അബൂദബിയിലെ ആശുപത്രികളിൽ സൈബർ സുരക്ഷ ശക്തമാക്കുന്നു
text_fieldsഅബൂദബി: തലസ്ഥാന എമിറേറ്റിലെ ആശുപത്രികളിൽ സൈബർ സുരക്ഷ ശക്തമാക്കുന്നു. ആമെൻ എന്ന പുതിയ ഓഡിറ്റ് പ്രോഗ്രാം മുഖേന അബൂദബി ആരോഗ്യ വകുപ്പ് രോഗികളുടെ വിവരങ്ങൾ സംരക്ഷിക്കുകയും സ്വകാര്യത മാനദണ്ഡങ്ങളിലെ ക്രമക്കേടുകൾ പരിശോധിക്കുകയും ചെയ്യും.അബൂദബിയിലുടനീളമുള്ള ആശുപത്രികളിൽ സൈബർ ആക്രമണങ്ങളിൽനിന്ന് സംരക്ഷണം ഉറപ്പാക്കുന്നതിന് ഓൺലൈൻ സുരക്ഷ സംവിധാനങ്ങൾ നടപ്പാക്കുന്നതിെൻറ ഭാഗമാണ് ആമെൻ ഓഡിറ്റ് പ്രോഗ്രാം. ആശുപത്രികളുടെ ഓൺലൈൻ സുരക്ഷ സംവിധാനങ്ങൾ സുരക്ഷിതമാണെന്ന് ഉറപ്പാക്കാൻ അബൂദബി ആരോഗ്യവകുപ്പ് ആവിഷ്‌കരിച്ച പുതിയ പരിപാടിയാണിത്.
കോവിഡ് വ്യാപനം ആരംഭിച്ചതു മുതൽ സൈബർ കുറ്റകൃത്യങ്ങൾ ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളിൽ വർധിച്ചുകൊണ്ടിരിക്കുകയാണെന്ന് ഓൺലൈൻ സുരക്ഷ വിദഗ്ധർ ചൂണ്ടിക്കാട്ടി. സൈബർ ആക്രമികൾ വ്യക്തികളെ ഉന്നംവെക്കുന്നതിൽനിന്ന് സർക്കാറുകളിലേക്കും ആരോഗ്യ സേവന കേന്ദ്രങ്ങളിലേക്കും മാറിയതായി ആഗസ്റ്റിൽ ഇൻറർപോൾ റിപ്പോർട്ട് വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് കഴിഞ്ഞ ചില മാസങ്ങളിൽ സൈബർ ആക്രമണങ്ങൾ ഇരട്ടിയായതായി യു.എ.ഇയിലെ സൈബർ വിദഗ്ധർ കണ്ടെത്തി.
ഫാർമസ്യൂട്ടിക്കൽ ഭീമനായ പിഫിസറിെൻറ ഓൺലൈൻ ഡേറ്റ സംഭരണ യൂനിറ്റുകൾ കഴിഞ്ഞ മാസം ഹാക്ക് ചെയ്തിരുന്നു. ഇത്തരം ആക്രമണങ്ങൾ തടയുന്നതിനാണ് അറബിയിൽ സുരക്ഷിതമെന്ന് അർഥം വരുന്ന ആമെൻ പദ്ധതിക്ക് കഴിഞ്ഞ ദിവസം അബൂദബി ആരോഗ്യവകുപ്പ് തുടക്കം കുറിച്ചത്. സൈബർ കുറ്റവാളികൾ, യു.എ.ഇയിലെ ആശുപത്രികളിലും വീട്ടിൽനിന്നും ജോലി ചെയ്യുന്നവരെയും ലക്ഷ്യമിടുന്നു.രോഗികളുടെ സുരക്ഷ ഉറപ്പാക്കുക എന്ന നയത്തിന് മുൻഗണന നൽകുന്നതായും ആരോഗ്യ മേഖലയിലെ രോഗികളുടെ വിവരങ്ങൾ ചോർത്തുന്നതിനുള്ള സൈബർ കുറ്റകൃത്യങ്ങളെ നേരിടുകയാണ് പ്രധാനമെന്നും ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി.
ആമെൻ ഓഡിറ്റ് പ്രോഗ്രാമിെൻറ ആദ്യ ഘട്ടത്തിൽ അബൂദബിയിലെ 60 ആരോഗ്യ സൗകര്യങ്ങൾ ഈ വർഷം അവസാനത്തോടെ വിലയിരുത്തും. അടുത്ത ഘട്ടങ്ങളിൽ എമിറേറ്റിൽ അവശേഷിക്കുന്ന എല്ലാ ആരോഗ്യ സേവന സൗകര്യങ്ങളും ഉൾപ്പെടുത്തും. ഇതേത്തുടർന്ന് രോഗികളുടെ വിവരങ്ങളുടെ സ്വകാര്യത വർധിപ്പിക്കുന്നതിന് ആശുപത്രികൾക്ക് ആവശ്യമായ പിന്തുണ ആമെൻ പ്രോഗ്രാം നൽകും.
അബൂദബി ഹെൽത്ത് കെയർ ഇൻഫർമേഷൻ, സൈബർ സെക്യൂരിറ്റി സ്റ്റാൻഡേഡ് എന്നീ രോഗികളുടെ ഡേറ്റ പരിരക്ഷണ ചട്ടങ്ങളുടെ സമഗ്രമായ ഗൈഡ് ആരോഗ്യവകുപ്പ് കഴിഞ്ഞ വർഷം പുറത്തിറക്കി. മികച്ച അന്താരാഷ്ട്ര രീതികൾക്ക് അനുസൃതമായ ഉയർന്ന നിലവാരത്തിലുള്ള സ്വകാര്യതയും രോഗികളുടെ ഡേറ്റ സുരക്ഷയും ഉറപ്പാക്കുകയാണ് ഈ മാനദണ്ഡങ്ങളുടെ ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.