'പ്രിയപ്പെട്ട ഷുെഎബ്, നിങ്ങൾക്ക് ലഭിച്ച ജോലി വാഗ്ദാനം വ്യാജമാണ്'
text_fieldsദുബൈ: ഇന്ത്യൻ കോൺസുലേറ്റിെൻറ പി.ബി.എസ്.കെ ആപ് വഴി യുവാവ് രക്ഷപ്പെട്ടത് വൻ ജോലി തട്ടിപ്പിൽ നിന്ന്. ഷുഐബ് കൈഷ് എന്ന യുവാവിനാണ് കോൺസുലേറ്റ് തുണയായത്. ഡി.പി വേൾഡിെൻറ പേരിലുള്ള ജോലി വാഗ്ദാനമാണ് ഷുെഎബിന് ലഭിച്ചത്. 3,470 ദിർഹമായിരുന്നു വാഗ്ദാനം. ക്യൂ ആർ കോഡ് അടക്കം ഒറിജിനൽ എന്ന് തോന്നുന്ന തരത്തിലുള്ള കത്താണ് ലഭിച്ചത്. ഇ-മെയിൽ വഴി ലഭിച്ച ഓഫർ ലെറ്റർ ശരിയാണോ എന്നറിയാൻ സഹായിക്കണമെന്നാവശ്യപ്പെട്ട് ഇയാൾ ട്വീറ്റ് ചെയ്തു.
ഇന്ത്യൻ കോൺസുലേറ്റിനെ ടാഗ് ചെയ്യുകയും ചെയ്തു. ഓഫർ ലെറ്റർ സഹിതമാണ് ട്വീറ്റ് ചെയ്തത്. പി.ബി.എസ്.കെ ആപ് വഴി വിഷയം അന്വേഷിച്ച ഇന്ത്യൻ കോൺസുലേറ്റ് ഷുഐബിന് റീ ട്വീറ്റ് ചെയ്യുകയായിരുന്നു. താങ്കൾക്ക് ലഭിച്ച ജോബ് ഓഫർ വ്യാജമാണെന്നും തട്ടിപ്പിൽ വീഴാതിരിക്കാൻ പി.ബി.എസ്.കെ ആപ് ഉപയോഗിക്കണമെന്നും താങ്കളുടെ സുഹൃത്തുക്കളെയും ഇക്കാര്യം അറിയിക്കണമെന്നും കോൺസുലേറ്റ് ട്വിറ്റർ വഴി അറിയിച്ചു. കഴിഞ്ഞദിവസം 64 ഇന്ത്യക്കാർ ജോലി തട്ടിപ്പിനിരയായി ഷാർജയിൽ കുടുങ്ങിയ വാർത്ത വന്നിരുന്നു. ജോലി വാഗ്ദാനം ചെയ്ത് വിസിറ്റിങ് വിസയിലെത്തിച്ച ഇവരെ ഏജൻറുമാർ ചതിക്കുകയായിരുന്നു.
എന്താണ് പി.ബി.എസ്.കെ ആപ്
സാധാരണക്കാരായ പ്രവാസികൾക്ക് നിയമസഹായം അടക്കം നൽകാൻ പ്രവാസി ഭാരതീയ സഹായത കേന്ദ്രം ഏർപ്പെടുത്തിയ സംവിധാനമാണ് പി.ബി.എസ്.കെ ദുബൈ. ഇതിെൻറ മൊബൈൽ ആപ് വഴി ജോലി തട്ടിപ്പ് കണ്ടുപിടിക്കാൻ കഴിയും. ഇതിലെ ജോബ് ഓഫർ വെരിഫിക്കേഷൻ സംവിധാനം വഴി നമുക്ക് ലഭിച്ച ഓഫർ ലെറ്റർ അപ്ലോഡ് ചെയ്യാം.
ജോലി വ്യാജനാണോ ഒറിജിനലാണോ എന്ന വിവരം അധികൃതർ അറിയിക്കും. മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നട, ഹിന്ദി ഭാഷകളിൽ സഹായം ലഭിക്കും. സംശയങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെൻററും (80046342) ഉണ്ട്. പ്രവാസികൾക്ക് അവരുടെ പ്രശ്നങ്ങൾ അധികൃതർക്ക് മുന്നിലെത്തിക്കാനും ആപ് സഹായിക്കും. പത്തോളം സർവിസുകൾ ആപ്പിൽ ലഭ്യമാണ്. ഗാർഹിക തൊഴിലാളികളും ഡ്രൈവർമാരും നേരിടുന്ന ചൂഷണം, പാസ്പോർട്ട് തടഞ്ഞുവെക്കൽ, താമസവും ഭക്ഷണവും നൽകാതിരിക്കൽ തുടങ്ങിയ കാര്യങ്ങളും ആപ് വഴി പരാതിപ്പെടാം. വിവാഹം, വിവാഹ മോചനം, തുടങ്ങിയ നടപടികൾക്ക് ആവശ്യമായ സഹായം ആപിൽ ലഭിക്കും.
നിയമ, സാമ്പത്തിക പ്രശ്നങ്ങളിൽപ്പെടുന്നവർക്ക് കൗൺസിലിങ് സർവിസും നൽകും. ഏതെങ്കിലും വിഷയത്തിൽ നാട്ടിൽ നൽകിയ പരാതിയുടെ സ്റ്റാറ്റസ് അറിയുന്നതിന് എൻ.ആർ.ഐ കംപ്ലയിൻറ് സംവിധാനവുമുണ്ട്. പാസ്പോർട്ട് പുതുക്കൽ, പുതിയത് എടുക്കൽ, നഷ്ടമാകൽ, നശിച്ചുപോകൽ എന്നിവയെ കുറിച്ച വിവരങ്ങളും ആപ് പകർന്നുനൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.