കടലുകൾക്കപ്പുറം മകളുടെ വിവാഹം: നിക്കാഹിന് പിതാവ് സാക്ഷിയായത് ജയിലിലിരുന്ന്
text_fieldsഷാർജ: ഏതൊരു പിതാവും ഏറെ സന്തോഷത്തോടെ കാത്തിരിക്കുന്ന സുദിനമാണ് മക്കളുടെ വിവാഹ നാൾ. പക്ഷേ, ഈ പിതാവിന് അത് കണ്ണീർ ദിനമായിരുന്നു. നാട്ടിൽ മകളുടെ നിക്കാഹ് നടക്കുന്നു, പങ്കെടുക്കാൻ പോയിട്ട് ഒന്നു കാണാൻ പോലും കഴിയില്ലെന്ന ആശങ്കയിലായിരുന്നു ഷാർജ ജയിലിലെ തടവുപുള്ളിയായ ഇയാൾ.
നടക്കില്ലെന്നറിഞ്ഞിട്ടും വിവാഹത്തിന് സാക്ഷിയാകണമെന്ന ആഗ്രഹം ജയിൽ അധികൃതരുമായി പങ്കുവെച്ചു. ഇത് ഉന്നതാധികാരികളെ അറിയിച്ചപ്പോൾ ലഭിച്ച മറുപടി ഞെട്ടിക്കുന്നതായിരുന്നു. ചടങ്ങുകൾ കാണാനും ആശയവിനിമയം നടത്താനും ജയിലിലെ ഇലക്ട്രോണിക് പ്ലാറ്റ്ഫോം വഴി സൗകര്യം ഒരുക്കാനായിരുന്നു ഉത്തരവ്. ഇതിനുള്ള എല്ലാ ഒരുക്കവും പൊലീസ് മേൽനോട്ടത്തിൽ ചെയ്തു.
ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്നവർക്ക് ജീവിതവുമായി ഇനിയും ഏറെ ദൂരം പോകാനുണ്ടെന്ന് ലോകത്തെ സദാ ഉണർത്തുന്നയാളാണ് ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. ജയിലിൽ കഴിയുന്നവർക്ക് കുടുംബവുമായി ബന്ധപ്പെടാനായി മാത്രം നിരവധി പുതുമകളാണ് സുൽത്താൻ അവതരിപ്പിച്ചത്.
അന്തേവാസികൾക്ക് അവരുടെ കുടുംബങ്ങളുമായി ഇലക്ട്രോണിക് പ്ലാറ്റ്ഫോം വഴി ആശയവിനിമയം നടത്താൻ ജയിൽ അധികൃതർ എല്ലായ്പ്പോഴും ശ്രദ്ധാലുവാണെന്ന് ഷാർജ പൊലീസിലെ ശിക്ഷ, തിരുത്തൽ സ്ഥാപന വകുപ്പ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ അഹ്മദ് അബ്ദുൽ അസീസ് ശുഹൈൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.