മദേഴ്സ് എൻഡോവ്മെന്റിന് 50 ലക്ഷം ദിർഹം സംഭാവന നൽകി ദാറുൽ ബിർറ്
text_fieldsദുബൈ: ലോകത്താകമാനമുള്ള പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിന് 100 കോടി ദിർഹം സമാഹരിക്കാൻ ലക്ഷ്യമിട്ട് അമ്മമാരുടെ പേരിൽ ആരംഭിച്ച മദേഴ്സ് എൻഡോവ്മെന്റ് കാമ്പയിന് 50 ലക്ഷം ദിർഹം സംഭാവന നൽകി ദുബൈയിലെ ദാറുൽ ബിർറ് സൊസൈറ്റി.
നിലവിൽ യു.എ.ഇ നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പുതിയ പരമ്പരയാണ് മദേഴ്സ് എൻഡോവ്മെന്റിലൂടെ തുടക്കം ദുബൈ കുറിച്ചിരിക്കുന്നതെന്ന് ദാറുൽ ബിർറ് സൊസൈറ്റി സി.ഇ.ഒയും ഡയറക്ടറുമായ ഡോ. മുഹമ്മദ് സുഹൈൽ അൽ മുഹൈരി പറഞ്ഞു.
അധഃസ്ഥിതരായ എല്ലാ ജനവിഭാഗത്തെയും വ്യക്തികളെയും പിന്തുണക്കുകയും അവർക്ക് മികച്ചതും സുരക്ഷിതവും സ്ഥിരതയാർന്നതുമായ ഭാവി കെട്ടിപ്പടുക്കാൻ സഹായിക്കുകയുമാണ് കാമ്പയിൻ ലക്ഷ്യം. ഇത്തരമൊരു സംരംഭത്തെ പിന്തുണക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റമദാനിനോടനുബന്ധിച്ച് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് മദേഴ്സ് എൻഡോവ്മെന്റ് പ്രഖ്യാപിച്ചത്. മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഗ്ലോബൽ ഇനീഷ്യേറ്റിവാണ് കാമ്പയിനിന്റെ സംഘാടകർ.
സ്ഥാപനങ്ങളെ കൂടാതെ വ്യക്തികൾക്കും കാമ്പയിനിലേക്ക് സംഭാവനകൾ അർപ്പിക്കാനാവും. Mothersfund.ae എന്ന വെബ്സൈറ്റ് ഉൾപ്പെടെ ആറു മാർഗങ്ങളിലൂടെയാണ് ഫണ്ട് സ്വരൂപിക്കുന്നത്.
എമിറേറ്റ്സ് ഇസ്ലാമിക് ബാങ്കിന്റെ AE790340003708472909201 എന്ന അക്കൗണ്ട് നമ്പർ ഉപയോഗിച്ചും ഇത്തിസലാത്ത് ബൈ ഇ ആൻഡ് ഉപഭോക്താക്കൾക്ക് 1034, 1035, 1036, 1038 എന്ന് നമ്പറുകളിൽ എസ്.എം.എസ് അയച്ചും സംഭാവനയിൽ പങ്കാളികളാകാം. DubiNow ആപ്പാണ് സംഭാവന നൽകാനുള്ള മറ്റൊരു മാർഗം. Jood.ae പ്ലാറ്റ്ഫോം വഴിയും 8009999 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ചും സംഭാവനകൾ അർപ്പിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.