ജന്മദിനം പിതാവിനൊപ്പം ജയിലിൽ ആഘോഷിച്ച് മകൾ
text_fieldsദുബൈ: സെന്‍ട്രൽ ജയിലിൽ അന്തേവാസിയായ പിതാവിനൊപ്പം ജന്മദിനം ആഘോഷിക്കാനുള്ള മകളുടെ ആഗ്രഹം സാക്ഷാത്കരിച്ചു നൽകി ദുബൈ പൊലീസ്. കഴിഞ്ഞ ദിവസമാണ് പിതാവും മകളും തമ്മിലുള്ള അപൂർവ സംഗമത്തിന് ദുബൈ സെൻട്രൽ ജയിൽ സാക്ഷിയായത്.
യു.എ.ഇ പൗരനല്ലാത്ത ഇദ്ദേഹം ജോലി ആവശ്യാർഥമാണ് ആറു വർഷം മുമ്പ് യു.എ.ഇയിലെത്തുന്നത്. എന്നാൽ, ചില സാമ്പത്തിക കുറ്റകൃത്യങ്ങളുടെ പേരിൽ ജയിലിൽ അകപ്പെടുകയായിരുന്നു.
പിന്നാലെ കോവിഡ് മൂലം ലോകം മുഴുവൻ സ്തംഭിച്ചതോടെ കുടുംബവുമായി ബന്ധപ്പെടാനും സാധിച്ചില്ല. ആറു വർഷത്തിന് ശേഷം കുടുംബവുമൊത്ത് ദുബൈയിലെത്തിയ മകൾ പിതാവിനെ കാണാനുള്ള തന്റെ ആഗ്രഹം ദുബൈ പൊലീസിനെ അറിയിക്കുകയായിരുന്നു.
തുടർന്ന് നടപടികൾ പൂർത്തിയാക്കിയ പൊലീസ് മകളെ ജയിലിലെത്തിച്ചു. സർപ്രൈസ് നൽകാനായി ഈ വിവരം പൊലീസ് അദ്ദേഹത്തിൽ നിന്നും മറച്ചുവെച്ചിരുന്നു. മകളെ അപ്രതീക്ഷിതമായി ജയിലിൽ വെച്ച് കണ്ട പിതാവ് അവളെ കെട്ടിപ്പിടിച്ചു കരഞ്ഞു. ഇരുവരും ചേർന്ന് കേക്ക് മുറിച്ച് ജന്മദിനം ആഘോഷിക്കാനുള്ള സൗകര്യവും പൊലീസ് ചെയ്തുനൽകിയിരുന്നു.
ജയിൽ അന്തേവാസികൾക്ക് സന്തോഷം പകരുന്നതിനാണ് ഇത്തരമൊരു കൂടിക്കാഴ്ചക്ക് അനുമതി നൽകിയതെന്ന് ജയിൽ വകുപ്പ് ഡയറക്ടർ ബ്രിഗേഡിയർ മർവാൻ അബ്ദുൽ കരിം പറഞ്ഞു. ദുബൈ ജയിലിൽ ഒരുക്കിയിട്ടുള്ള വിഷ്വൽ കമ്യൂണിക്കേഷൻ സംവിധാനം വഴി രാജ്യത്തിനകത്തും പുറത്തുമുള്ള ബന്ധുക്കളുമായി ജയിൽ അന്തേവാസികൾക്ക് സംവദിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.