കുട്ടികൾക്കെതിരെയുള്ള സൈബർ ലൈംഗിക ചൂഷണം: അന്താരാഷ്ട്ര പ്രവർത്തനങ്ങളിൽ യു.എ.ഇയും
text_fieldsഅബൂദബി: സൈബർ ലൈംഗിക ചൂഷണത്തിനെതിരായ അന്താരാഷ്ട്ര പ്രവർത്തനത്തിൽ യു.എ.ഇ പങ്കെടുക്കുന്നു. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിലെ പങ്കാളികളെ ലക്ഷ്യമിട്ട് അന്താരാഷ്ട്ര സുരക്ഷാ കൂട്ടുകെട്ടിൽ യു.എ.ഇ ഉൾപ്പെടെയുള്ള ഒമ്പത് രാജ്യങ്ങളാണ് സംയുക്ത പ്രവർത്തനം നടത്തി വരുന്നത്. ഇതിെൻറ ഫലമായി സഖ്യരാജ്യങ്ങളിലെ ലൈംഗിക ചൂഷണ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട 771 പേരെ ഈ വർഷം അറസ്റ്റ് ചെയ്തു.
ഈ വർഷം ജനുവരി മുതൽ സെപ്റ്റംബർ അവസാനം വരെ നടത്തിയ സംയുക്ത കാമ്പയിനിലൂടെ 549 കുട്ടികളെ ചൂഷണത്തിൽ നിന്നും രക്ഷിക്കാനായി. കൂടാതെ 580 വെബ്സൈറ്റകളും ആപ്ലിക്കേഷനും അടച്ചുപൂട്ടി. യു.എ.ഇ, ഫ്രാൻസ്, ബഹ്റൈൻ, മൊറോക്കോ, ഇറ്റലി, സെനഗൽ, സിംഗപ്പൂർ, സ്ലൊവാക്യ, സ്പെയിൻ എന്നീ ഒമ്പത് സഖ്യ രാജ്യങ്ങളും യുനൈറ്റഡ് കിങ്ഡം, ആസ്ട്രേലിയ എന്നിവിടങ്ങളിൽ നിന്നുള്ള പ്രത്യേക ടീമുകളുടെ പങ്കാളിത്തത്തോടെയും (സഖ്യ രാജ്യങ്ങൾക്ക് പുറത്ത് നിന്ന്) നടത്തിയ സംയുക്ത പ്രവർത്തനമാണ് ഫലപ്രാപ്തി കൈവരിച്ചത്. ഇത്തരത്തിലുള്ള ആദ്യത്തെ പ്രവർത്തനത്തിൽ തന്നെ വിജയകരമായ ഫലം നൽകിയെന്നാണ് വിലയിരുത്തൽ.
ഒമ്പത് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രാലയങ്ങളുടെ ഒരു കൂട്ടായ്മയും സ്ഥാപിച്ചു. സഖ്യ രാജ്യങ്ങളുടെ സുരക്ഷ സംബന്ധിച്ച് മന്ത്രാലയങ്ങൾ തമ്മിലുള്ള അന്താരാഷ്ട്ര സഹകരണം പുതിയ ആശയത്തെയും സമീപനത്തെയും പ്രതിനിധാനംചെയ്യുന്നു. ഈ രാജ്യങ്ങളുടെ അധികാരപരിധിയിലെ കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിന് ആഗോള തത്ത്വങ്ങളിലധിഷ്ഠിതമായാണ് സഖ്യം സ്ഥാപിച്ചത്.
ഇൻറർനെറ്റ് വഴി കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിന് കോവിഡ് പകർച്ചവ്യാധിയുടെ സമയത്തും ഗണ്യമായ വർധനവുണ്ടായി. ഇൻറർനെറ്റ് വഴി കുട്ടികൾ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നതിന് ഈ കാലയളവിലും കൂടുതൽ ഭീഷണി നേരിടുന്നുണ്ടെന്നും കുറ്റവാളികളുടെ ഭാഗത്തുനിന്ന് കുട്ടികളെ ഉപദ്രവിക്കുന്നതിനായി ഈ പ്രതിസന്ധിയെ ഉപയോഗപ്പെടുത്തിയതായുമാണ് വിലയിരുത്തുന്നത്.
ഇൻറർനെറ്റിലൂടെയുള്ള കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിന് രാജ്യങ്ങൾ കൂടുതൽ സഹകരണവും വിവരങ്ങൾ പങ്കിടലും ഉണ്ടാകേണ്ടതുണ്ട്. ലൈംഗിക ചൂഷണ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ അറസ്റ്റ് ചെയ്ത് നീതി നടപ്പാക്കുക, ലൈംഗിക ചൂഷണത്തിന് ഇരയായ കുട്ടികളെ തിരിച്ചറിയുക, കൂടുതൽ ദ്രോഹങ്ങളിൽ നിന്നും ചൂഷണത്തിൽ നിന്നും രക്ഷിക്കുന്നതിനും സംയുക്ത പ്രവർത്തനം സഹായിക്കുന്നു. കുട്ടികളിൽ ലൈംഗിക ചൂഷണ മെറ്റീരിയൽ പ്രോത്സാഹിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന വെബ്സൈറ്റുകളും ആപ്ലിക്കേഷനുകളും അടച്ചു പൂട്ടുകയും ചെയ്യുന്നു.
ലോകമെമ്പാടുമുള്ള പൊലീസ് സേന ഏജൻസികൾക്കിടയിൽ അഭിപ്രായങ്ങളും അനുഭവങ്ങളും അറിവും പങ്കുവെക്കേണ്ടതിെൻറ പ്രാധാന്യം വലുതാണ്. എല്ലാവർക്കും വെല്ലുവിളിയായി മാറുന്ന സമയങ്ങളിൽ ലോകത്തെ എല്ലാ രാജ്യങ്ങളോടും വിവരങ്ങളും അനുഭവങ്ങളും പങ്കെടുക്കാനും കൈമാറ്റം ചെയ്യാനും അന്താരാഷ്ട്ര പ്രവർത്തനം സഹായിക്കുന്നു. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന മേഖലകളിലെ സാങ്കേതികവും പ്രവർത്തനപരവുമായ തലമുൾപ്പെടെ എല്ലാ തലങ്ങളിലും അന്താരാഷ്ട്ര സഹകരണത്തിലൂടെ പുതിയ അടിത്തറയിടാൻ കഴിയും.
കുട്ടികളെ ചൂഷണം ചെയ്യുന്ന കുറ്റകൃത്യങ്ങളെ നേരിടുന്നതിനുള്ള യു.എ.ഇയുടെ ശ്രമങ്ങളെ ആസ്ട്രേലിയൻ ഫെഡറൽ പൊലീസ് പ്രതിനിധി ജെയ്ൻ ഡിക്കിൻസൺ അഭിനന്ദിച്ചു. സംഘടിതവും ആഗോളവുമായ കുറ്റകൃത്യങ്ങളെ ചെറുത്ത് സമൂഹങ്ങളുടെ സംരക്ഷണവും സുരക്ഷയും വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് 2017 ഫെബ്രുവരിയിൽ അന്താരാഷ്ട്ര സുരക്ഷാ അലയൻസ് ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.