ദുബൈ റൈഡിന് സൈക്കിളുകൾ സൗജന്യം
text_fieldsദുബൈ: ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായി നടക്കുന്ന ദുബൈ റൈഡിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന, എന്നാൽ സൈക്കിൾ സ്വന്തമായില്ലാത്തവർക്ക് സന്തോഷ വാർത്ത. ദുബൈ റോഡ് ഗതാഗത അതോറിറ്റിയും (ആർ.ടി.എ) കരീം ബൈക്കും ചേർന്ന് നിങ്ങൾക്ക് സൈക്കിൾ സൗജന്യമായി നൽകും. ഇതുസംബന്ധിച്ച് ഇരു സ്ഥാപനങ്ങളും ധാരണയിലെത്തിയതായി വാർത്തക്കുറിപ്പിൽ അറിയിച്ചു. മ്യൂസിയം ഓഫ് ഫ്യൂചർ, ട്രേഡ് സെന്റർ സ്ട്രീറ്റ്, ഫിനാൻഷ്യൽ സെൻറർ റോഡ് തുടങ്ങിയ സ്ഥലങ്ങളിലാണ് സൈക്കിളുകൾ ലഭ്യമാവുക. ആദ്യമെത്തുന്നവർക്കാണ് ഇവ സൗജന്യമായി നൽകുക. അതോടൊപ്പം കരീമിന്റെ ദുബൈയിലെ 192 സ്റ്റേഷനുകളിൽനിന്ന് വാടകക്ക് എടുക്കാനും സൗകര്യമുണ്ട്. താമസക്കാർക്കും വിനോദസഞ്ചാരികൾക്കുമെല്ലാം അവസരം ഉപയോഗപ്പെടുത്താം.
നവംബർ 12നാണ് ദുബൈ റൈഡ് അരങ്ങേറുന്നത്. ശൈഖ് സായിദ് റോഡിൽ നടക്കുന്ന വമ്പൻ സൈക്ലിങ് ഇവന്റാണിത്. കുടുംബങ്ങൾക്കും പുതിയ സൈക്ലിസ്റ്റുകൾക്കും സൈക്ലിങ് പ്രേമികൾക്കും എല്ലാം പങ്കെടുക്കാം. പങ്കെടുക്കുന്നവർക്ക് രണ്ട് റൂട്ടുകളിൽ ഒന്ന് തിരഞ്ഞെടുക്കാം. നാല് കി.മീറ്റർ ഡൗൺടൗൺ ഫാമിലി റൂട്ട് അല്ലെങ്കിൽ 12 കി.മീറ്റർ ശൈഖ് സായിദ് റോഡ് കോഴ്സ്.
വാഹനങ്ങൾ ചീറിപ്പായുന്ന ശൈഖ് സായിദ് റോഡിൽ ദുബൈയുടെ സൗന്ദര്യം ആസ്വദിച്ച് സൈക്കിളിൽ ചുറ്റിത്തിരിയാനുള്ള അസുലഭ മുഹൂർത്തം കൂടിയാണ് ദുബൈ റൈഡ്. ദുബൈയെ ബൈക് സൗഹൃദ നഗരമാക്കുന്നതിനും സുസ്ഥിര ഗതാഗത സംവിധാനമെന്ന നിലയിൽ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ സൗജന്യ സംവിധാനം ഏർപ്പെടുത്തിയതെന്ന് ആർ.ടി.എ പ്ലാനിങ് ആൻഡ് ബിസിനസ് ഡെവലപ്മെന്റ് ഡയറക്ടർ ആദിൽ അഷ്കരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.