ദൈദ് ഈത്തപ്പഴ ഉത്സവം 21ന് സമാപിക്കും
text_fieldsഷാർജ: വടക്കൻ എമിറേറ്റുകളുടെ മധുരോത്സവമായ മൂന്നാമത് ദൈദ് ഇത്തപ്പഴ മേളക്ക് ഉജ്ജ്വല തുടക്കം. ദൈദ് സ്പോർട്സ് ക്ലബിൽ നടക്കുന്ന മേള 21 വരെ നീളും. ഉത്സവത്തിൽ സ്വദേശ തോട്ടങ്ങളിലെ ഈത്തപ്പഴങ്ങളും ഉപോത്പ്പന്നങ്ങളുമാണ് നിരത്തിയിരിക്കുന്നത്. ഭക്ഷ്യ സുരക്ഷക്ക് പ്രഥമ സ്ഥാനം കൽപ്പിച്ച് കൊണ്ടാണ് മേള നടക്കുന്നതെന്ന് സംഘാടകരായ ഷാർജ ചേംബർ ഒഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ചെയർമാൻ അബ്ദുല്ല സുൽത്താൻ ആൽ ഉവൈസ് പറഞ്ഞു. ഈന്തപ്പന കൃഷി പരിപോഷിപ്പിക്കുകയും ഇതിലേർപ്പെടുന്ന കർഷകർക്ക് മികച്ച പിന്തുണ ഉറപ്പാക്കുകയുമാണ് മേള ലക്ഷ്യം വെക്കുന്നത്.
മികച്ച പിന്തുണയാണ് ഇതിന് പൊതുജനങ്ങളിൽ നിന്ന് ലഭിക്കുന്നത്. ഓരോവർഷവും സന്ദർശകരും പ്രദർശകരും വർധിക്കുന്നുണ്ട്. ഇത്തവണ നിരവധി സാംസ്കാരിക–പരമ്പരാഗത പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. മേളയിലെത്തുന്നവർക്ക് നിരവധി സമ്മാനങ്ങളും ഇത്തവണയുണ്ടെന്ന് ഉവൈസ് പറഞ്ഞു. ഈന്തപ്പന കൃഷിയിലും ഗവേഷണത്തിലും മുന്നിൽ നിൽക്കുന്ന മേഖലയാണ് ദൈദ്. വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന നിരവധി തോട്ടങ്ങൾ ഇവിടെയുണ്ട്. ആധുനിക കൃഷി സമ്പ്രാദയങ്ങൾക്ക് മുൻഗണന നൽകി കാർഷിക മേഖലയിൽ വലിയ കുതിച്ച് ചാട്ടം ഉണ്ടാക്കിയെടുക്കുവാനും ഉത്സവം ലക്ഷ്യം വെക്കുന്നു. യു.എ.ഇയുടെ തനത് സംസ്കാര മേഖലയിൽ ഈന്തപ്പന കൃഷിയുടെ സ്ഥാനം മുൻപന്തിയിലാണ്.
പൂർവ്വികരുടെ കാൽപാടുകൾ പിന്തുടരുന്ന സാംസ്കാരികമായ ആർദ്രതയിൽ നിന്നാണ് ഇത്തരം ഉത്സവങ്ങൾ പിറക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.