അജ്മാനില്‍ അണിഞ്ഞൊരുങ്ങിയ ആനകള്‍
text_fieldsആനകള്‍ മലയാളികളുടെ വല്ലാത്തൊരു ദൗര്‍ബല്യമാണ്. മലയാളികളുടെ ആഘോഷങ്ങള്‍ക്ക് പൊലിമ നല്കണമെങ്കില് ആനകളുടെ സാന്നിധ്യം അത്യാവശ്യമാണ്. പൂരങ്ങള്‍, നേര്‍ച്ചകള്‍, പള്ളിപ്പെരുന്നാളുകള്‍ എന്ന് തുടങ്ങി ആഘോഷ മാമാങ്കങ്ങള്‍ക്ക് ആനയുടെ സാന്നിധ്യം നിറവേകും. മലയാളികള്‍ ആനപ്രേമി കൂട്ടായ്മ വരെ രൂപീകരിച്ചിട്ടുണ്ട്. പണ്ട് കാലത്ത് വിദൂരങ്ങളിലേക്ക് ആനകളെ നടത്തിക്കൊണ്ട് പോകാറുണ്ടായിരുന്നെങ്കില്‍ ഇന്ന് അത് സാധ്യമല്ല.
ആനപ്രേമികളുടെ ഇടപെടല്‍ മൂലം ആനകളെ നടത്തുന്നത് സര്‍ക്കാര്‍ നിയമംമൂലം നിരോധിച്ചിരിക്കുകയാണ്. ഗള്‍ഫ് പ്രവാസികളെ സംബന്ധിച്ച് ആനയെ കാണുക എന്നതും ആനപുറത്ത് കയറുക എന്നതും നാട്ടില്‍ പോകുമ്പോള്‍ മാത്രം നടക്കുന്ന കാര്യമാണ്. ആനപ്രേമികളായ പ്രവാസികള്‍ പൂര സീസണുകള്‍ കണക്കാക്കി നാട്ടില്‍ പോകുന്നവരുമുണ്ട്. വര്‍ഷങ്ങളായി പ്രവാസ ലോകത്ത് മലയാളികളുടെ നിരവധി ആഘോഷങ്ങള്‍ ഗംഭീരമായി നടക്കാറുണ്ടെങ്കിലും ആനയുടെ ഒരു കുറവ് ഈ പരിപാടികളില്‍ മുഴച്ച് നില്‍ക്കാറുണ്ട്.
ഈ കുറവ് പരിഹരിക്കാന്‍ പല ശ്രമങ്ങളും നടത്തിയിരുന്നു. അപ്പോഴാണ് ആനയുടെ അതേ രൂപം നിര്‍മ്മിക്കുന്ന ചാലക്കുടിക്കാരായ യുവാക്കളുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍ ആകുന്നത്. ആനയുടെ ഒത്ത ശരീര മാതൃകയില്‍ ഇവര്‍ നിര്‍മിച്ച ആനയുടെ രൂപം ഏറെ ശ്രദ്ധ നേടിയിരുന്നു. പതിവായി നടക്കാറുള്ള ദുബൈയിലെ തൃശൂര്‍പൂര ആഘോഷങ്ങള്‍ക്ക് പൊലിമ കൂട്ടാന്‍ ആനയുടെ സാന്നിധ്യം കൂടി വേണമെന്ന് സംഘാടകര്‍ തീരുമാനിച്ചതോടെയാണ് ആനകളെ കടല്‍ കടത്താനുള്ള മോഹങ്ങള്‍ക്ക് വീണ്ടും ജീവന് വെക്കുകയായിരുന്നു. എന്നാല്‍ ഇവരുടെ കയ്യില്‍ രണ്ട് ആനകളേ ഉണ്ടായിരുന്നുള്ളൂ.
