രാജ്യാന്തരസന്ദർശകരെ ആകർഷിച്ച് ദൈദ് ഈത്തപ്പഴമേള
text_fieldsഷാർജ: ഷാർജ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെടുന്ന ദൈദ് ഈത്തപ്പഴ മേളയുടെ ഏഴാം എഡിഷനിലേക്ക് സന്ദർശകപ്രവാഹം. പൊതുജനങ്ങൾക്ക് പുറമെ വിവിധ സർക്കാർ പ്രതിനിധികളും ഉദ്യോഗസ്ഥപ്രമുഖരും കഴിഞ്ഞ ദിവസങ്ങളിൽ ഫെസ്റ്റിവൽ കാണാനെത്തി. സൗദി അറേബ്യയിലെ ഖാസിം ഈത്തപ്പഴ മേളയുടെ ഭാരവാഹികൾ അടക്കം രാജ്യാന്തരതലത്തിലെ പ്രമുഖരും കഴിഞ്ഞ ദിവസങ്ങളിൽ ദൈദ് എക്സ്പോയിൽ മേള കാണാനെത്തി. ഈത്തപ്പഴ കർഷകരും കച്ചവടക്കാരും വിവിധയിനം ഉൽപന്നങ്ങൾ പ്രദർശിപ്പിക്കുന്ന മേള ഞായറാഴ്ച അവസാനിക്കും. മേളയോടനുബന്ധിച്ച് ഒരുക്കുന്ന വിവിധ മത്സരങ്ങളിൽ നൂറുകണക്കിന് പേരാണ് ദിവസവും പങ്കാളികളാകുന്നത്.
ഈത്തപ്പഴങ്ങളുടെ മധുരമൂറും വൈവിധ്യങ്ങൾ കൊണ്ട് ശ്രദ്ധനേടിയ മേള ഇത്തവണ കൂടുതൽ ആകർഷകമാക്കിയാണ് ഷാർജ ചേംബർ ഓഫ് കോമേഴ്സ് ഒരുക്കിയത്. ഷാർജയിൽ നിന്നടക്കം യു.എ.ഇയിലെ വിവിധയിടങ്ങളിൽനിന്നുള്ള പ്രാദേശിക കർഷകരെയും ഈന്തപ്പന ഉടമകളെയും പിന്തുണക്കുന്നതിന്റെ ഭാഗമായാണ് എല്ലാവർഷവും എസ്.സി.സി.ഐ ഈത്തപ്പഴ ഫെസ്റ്റിവൽ സംഘടിപ്പിച്ചുവരുന്നത്.
കാർഷികസംസ്കാരം സമൂഹത്തിൽ പ്രചരിപ്പിക്കുക, യു.എ.ഇയുടെ സുസ്ഥിര വർഷത്തോട് അനുബന്ധിച്ച് രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളാണ് മേള മുന്നോട്ടുവെക്കുന്നത്. രാജ്യവ്യാപകമായി നൂറുകണക്കിന് ഈന്തപ്പന കർഷകരുടെ പങ്കാളിത്തത്തിന് സാക്ഷ്യംവഹിക്കുന്ന നാല് ദിവസത്തെ പരിപാടിയിൽ 10 ലക്ഷം ദിർഹം സമ്മാനമായി നൽകുന്ന നിരവധി മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. രാജ്യാന്തരതലത്തിൽ നിന്നെത്തിയ സന്ദർശകരെ ഷാർജ ചേംബർ ഡയറക്ടർ ജനറൽ മുഹമ്മദ് അമിൻ അൽ അവാദി, മേളയുടെ ജനറൽ കോഓഡിനേറ്റർ മുഹമ്മദ് മുസാബഹ് അൽ തുനൈജി, ഷാർജ ചേംബർ ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗം ജമാൽ മുഹമ്മദ് ബിൻ ഹുവൈദാൻ എന്നിവർ ചേർന്ന് സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.