സൈബർ കുറ്റകൃത്യം: ബോധവത്കരണ കാമ്പയിനുമായി അബൂദബി പൊലീസ്
text_fieldsഅബൂദബി: വർധിച്ചുവരുന്ന സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് സാമൂഹിക അവബോധം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അബൂദബി പൊലീസ് ഒരു മാസത്തെ ബോധവത്കരണ കാമ്പയിൻ ആരംഭിച്ചു. സൈബർ വഞ്ചന, കൊള്ള, ഭീഷണിപ്പെടുത്തൽ, ഭിക്ഷാടനം എന്നിങ്ങനെയുള്ള കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്നതായി അബൂദബി പൊലീസ് ക്രിമിനൽ സെക്യൂരിറ്റി വിഭാഗം ഡയറക്ടർ ജനറൽ മുഹമ്മദ് സുഹൈൽ അൽ റാഷിദി ചൂണ്ടിക്കാട്ടി.
സ്വകാര്യ വസ്തുതകളും വിവരങ്ങളും മറ്റുള്ളവർക്ക് കൈവശപ്പെടുത്താൻ അവസരം നൽകാതെ സ്വയം സംരക്ഷിക്കേണ്ടതുണ്ട്. അവ വെളിപ്പെടുത്തുമ്പോഴാണ് പലരും കെണിയിൽപെടുന്നതും സൈബർ തട്ടിപ്പിന് ഇരകളാകുന്നതും. സൈബർ കുറ്റകൃത്യങ്ങളുടെ അപകടങ്ങളെക്കുറിച്ച് സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും മുന്നറിയിപ്പ് നൽകുകയെന്നതാണ് ബോധവത്കരണ പരിപാടിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
തട്ടിപ്പുകാർക്കെതിരെ കർശന നടപടി സ്വീകരിക്കാനും അവരെ നിയന്ത്രിക്കാനും അബൂദബി പൊലീസ് നൂതന സുരക്ഷ മുൻകരുതലുകൾ എടുക്കുന്നുണ്ട്. സൈബർ കുറ്റവാളികളുടെ പുതിയ ക്രിമിനൽ രീതികൾ മനസ്സിലാക്കിയാണ് നടപടികൾ ഊർജിതപ്പെടുത്തുന്നതെന്നും പൊലീസ് വ്യക്തമാക്കി. സുരക്ഷ ഏജൻസികൾ പ്രത്യേക മുൻഗണനയോടെ സൈബർ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്നത്. അബൂദബി പൊലീസിലെ എല്ലാ പ്രധാന വകുപ്പുകളും സൈബർ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള സമഗ്രമായ ശ്രമങ്ങളിലാണ്. കുറ്റകൃത്യങ്ങളുടെ രൂപങ്ങൾ, തരങ്ങൾ, ചെയ്യുന്ന രീതികൾ എന്നിവ പരിഗണിക്കാതെ കുറ്റവാളികളെ പിടികൂടാൻ പഴുതടച്ച നടപടികളാണ് പൊലീസ് സ്വീകരിക്കുന്നതെന്നും മുഹമ്മദ് സുഹൈൽ അൽ റാഷിദി വിശദീകരിച്ചു,
കുട്ടികളെ സൈബർ കൊള്ളയിൽ നിന്ന് നിരീക്ഷിക്കാനും പെൺകുട്ടികളെ ബ്ലാക്ക് മെയിൽ ചെയ്യുന്നത് തടയാനും പ്രത്യേകം ശ്രദ്ധിക്കുന്നു. സൗഹൃദത്തിലൂടെയും ചിത്രങ്ങളിലൂടെയും അവരെ ആകർഷിക്കാനും തുടർന്ന് സോഷ്യൽ മീഡിയകളിലൂടെ ലൈംഗികപരമായും സാമ്പത്തികമായും ബ്ലാക്ക് മെയിൽ ചെയ്യുന്നതിനെതിരെ ജാഗരൂകരാകണമെന്നും പൊലീസ് കുടുംബങ്ങളോട് ആവശ്യപ്പെട്ടു. ബാങ്ക് കാർഡുകൾ, ബാങ്ക് അക്കൗണ്ടുകൾ എന്നിവയുടെ വിവരം ചോർത്തി പണം തട്ടുന്ന സൈബർ ഇടപാടുകാരും നമുക്കു ചുറ്റുമുണ്ട്.
അബൂദബി പൊലീസിനൊപ്പം ടെലിക്കോം റെഗുലേറ്ററി അതോറിറ്റി, എമിറേറ്റ്സ് ടെലികമ്യൂണിക്കേഷൻ കോർപറേഷൻ, എമിറേറ്റ്സ് ഇൻറഗ്രേറ്റഡ് ടെലികമ്യൂണിക്കേഷൻ കമ്പനി, വിവിധ ബാങ്കിങ് മേഖല സ്ഥാപനങ്ങൾ, ജനറൽ അതോറിറ്റി ഫോർ ഇസ്ലാമിക് അഫയേഴ്സ് ആൻഡ് എൻഡോവ്മെൻറ്, ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡയറക്ടറേറ്റ് എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് കാമ്പയിൻ നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.