സൈബര്‍ തട്ടിപ്പുകള്‍: ബോധവത്കരണവുമായി അബൂദബി ജുഡീഷ്യല്‍ ഡിപ്പാർട്മെന്റ്
text_fieldsഅബൂദബി: രാജ്യത്ത് പലവിധത്തിലുള്ള സൈബര്‍ തട്ടിപ്പുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ അബൂദബി ജുഡീഷ്യല്‍ ഡിപ്പാർട്മെന്റ് ബോധവത്കരണ കാമ്പയിന് തുടക്കംകുറിച്ചു. ഡിജിറ്റല്‍ സംരക്ഷണം, സുരക്ഷിത സമൂഹം (മസൂലിയ) എന്ന പ്രമേയത്തിലാണ് മൂന്നുമാസം നീളുന്ന ബോധവത്കരണ പരിപാടികള്‍ നടത്തുന്നതെന്ന് അണ്ടര്‍ സെക്രട്ടറി യൂസുഫ് സഈദ് അല്‍ അബ്രി പറഞ്ഞു. സാമൂഹിക സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി, വൈസ് പ്രസിഡന്റ് ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് ആല് നഹ്യാന്റെ നിര്‍ദേശപ്രകാരമാണ് കാമ്പയിന്.
എമിറേറ്റ്സ് പോസ്റ്റിന്റെ പേരിലും ബാങ്കുകളുടെ പേരിലും തട്ടിപ്പുകാരുടെ മെസേജും ഫോണ്‍ വിളികളും നിരന്തരം ജനങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുകയാണ്. പാഴ്സല്‍ എത്തിയിട്ടുണ്ടെന്നും ഡെലിവറിക്കായി അഡ്രസ്സ് നല്‍കണമെന്നുമുള്ള ടെക്സ്റ്റ് മെസേജാണ് എമിറേറ്റ്സ് പോസ്റ്റിന്റെ പേരില്‍ മൊബൈലിലേക്ക് എത്തുന്നത്. മെസേജില്‍ നല്‍കിയിരുന്ന ലിങ്കിലൂടെ വേണം അഡ്രസ്സ് നല്കാന്.
ഇത്തരത്തിലുള്ള ലിങ്ക് ഓപണ്‍ ചെയ്യരുതെന്ന് നിർദേശമുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ വ്യത്യസ്തങ്ങളായ രീതിയില്‍ ഇരകളെ കുടുക്കി പണം തട്ടുന്ന സൈബര്‍ കുറ്റവാളികള്‍ ഫേസ്ബുക്ക് മെസഞ്ചറിലും മെസേജുകള്‍ അയക്കുന്നുണ്ട്. ബാങ്ക് വിവരങ്ങള്‍ ശേഖരിച്ചോ സ്വകാര്യ വിവരങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയോ ഒക്കെ ഇരയെ കുടുക്കി പണം തട്ടുന്ന നിരവധി സംഭവങ്ങളാണ് ഉണ്ടാവുന്നത്. സംശയം തോന്നുന്ന ഫോണ്‍ വിളികളോ ഇ-മെയിലോ വന്നാല്‍ ഉടന്‍ പൊലീസിന്റെ ടോള്‍ ഫ്രീ നമ്പറായ 8002626ലോ, aman@adpolice.gov.ae മെയിലിലോ അറിയിക്കണം. അബൂദബി പൊലീസിന്റെ സ്മാര്‍ട്ട് ആപ്പിലൂടെയും വിവരം കൈമാറാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.