മൂന്നെണ്ണം വേണമെന്ന നിശ്ചയത്തിെൻറ അടിസ്ഥാനത്തില്‍ ഒരു ആനയെ കൂടി ഉണ്ടാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിെൻറ അടിസ്ഥാനത്തില്‍ അജ്മാനില്‍ കമ്പനി നടത്തുന്ന രാജേഷ് മേനോന് ഇതിനു മുന്‍കൈയെടുക്കുകയായിരുന്നു. നാട്ടില്‍ ആനയെ നിമ്മിച്ച ചാലക്കുടി സ്വദേശികളായ റോബിന്, പ്രശാന്ത്, സാന്റോ, ജിനേഷ് എന്നിവരെ ഇതിനായി യു.എ.ഇയിലേക്ക് കൊണ്ടുവരാനും അദ്ദേഹം തീരുമാനിച്ചു. നിര്‍മാണത്തിന് ഓന്നര മാസം നീളുന്ന പണികള്‍ ആവശ്യമുള്ളതിനാല്‍ റോബിന്, പ്രശാന്ത് എന്നിവരെ ആദ്യം കൊണ്ടുവന്നു. ഇവരുടെ കരവിരുതില്‍ അജ്മാനില്‍ ആനയെ നിര്‍മ്മിക്കാന്‍ തുടങ്ങി.
ആദ്യം നിര്‍മ്മിച്ച ആനകളുടെ എല്ലാ പോരായ്മകളും തീരത്ത് യഥാര്‍ത്ഥ ആനയെ കിടപിടിക്കുന്ന ഒരു കിടിലന്‍ ആനയെയാണ് ഈ ചാലക്കുടിക്കാര്‍ നിര്‍മ്മിച്ചിരിക്കുന്നത്. നാട്ടില്‍ കിട്ടാത്ത മികച്ച സംവിധാനങ്ങളും സാമഗ്രികളും ഈ പെര്ഫെക്ഷന് മുതല്കൂട്ടായതായി ഇവര്‍ വ്യക്തമാക്കുന്നു. അറേബ്യന്‍ ചരിത്രത്തില്‍ അബ്രഹത്തിെൻറ ആനപ്പടയെ കേട്ട് പരിചയമുള്ള അറബികളും മറ്റു വിദേശികളും നിര്‍മ്മാണം നടന്നു കൊണ്ടിരിക്കെ ഈ ആനയെ കാണാനും ഒപ്പം നിന്ന് ഫോട്ടോയെടുക്കാനും തിരക്ക് കൂട്ടുകയാണ്. ആനയെ കാണാനും ഫോട്ടോയെടുക്കുവാനും ഇവിടെയെത്തിയവര്‍ ചെവിയും തലയും തുമ്പികയും, പിന്നിലെ വാലും അനങ്ങുമ്പോള്‍ ഭയത്തോടെ ഓടി മാറുന്നത് കാണുമ്പോള്‍ തന്നെ മനസ്സിലാക്കാം ആനയുടെ പെര്ഫെക്ഷന്.
നാലു പേര്‍ക്ക് ഒരേ സമയം ഈ ആനയുടെ പുറത്ത് കയറാനുള്ള സൗകര്യവുമുണ്ട്. നാട്ടില്‍ നിന്നും കൊണ്ട് വന്ന ആനകള്‍ക്ക് നാനൂറു കിലോയാണെങ്കില്‍ യു.എ.ഇയില്‍ നിര്‍മ്മിച്ച ആനക്ക് അഞ്ഞൂറിലേറെ കിലോ ഭാരം വരുമെന്ന് നിർമാതാക്കള്‍ പറയുന്നു. തുമ്പിക്കൈ കൊണ്ട് ആന വെള്ളം ചീറ്റുന്നതും അലമുറയിടുന്നതും സാങ്കേതിക വിദ്യയുടെ സഹായത്താല്‍ ഒരുക്കിയ ഇവര്‍ ഇനിയും ഒരവസരം കിട്ടിയാല്‍ ഇതിലും മികച്ച സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിർമിക്കാനുള്ള ഒരുക്കത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.