വീടുകളിൽ ഫയർ അലാറം ഘടിപ്പിക്കാൻ സമയപരിധി അവസാനിച്ചു
text_fieldsദുബൈ: വീടുകളിലും ഫ്ലാറ്റുകളിലും ഫയർ അലാറം സംവിധാനമായ ‘ഹസ്സൻതുക്’ സബ്സ്ക്രൈബ് ചെയ്യാനായി ആഭ്യന്തര മന്ത്രാലയം നിശ്ചയിച്ച സമയപരിധി ജനുവരി ഒന്നിന് അവസാനിച്ചതോടെ പിഴ ഈടാക്കാനുള്ള നടപടികൾ ആരംഭിച്ചു. പ്രാഥമിക മുന്നറിയിപ്പ് എന്ന നിലയിൽ നിയമലംഘകർക്ക് 1000 ദിർഹമാണ് പിഴ വിധിക്കുക.
ഇത്തിസലാത്ത് ബൈ ഇ ആൻഡ് നെറ്റ്വർക്കുമായി ബന്ധിപ്പിച്ചാണ് ‘ഹസ്സൻതുക്’ സംവിധാനം പ്രവർത്തിപ്പിക്കുന്നത്. കമാൻഡ് റൂമുമായി നേരിട്ട് ബന്ധിപ്പിച്ചിട്ടുള്ള ഹസ്സൻതുക് സംവിധാനത്തിലൂടെ തീപിടിത്തം പോലുള്ള അത്യാഹിതങ്ങൾ സംഭവിച്ചാൽ സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർക്ക് ജാഗ്രത നിർദേശം ലഭിക്കും. ഇതുവഴി അതിവേഗത്തിൽ സംഭവസ്ഥലത്ത് എത്തിപ്പെടാനും അപകടങ്ങൾ ഒഴിവാക്കാനും സാധിക്കും.
രാജ്യത്ത് തീപിടിത്തത്തിലൂടെ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെടുന്ന സാഹചര്യങ്ങൾ വർധിച്ചതോടെ 2020 സെപ്റ്റംബറിൽ ആണ് മുഴുവൻ റസിഡൻഷ്യൽ കെട്ടിടങ്ങളിലും ഹസ്സൻതുക് സംവിധാനം നിർബന്ധമാക്കാൻ ഭരണകൂടം തീരുമാനിച്ചത്. തുടർന്ന് സെപ്റ്റംബറിൽ ദുബൈ ഒഴികെയുള്ള എമിറേറ്റുകളിലെ 43,000 വീടുകളിൽ സംവിധാനം ഘടിപ്പിച്ചതായും അധികൃതർ വ്യക്തമാക്കി.
ഇതുവഴി 400ലധികം തീപിടിത്ത സംഭവങ്ങൾ തടയാൻ കഴിഞ്ഞതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അപ്പാർട്മെന്റ് കോംപ്ലക്സുകൾ എന്നനിലയിൽ വീടുകൾ/ഫ്ലാറ്റ് ഉടമകൾക്കാണ് സുരക്ഷ ഉപകരണങ്ങൾ ഘടിപ്പിക്കാനും ഹസ്സൻതുക് സബ്സ്ക്രൈബ് ചെയ്യാനുമുള്ള ചുമതല.
നിയമം പാലിക്കാത്തവർക്ക് പിഴ ഈടാക്കുന്നതിന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകും. ശേഷമായിരിക്കും പിഴ ഈടാക്കുക. വീടുകളിൽ ഘടിപ്പിച്ചിട്ടുള്ള ഫയർ അലാറം താമസക്കാരോ മറ്റോ നശിപ്പിച്ചാൽ 1000 ദിർഹം പിഴ ഈടാക്കും.ഫയർ അലാറം ആക്ടിവേറ്റ് ചെയ്ത വീടുകളിൽ അത് പരിശോധിക്കുന്നതിനായി ഹസ്സൻതുക് കമാൻഡ് സെന്ററിൽനിന്ന് വിളിക്കും. മൂന്നു തവണ ഈ കാളിനോട് പ്രതികരിച്ചില്ലെങ്കിൽ 200 ദിർഹമായിരിക്കും പിഴ. 257 ദിർഹമാണ് സംവിധാനത്തിന്റെ പ്രതിമാസ സബ്സ്ക്രിപ്ഷൻ ചാർജ്. 24 മാസത്തേക്ക് 5,903 ദിർഹമാണ് ഈടാക്കുന്നത്. സേവനം ആവശ്യമുള്ളവർ ഹസ്സൻതുക് വെബ്സൈറ്റ് വഴിയോ 80022220 എന്ന നമ്പറിലോ ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.