അപകടകരമായ ഡ്രൈവിങ്; മുന്നറിയിപ്പുമായി അധികൃതർ
text_fieldsഅബൂദബി: അപകടകരമായ രീതിയില്‍ വാഹനമോടിച്ചാല്‍ തടവുശിക്ഷ നല്‍കുമെന്ന മുന്നറിയിപ്പുമായി അധികൃതര്‍. മറ്റുള്ളവരുടെ ജീവന് അപകടത്തിലാക്കുന്ന നിലയിലുള്ള ഡ്രൈവിങ്ങിനെതിരെ അബൂദബി ജുഡീഷ്യല്‍ വകുപ്പാണ് സമൂഹമാധ്യമത്തില്‍ മുന്നറിയിപ്പ് നല്‍കിയത്. മറ്റുള്ളവരുടെ സുരക്ഷക്ക് ഭീഷണിയാവുന്ന രീതിയില്‍ വാഹനമോടിച്ചാല്‍ പിഴയോ തടവോ ഇവ രണ്ടും ഒരുമിച്ചോ അനുഭവിക്കേണ്ടി വരും. ട്രാഫിക് നിയമം പാലിക്കണമെന്നും ജുഡീഷ്യല്‍ വകുപ്പ് ഡ്രൈവര്‍മാരോട് നിര്‍ദേശിച്ചു.
ഇതരവാഹനവുമായി അകലം പാലിക്കാതെ ഡ്രൈവ് ചെയ്താല്‍ 400 ദിര്‍ഹവും റോഡിന്റെ വശത്തുനിന്ന് മറികടക്കുന്നതിന് 1000 ദിര്‍ഹവും പിഴ ചുമത്തുന്ന കുറ്റങ്ങളാണ്. അനിവാര്യമായ അകലം പാലിക്കാത്ത ഡ്രൈവര്‍മാര്‍ക്ക് ലൈസന്‍സില്‍ 4 ബ്ലാക്ക് പോയന്റും അപകടകരമായ മറികടക്കലിന് ആറ് ബ്ലാക്ക് പോയന്റും ലഭിക്കും. റെഡ് സിഗ്നല്‍ മറികടക്കുന്നവര്‍ക്ക് മറ്റ് എമിറേറ്റുകളെ അപേക്ഷിച്ച് അബൂദബിയില്‍ ലഭിക്കുക കടുപ്പമേറിയ ശിക്ഷയാണ്.
എന്നിട്ടും അശ്രദ്ധയും അമിത വേഗവും മൂലം നൂറുകണക്കിനു പേരാണ് റെഡ് സിഗ്നല്‍ അപകടം ഉണ്ടാക്കുന്നതും ശിക്ഷ വാങ്ങുന്നതും. യു.എ.ഇ ഫെഡറല്‍ ട്രാഫിക് നിയമപ്രകാരം ചെറിയ വാഹനങ്ങള്‍ റെഡ് സിഗ്നല്‍ മറികടന്നാല്‍ 1000 ദിര്‍ഹമാണ് പിഴ. വലിയ വാഹനങ്ങള്‍ക്ക് 3000 ദിര്‍ഹമാണ് പിഴ ചുമത്തുക. ലൈസന്‍സില്‍ 12 ബ്ലാക്ക് പോയന്റ് ചുമത്തുന്നതിനു പുറമെ വാഹനം 30 ദിവസത്തേക്ക് പിടിച്ചെടുക്കുകയും ചെയ്യും. കാര്‍ വിട്ടുകൊടുക്കണമെങ്കില്‍ ഉടമ 3000 ദിര്‍ഹം ഒടുക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.