യുവാക്കളെ ലക്ഷ്യംവെച്ച് മാരക മയക്കുമരുന്നുകൾ
text_fieldsദുബൈ: യുവാക്കളെ ലക്ഷ്യംവെച്ച് മാരക മയക്കുമരുന്ന് വിപണിയിലെത്തിക്കാൻ മാഫിയകൾ ശ്രമിക്കുന്നതായ സൂചനകൾ ലഭിച്ച സാഹചര്യത്തിൽ ജാഗ്രത വേണമെന്ന് അധികൃതർ. 45 ലക്ഷം കാപ്തഗണ്‍ കാപ്സ്യൂളുകൾ അബൂദബിയിലും 3.28 കോടി മയക്കുമരുന്ന് ഗുളികകൾ ദുബൈ ജബൽ അലിയിലും പിടികൂടിയ സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി പൊലീസും മറ്റനുബന്ധ സംവിധാനങ്ങളും രംഗത്തെത്തിയത്. സമൂഹത്തിന് കൂടുതൽ ഗുരുതരമായ ഭീഷണികൾ സൃഷ്ടിക്കുന്ന പുതിയതരം മയക്കു മരുന്നുകളാണ് പൊലീസ് അടുത്തിടെ കണ്ടെത്തിയിരിക്കുന്നത്. അവയിൽ ചിലത് മരണത്തിന് പോലും കാരണമാകുമെന്നാണ് വ്യക്തമാകുന്നത്.
കരവഴിയും കടൽമാർഗവും മയക്കുമരുന്നുകൾ എത്തിക്കാൻ വിവിധ രീതികൾ മാഫിയകൾ ഉപയോഗിക്കുന്നുണ്ടെങ്കിലും യു.എ.ഇയിലെ നിയമപാലന സംവിധാനങ്ങൾക്ക് ഇവ തകർക്കാൻ സാധിക്കുന്നുണ്ട്. മനുഷ്യശരീരത്തിലും മൃഗങ്ങളിലും വരെ ഒളിപ്പിച്ച് മയക്കുമരുന്നുകൾ കടത്തുന്നുണ്ട്. എന്നാൽ, ശക്തമായ നിരീക്ഷണത്തിലൂടെ ഇവയെല്ലാം കണ്ടെത്താൻ സാധിക്കുന്നുണ്ട്. ഫുഡ് കണ്ടെയ്നറുകളിലാക്കിയാണ് അബൂദബിയിൽ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചത്. യു.എ.ഇയില്‍ എത്തിച്ച ശേഷം ഇവ മറ്റൊരു രാജ്യത്തേക്ക് കടത്താനായിരുന്നു നീക്കം. ജബൽഅലി തുറമുഖത്ത് ദുബൈ കസ്റ്റംസ് നടത്തിയ പരിശോധനയിൽ ഭക്ഷണസാധനങ്ങളുടെയും മെഡിക്കൽ ഉപകരണങ്ങളുടെയും ചരക്കിനിടയിൽ ഒളിപ്പിച്ച നിലയിലാണ് ഗുളികകൾ കണ്ടെത്തിയത്. ഏഷ്യൻ രാജ്യത്തുനിന്നാണ് മിക്ക മയക്കുമരുന്നുകളും എത്തിക്കുന്നത്. മേഖലയിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള മയക്കുമരുന്ന് എന്ന നിലയിലാണ് കാപ്തഗൺ ഗുളികകൾ അറിയപ്പെടുന്നത്.
ഇ-സിഗരറ്റുകളിലും ഐ ഡ്രോപ്പുകളിലും ഒഴിച്ച് ഉപയോഗിക്കുന്ന രീതിയിലുള്ള മയക്കുമരുന്നുകളും എത്തിക്കുന്നുണ്ട്. ലിക്വിഡ് രൂപത്തിൽ വരുന്ന ‘സ്പൈസ്’ എന്ന സിന്തറ്റിക് കഞ്ചാവ് ഉൾപ്പെടെയുള്ള മിശ്രിത മയക്കുമരുന്നുകൾ ഇ-സിഗരറ്റിനൊപ്പം യുവാക്കൾ ഉപയോഗിക്കുന്നുണ്ടെന്ന് ഈയടുത്ത് പഠനം തെളിയിച്ചിരുന്നു. ഇ-സിഗരറ്റുകൾ അപകടകരമല്ല എന്ന പൊതുബോധമുള്ളതിനാൽ വീടുകളിലും വാണിജ്യ കേന്ദ്രങ്ങളിലും ജോലി സ്ഥലങ്ങളിലും ഉപയോഗിക്കാൻ എളുപ്പമാണ്. ഇത് ദുരുപയോഗം ചെയ്യാനാണ് ഇ-സിഗരറ്റുകളിൽ ഒഴിക്കുന്ന രീതിയിലുള്ള മയക്കുമരുന്നുകൾ തയാറാക്കുന്നത്. ഇത്തരം മയക്കുമരുന്നുകൾ യുവാക്കളെയാണ് പ്രധാനമായും ലക്ഷ്യംവെക്കുന്നത്. രക്ഷിതാക്കളും അധ്യാപകരും കുട്ടികൾക്ക് ഇതുസംബന്ധിച്ച് ശരിയായ ബോധവത്കരണം നൽകണമെന്ന് അധികൃതർ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.