൈലും സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തുക. പൊതുസ്ഥലങ്ങളിലെ കമ്പ്യൂട്ടറുകൾ വഴി ബാങ്ക് ഇടപാടുകൾ നടത്താതിരിക്കാൻ ശ്രദ്ധിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.