പണം തട്ടാൻ സൈബർ കുറ്റവാളികൾ
text_fieldsഅബൂദബി: പണം തട്ടാനായി സൈബർ കുറ്റവാളികൾ നടത്തുന്ന ആറു പ്രധാന നീക്കങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി അബൂദബി ജുഡീഷ്യൽ വകുപ്പ്.
രണ്ടരലക്ഷം മുതൽ അഞ്ചുലക്ഷം ദിർഹം വരെ പിഴയും രണ്ടുവർഷം വരെ തടവും ലഭിക്കുന്ന കുറ്റമാണ് സൈബർ പണം തട്ടലും ഇലക്ട്രോണിക് ബ്ലാക്ക് മെയിലെന്നും വകുപ്പ് ഓർമിപ്പിച്ചു. സൈബർ കുറ്റവാളികളുടെ പ്രധാന പണം തട്ടൽ രീതി ചുവടെ.
മുമ്പ് ബന്ധം പുലർത്തിയ സമയത്തെടുത്ത ഫോട്ടോകളോ ചാറ്റുകളോ പുറത്തുവിടുമെന്ന് ഇരയെ ഭീഷണിപ്പെടുത്തുക.
പേഴ്സനൽ അക്കൗണ്ടുകൾ ഹാക്ക് ചെയ്യുകയും വ്യക്തിഗത വിവരങ്ങൾ ശേഖരിച്ച ശേഷം ഇവ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുക. ഫോൺ മോഷ്ടിച്ചെടുത്തോ ഉടമ വിൽക്കുമ്പോഴോ വാങ്ങി അതിലെ വിവരങ്ങൾ വീണ്ടെടുക്കുകയും പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യൽ.
ഇരയെ പ്രതികൂലമായി ബാധിക്കുന്ന വിവരങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയുള്ള സാമ്പത്തിക ചൂഷണം. ഇരയുടെ പദവിയെ ദോഷകരമായി ബാധിക്കുന്നതും മത്സരരംഗത്തുള്ള എതിരാളികളെ സഹായിക്കുന്നതുമായ സാമ്പത്തിക, വാണിജ്യ വിവരങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയുള്ള പണം തട്ടൽ,
മുൻകാല ബന്ധങ്ങൾ വെളിപ്പെടുത്തുമെന്നുള്ള ഭീഷണിപ്പെടുത്തൽ മുഖേനയുള്ള പണം തട്ടൽ. ഇരകളെ പ്രതികൂലമായി ബാധിച്ചേക്കാവുന്ന വിവരങ്ങൾ പുറത്തുവിടുമെന്നുള്ള ഭീഷണിപ്പെടുത്തലിലൂടെ പണം തട്ടുന്നതിനെതിരെ ബോധവത്കരണം നടത്തുന്നതിനായി അബൂദബി ജുഡീഷ്യൽ വകുപ്പ് നടത്തിയ സർവേയിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു വിവരം പുറത്തുവിട്ടിരിക്കുന്നത്.
സൈബർ തട്ടിപ്പിനെതിരായ പൊതു ബോധവത്കരണം, ഇത്തരം തട്ടിപ്പുകൾ വർധിക്കുന്നതിനെക്കുറിച്ചുള്ള വ്യക്തികളുടെ അഭിപ്രായം, തട്ടിപ്പുകാരെ ഇതിനു പ്രചോദിപ്പിക്കുന്ന കാരണം, നിയമപരമായി എങ്ങനെ നേരിടാം, ഏതെങ്കിലും രീതിയിലുള്ള സൈബർ ചൂഷണങ്ങൾക്ക് ആളുകൾ ഇരയായിട്ടുണ്ടോ തുടങ്ങി ഒമ്പത് മേഖലകളിലായാണ് സർവേ നടത്തിയത്.
സാമ്പത്തിക ചൂഷണങ്ങൾക്കു പുറമേ സ്വകാര്യ ചിത്രങ്ങളും വിഡിയോകളും പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗിക താൽപര്യങ്ങൾക്കായി ഇരകളെ വിനിയോഗിക്കുന്നുണ്ടെന്നും വകുപ്പ് ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.