സൈക്കിൾ പാതകൾക്ക് നീളമേറുന്നു
text_fieldsദുബൈ: സൈക്കിൾ സൗഹൃദ നഗരമെന്ന ലക്ഷ്യത്തിലേക്ക് അതിവേഗം മുന്നേറുന്ന ദുബൈയിൽ കൂടുതൽ ട്രാക്കുകളുടെ നിർമാണം അതിവേഗം പുരോഗമിക്കുന്നു. ഖവാനീജ്, മുശ്രിഫ് പ്രദേശത്തെ ട്രാക്കുകളുടെ നിർമാണം 90 ശതമാനം പൂർത്തീകരിച്ചതായി റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ) പ്രസ്താവനയിൽ അറിയിച്ചു.
ഏഴു കി.മീറ്റർ നീളത്തിൽ നിർമിക്കുന്ന പാത പ്രദേശത്ത് നിലവിലുള്ള 32കി.മീറ്റർ ട്രാക്കുമായി ബന്ധിപ്പിക്കുന്നതാണ്. ഇതോടെ മേഖലയിലെ സൈക്കിൾ ട്രാക്കിന്റെ നീളം 39കി.മീറ്ററായി വർധിക്കും.
ജീവിക്കാൻ ഏറ്റവും മികച്ച നഗരമാക്കി മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ദുബൈ അർബൺ പ്ലാൻ 2040 പദ്ധതിയുടെ ഭാഗമായാണ് സൈക്കിൾ ഉപയോക്താക്കൾക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതെന്ന് ആർ.ടി.എ ചെയർമാൻ മതാർ അൽ തായർ പറഞ്ഞു.
ജോഗിങ്ങിനും സൈക്ലിങ്ങിനും ഉപയോഗിക്കാവുന്ന പാതകൾ താമസക്കാരിൽ കായിക- വിനോദ സംസ്കാരം പ്രോത്സാഹിപ്പിക്കാനും ഉപകരിക്കുമെന്നും ഇതുവഴി ജനങ്ങളുടെ ക്ഷേമം ഉറപ്പുവരുത്താനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് നഗരത്തെ സൈക്കിൾ സൗഹൃദമാക്കുന്ന പദ്ധതിക്ക് നിർദേശം നൽകിയത്.
പുതുതായി നിർമിക്കുന്ന ട്രാക്കുകളിൽ ഒന്ന് ശൈഖ് സായിദ് ബിൻ ഹംദാൻ ആൽ നഹ്യാൻ സ്ട്രീറ്റിലെ ഖുർആൻ ഗാർഡൻ മുതൽ അൽ ഖവാനീജ് സ്ട്രീറ്റിലെ ജങ്ഷൻ വരെ എത്തിച്ചേരുന്നതാണ്. അൽ ഖവാനീജിലെ നിലവിലെ ട്രാക്കുമായി ഇതു ബന്ധിപ്പിക്കും. രണ്ടാമത്തെ പാത ക്രൊകോഡൈൽ പാർക്കിന് സമീപത്ത് മുശ്രിഫ് പാർക്കിൽ നിന്ന് ആരംഭിച്ച് ശൈഖ് സായിദ് ബിൻ ഹംദാൻ ആൽ നഹ്യാൻ സ്ട്രീറ്റ് വരെയെത്തുന്നതാണ്.
2026ഓടെ ദുബൈയിലെ സൈക്കിൾ ട്രാക്കുകളുടെ നീളം 819കി.മീറ്റർ ആക്കി വികസിപ്പിക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. നിലവിൽ 544കി.മീറ്ററാണ് സൈക്കിൾ പാതകളുടെ ആകെ നീളം.
തീരദേശ ഭാഗങ്ങളായ ജുമൈറ, അൽ സുഫൂഹ്, മറീന എന്നിവിടങ്ങളിലെ സൈക്കിൾ പാതകളെ നഗരത്തിലെ അൽ ഖുദ്റ, സെയ്ഹ് അൽ സലാം, നാദൽ ശെബ, അൽ ബർഷ, ദുബൈ ഹിൽസ് തുടങ്ങിയ സ്ഥലങ്ങളുമായി ബന്ധിപ്പിക്കുന്നതാണ് പദ്ധതി. അന്താരാഷ്ട്ര തലത്തിൽ അംഗീകൃതമായ മാനദണ്ഡങ്ങൾ അനുസരിച്ചാണ് പാതകളുടെ രൂപകൽപനയും നിർമാണവും വേഗപരിധി നിർണയവും അടക്കമുള്ള കാര്യങ്ങൾ പൂർത്തിയാക്കിയത്.
സൈക്ലിങ്ങിന് മാത്രം ഉപയോഗിക്കുന്ന ട്രാക്കുകളിൽ 30കി.മീറ്റർ വേഗപരിധിയും നഗരപ്രദേശങ്ങളിലെ കാൽനടയാത്രക്ക് കൂടി ഉപയോഗിക്കുന്ന പാതകളിൽ 20കി. മീറ്റർ വേഗപരിധിയുമാണ് നിർണയിച്ചിട്ടുള്ളത്. പരിശീലനത്തിന് ഉപയോഗിക്കുന്ന പാതകളിൽ നിശ്ചിത വേഗപരിധി ഏർപ്പെടുത്തിയിട്ടുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.