സൂക്ഷിച്ചോ... സൈക്കിൾ പൊലീസ് പിഴ ചുമത്തും
text_fieldsദുബൈ: കൊറോണ വൈറസിൽ നിന്ന് സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള മുൻകരുതൽ നടപടികളെക്കുറിച്ചുള്ള ബോധവത്കരണത്തിനും നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനുമായി രാത്രികളിൽ പര്യടനം നടത്തുന്ന ദുബൈ സൈക്കിൾ പൊലീസ് പട്രോളിങ് തുടരുന്നു. ദുബൈയിലെ യുവജനങ്ങളെ പങ്കാളികളാക്കി ‘റൈഡ് വിത്ത് ദുെബെ ബൈക്കേഴ്സ് യൂനിറ്റ്’ എന്ന പേരിൽ ദുബൈ പൊലീസ് തുടക്കമിട്ട സൈക്കിൾ പൊലീസ് ഇതിനകം കണ്ടെത്തിയത് 2000ത്തോളം കോവിഡ് നിയമലംഘനങ്ങൾ. മേയ് 15ന് ശേഷം കണ്ടെത്തിയ 1,993 നിയമലംഘകരിൽ 547 പേർക്ക് പിഴ ചുമത്തി. ബാക്കിയുള്ളവർക്ക് മുന്നറിയിപ്പ് നൽകി വിട്ടയച്ചതായി ദേര പൊലീസ് സ്്റ്റേഷനിലെ പട്രോളിങ് വിഭാഗം മേധാവി ക്യാപ്റ്റൻ അഹ്മദ് അൽ സറൂണി പറഞ്ഞു. സൈക്കിൾ പട്രോളിങ് നടത്തുന്ന ജെബിആർ, അറേബ്യൻ റാഞ്ചുകൾ, സിറ്റി വോക്ക്, ശൈഖ് മുഹമ്മദ് ബിൻ റാശിദ് ബൊളിവാർഡ്, ദുബൈ അൽ ഖവാനീജ് എന്നീ അഞ്ച് മേഖലകളിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്. ദേശീയ അണുനശീകരണ പദ്ധതി നടക്കുന്ന വേളയിൽ രാത്രി 10 മുതൽ പുലർച്ചെ രണ്ടു വരെയാണ് സൈക്കിൾ പൊലീസിെൻറ പട്രോളിങ്. രാത്രി 11 മണി മുതൽ അനുമതിയില്ലാതെ പുറത്തിറങ്ങുന്നതിന് വിലക്കുള്ളതിനാൽ ദുബൈ നഗരവാസികളെല്ലാം മികച്ച രീതിയിൽ നിയമം പാലിക്കുന്നതായി ദുബൈ ബൈക്കേഴ്സ് യൂനിറ്റിലെ അംഗങ്ങൾ പറയുന്നു.
ഫേസ് മാസ്ക് ധരിക്കാത്തവർ, സുരക്ഷിതമായ അകലം പാലിക്കാത്തവർ - എന്നിവരെ കണ്ടാൽ സൈക്കിൾ പൊലീസിെൻറ പിടിവീഴും. കൊറോണ വൈറസ് വ്യാപനത്തിനെതിരെ പോരാടുന്നതിനായി സർക്കാർ സ്വീകരിച്ച നടപടികളിൽ കർശനമായി പാലിക്കുന്ന ഭൂരിപക്ഷവുമായി താരതമ്യപ്പെടുത്തുമ്പോൾ ചെറിയ ഭാഗം മാത്രമാണ് നിയമലംഘനം നടത്തുന്നത്. ആളുകൾ പ്രതിജ്ഞാബദ്ധരാണ്, അവർ നിയമങ്ങൾ പാലിക്കുന്നു, കാരണം പ്രശ്നത്തിെൻറ യഥാർഥ വലുപ്പവും അത് എത്രത്തോളം ഗൗരവമുള്ളതുമാണെന്ന് അവർക്കറിയാമെന്നും പട്രോളിങ് വിഭാഗം മേധാവി ക്യാപ്റ്റൻ അഹ്മദ് അൽ സറൂണി പറഞ്ഞു.
സാമൂഹിക ഉത്തരവാദിത്തത്തിെൻറ ഭാഗമായി സന്നദ്ധപ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ദുബൈ പൊലീസ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ അബ്്ദുല്ല ഖലീഫ അൽ മെറിയുടെ നിർദേശപ്രകാരമാണ് ‘റൈഡ് വിത്ത് ദുൈബ ബൈക്കേഴ്സ് യൂനിറ്റ്’ എന്ന സംരംഭം ആരംഭിച്ചിരിക്കുന്നത്. കൊറോണക്കെതിരായ രാജ്യവ്യാപക പോരാട്ടത്തിൽ ദുബൈയിലെ തെരെഞ്ഞെടുത്ത മേഖലകളിലെ ആളുകളുമായി സംവദിച്ച് അവരെ ജാഗ്രതയുള്ളവരാക്കി തീർക്കുകയാണ് ലക്ഷ്യം. കോവിഡിനെതിരായ പോരാട്ടത്തെ പിന്തുണക്കുന്നതിനായി ആരംഭിച്ച ‘ഞങ്ങൾ എല്ലാവരും ഉത്തരവാദിത്തമുള്ളവർ’ എന്ന കാമ്പയിെൻറ ഭാഗമായാണ് സൈക്കിളിലേറിയുള്ള ബോധവത്കരണ പ്രചാരണ കാമ്പയിൻ. സാമൂഹ്യ അകലം പാലിക്കേണ്ടതിെൻറ പ്രാധാന്യത്തെക്കുറിച്ച് ആളുകളെ ബോധവത്കരിക്കുന്ന സൈക്കിൾ പൊലീസ് മാസ്ക്കുകൾ പോലുള്ള സംരക്ഷണ കവചങ്ങളും വിതരണം ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.