ദുബൈയിൽ സൈക്കിൾ യാത്രക്ക് പ്രിയമേറുന്നു
text_fieldsദുബൈ: വിനോദ സഞ്ചാരികൾക്കും നിവാസികൾക്കും നഗരം ചുറ്റാൻ ഏറെ പ്രയോജനപ്പെടുന്ന സൈക്കിൾ യാത്രക്ക് ദുബൈയിൽ പ്രിയമേറുന്നു. കരീം ആപ്ലിക്കേഷൻ വഴി കഴിഞ്ഞ നാലു വർഷത്തിനിടെ ദുബൈയിൽ നടത്തിയത് 73 ലക്ഷം സൈക്കിൾ ട്രിപ്പുകൾ.
ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ)യുടെ പങ്കാളിത്തത്തോടെയാണ് കരീം ആപ്ലിക്കേഷൻ സേവനങ്ങൾ നടപ്പാക്കുന്നത്. മേഖലയിലെ ഏറ്റവും വലിയ ബൈക്ക് ഷെയറിങ് ശൃംഖലയാണ് കരീമിനുള്ളത്. ദുബൈയിലുടനീളമുള്ള 197 സ്റ്റേഷനുകളിലായി 1,800 സൈക്കിളുകൾ കരീം വാടകക്ക് നൽകുന്നുണ്ട്. 2023ൽ മാത്രം 23 ലക്ഷം സൈക്കിൾ ട്രിപ്പുകളാണ് നടന്നത്.
തൊട്ടുമുമ്പുള്ള വർഷത്തെ അപേക്ഷിച്ച് 66.3 ശതമാനത്തിന്റെ വളർച്ച കൈവരിക്കാൻ കരീമിന് കഴിഞ്ഞു. ദുബൈയിൽ സൈക്കിൾ യാത്രക്കാരുടെ ആവശ്യം വർധിക്കുന്നുവെന്നതിന്റെ തെളിവാണ് ഈ വളർച്ച സൂചിപ്പിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. എമിറേറ്റിൽ സർവിസ് ആരംഭിച്ചശേഷം ഇതുവരെ കരീമിന്റെ സൈക്കിൾ ഉപയോഗിച്ച് യാത്രക്കാർ സഞ്ചരിച്ചത് 2.84 കോടി കിലോമീറ്റർ ദൂരമാണ്.
അൽ ഖവാനീജിലെ ഖുർആൻ പാർക്ക് മുതൽ മറീന പ്രൊമെനേഡ് വരെയുള്ള 48 കിലോമീറ്ററാണ് ഏറ്റവും ദൈർഘ്യമേറിയ വ്യക്തിഗത യാത്ര. മൊത്തം യാത്രകളിൽ 68 ശതമാനം ഉപയോഗിച്ചത് ദുബൈയിലെ നിവാസികളാണ്. 32 ശതമാനം വിനോദസഞ്ചാരികളാണ്.
ഊർജ ഉപഭോഗവും കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളലും ഗണ്യമായി കുറക്കുന്ന സുസ്ഥിരമായ ഗതാഗത സംവിധാനമാണ് സൈക്ലിങ്. 2020 പ്രവർത്തനം ആരംഭിച്ചതുമുതൽ ഇതുവരെ 43.2 ലക്ഷം കിലോ ഗ്രാം കാർബൺ പുറന്തള്ളൽ ഇല്ലാതാക്കാൻ കരീം സൈക്കിൾ യാത്രയിലൂടെ സാധിച്ചു.
ഇത് 1,208 കാറുകൾ പുറന്തള്ളുന്ന കാർബണുകൾക്ക് തുല്യമാണെന്നും അധികൃതർ അറിയിച്ചു. കരീം ആപ് ഡൗൺലോഡ് ചെയ്ത് ബൈക്ക് എന്ന ഓപ്ഷൻ തെരഞ്ഞെടുത്താൽ സൈക്കിളുകൾ ഉപയോഗിക്കാം.
ആദ്യമായി ഉപയോഗിക്കുന്നവർക്ക് 50 ശതമാനം നിരക്കിളവും ലഭിക്കുമെന്ന് ആർ.ടി.എ ട്രാഫിക് ആൻഡ് റോഡ് ഏജൻസി സി.ഇ.ഒ ഹുസൈൻ അൽ ബന്ന പറഞ്ഞു. പ്രതിമാസം 19 ദിർഹമാണ് ഫീസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.