‘ഇരുണ്ട ആകാശ’ നയം; വെളിച്ച മലിനീകരണം പരിശോധിക്കും
text_fieldsഅബൂദബി: അനുചിതവും അമിതവുമായ കൃത്രിമ വെളിച്ച സംവിധാനങ്ങൾ നിയന്ത്രിക്കുന്നതിന് എമിറേറ്റിലെ ഓഫിസുകളിലെയും വീടുകളിലെയും വെളിച്ച സംവിധാനങ്ങള്‍ പരിശോധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അബൂദബി പ്രഖ്യാപിച്ച ഇരുണ്ട ആകാശ(ഡാര്‍ക്ക് സ്കൈ)നയത്തിന്റെ ഭാഗമായാണ് വര്‍ധിച്ചുവരുന്ന വെളിച്ച മലിനീകരണം തടയുന്നതിന് നടപടി സ്വീകരിക്കുന്നത്. പദ്ധതിയിലൂടെ മികച്ച ലൈറ്റിങ് രീതികളുടെ രൂപരേഖ അവതരിപ്പിക്കാനാവുമെന്ന് അബൂദബി നഗര, ഗതാഗത വകുപ്പ് പ്രത്യാശ പ്രകടിപ്പിച്ചു.
അനുചിത കൃത്രിമ വെളിച്ച സംവിധാനങ്ങളെ നിയന്ത്രിച്ച് രാത്രികാല ആകാശത്തെ സംരക്ഷിക്കുകയാണ് ഇരുണ്ട ആകാശനയത്തിലൂടെ അധികൃതര്‍ ലക്ഷ്യമിടുന്നത്. വീടുകളിലെയും ഓഫിസുകളിലെയും ഉള്‍വശങ്ങളിലെ വെളിച്ചം രാത്രി പുറത്തേക്ക് വരുന്നതിന്റെ അളവ് അധികൃതര്‍ പരിശോധിക്കും. പൊതു ഇടങ്ങളിലെയും സ്വകാര്യ ഇടങ്ങളിലെയും പുതിയതും പഴയതുമായ ലൈറ്റുകളാണ് അധികൃതർ ആദ്യമായി ലക്ഷ്യമിടുന്നത്.
അതേസമയം സാംസ്കാരിക പരിപാടികളിലെയും മറ്റ് പരിപാടികളിലെയും വെളിച്ച സംവിധാനങ്ങളെ പരിശോധനയില്‍നിന്ന് ഒഴിവാക്കുകയും ചെയ്യും. രാത്രികാല ആകാശസൗന്ദര്യം സംരക്ഷിക്കുകയെന്ന അബൂദബിയുടെ പ്രതിബദ്ധതയാണ് ‘ഇരുണ്ട ആകാശ’നയത്തിലൂടെ വ്യക്തമാവുന്നതെന്ന് നഗര, ഗതാഗത വകുപ്പിലെ ഓപറേഷന്‍സ് വിഭാഗം ഡയറക്ടര്‍ ജനറല്‍ സലിം അല്‍ കഅബി പറഞ്ഞു.
പൊതുകേന്ദ്രങ്ങളിലും തെരുവുകളിലും പാര്‍ക്കുകളിലും ബീച്ചുകളിലും വാണിജ്യകേന്ദ്രങ്ങളിലും കാര്‍ഷിക, വ്യവസായ മേഖലകളിലുമൊക്കെ പുതിയ നയം ബാധകമാണ്. നിയമലംഘകര്‍ക്ക് ഇവ തിരുത്താനുള്ള സമയം അധികൃതര്‍ അനുവദിച്ചു നല്‍കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.