അവധിദിനത്തിൽ ദീപാവലി ആഘോഷം കെങ്കേമമാക്കി പ്രവാസികള്‍
text_fieldsദുബൈ: നാടു വിട്ടാലും ആഘോഷങ്ങള്‍ മറക്കാത്ത പ്രവാസികള്‍ കൃഷ്ണപക്ഷത്തിലെ ഉത്സവ രാവുകള്‍ ആടിയും പാടിയും സന്തോഷഭരിതമാക്കി. 18ന് തെന്നിന്ത്യയുടെയും 19ന് വടക്കെ ഇന്ത്യയുടെയും ആഘോഷദിനങ്ങളായിരുന്നുവെങ്കിലും അവധി ദിനമായിരുന്ന 20നാണ് യു.എ.ഇ യിലെ ഇന്ത്യൻ^നേപ്പാളി സമൂഹം ദീപാവലി മനസ്സറിഞ്ഞ് കൊണ്ടാടിയത്. കുടുംബാംഗങ്ങള്‍ക്ക് ഒത്തുചേരാനുള്ള സൗകര്യത്തിനായും പലരും പ്രധാന ആഘോഷങ്ങള്‍ വാരാന്ത്യത്തിലേക്ക് മാറ്റിയിരുന്നു.
വ്യാഴാഴ്ച വൈകീട്ട് ദുബൈ അബ്ര പരിസരത്ത് വിവിധ സംസ്ഥാനക്കാര്‍ ഒത്തുകൂടി സന്തോഷം പങ്കിട്ടു . രാത്രിയോടെ കരിമരുന്ന് പ്രയോഗങ്ങളും നടന്നു. വെള്ളിയാഴ്ച്ച പുലര്‍ച്ചെ വരെയും അബ്ര പരിസരം പതിവില്‍ കവിഞ്ഞ ജനത്തിരക്കായിരുന്നു .
പടക്കം പൊട്ടിച്ചും പൂത്തിരികള്‍ കത്തിച്ചും മണ്‍വിളക്കുകളില്‍ തിരി കൊളുത്തിയുമാണ് സ്ത്രീകളും കുട്ടികളും വെളിച്ചത്തിെൻറയും ഐശ്വര്യത്തിെൻറയും ആഘോഷത്തെ വരവേറ്റത്.
വടക്കേ ഇന്ത്യക്കാര്‍ കൂടുതലായി താമസിക്കുന്ന ബര്‍ദുബൈയില്‍ ദീപാവലിയുടെ പൊലിമ എങ്ങും കാണാമായിരുന്നു. ദീപങ്ങളാല്‍ അലംകൃതമാക്കിയ വീടുകളും കടകളും തെരുവുകളും നഗരത്തിന് ഉത്സവച്ഛായ പകര്‍ന്നു. കടകളില്‍ നിരന്നുനിന്ന പലഹാരങ്ങള്‍ ആഘോഷത്തിന് മാധുര്യം കൂട്ടി. യു.എ.ഇ.യില്‍ പടക്കം പൊട്ടിക്കുന്നത് നിയമപരമായി നിരോധിതമാകയാൽ കമ്പിപ്പൂത്തിരി പോലുള്ളവയും ചെറിയ പടക്കങ്ങളും പൊട്ടിച്ചായിരുന്നു പ്രധാന ആഘോഷം.
ബര്‍ദുബൈയിലെ ശിവ,ശ്രീകൃഷ്ണ ക്ഷേത്രങ്ങളില്‍ ബുധനാഴ്ച്ച മുതല്‍ തന്നെ ദീപാവലി ആരാധനക്കുള്ള തിരക്കുണ്ടായിരുന്നെങ്കിലും വ്യാഴാഴ്ച വൈകീട്ടും വെള്ളിയാഴ്ച കാലത്തും പതിവില്‍ കവിഞ്ഞ തിരക്കാണുണ്ടായത്.
ഇന്നലെ പുലര്‍ച്ചെയും വൈകുന്നേരം മുതലും പ്രത്യേക പൂജാ കര്‍മങ്ങള്‍ നടന്നു. രാത്രി ഏറെ വൈകിയും ഭക്തര്‍ പൂജക്കായി ക്ഷേത്രത്തിലെത്തിയിരുന്നു. തിരക്ക് നിയന്ത്രിക്കാനായി തെക്കെ ഇന്ത്യക്കാര്‍ക്കും വടക്കേ ഇന്ത്യക്കാര്‍ക്കും വെവ്വേറെ ദിവസങ്ങളാണ് പൂജക്കായി അനുവദിച്ചത്. ക്ഷേത്രപരിസരങ്ങളില്‍ ദീപാവലി ‘സ്‌പെഷല്‍’ പൂക്കളുടെയും പൂജാസാമഗ്രികളുടെയും വില്പനയും സജീവമായുണ്ടായിരുന്നു.
ഒരാഴ്ചയോളം നീളുന്ന വര്‍ണാഭമായ പരിപാടികളാണ് ദുബൈയിലും അബുദാബിയിലും പ്രധാന വിനോദകേന്ദ്രങ്ങളും ഷോപ്പിങ് മാളുകളും ദീപാവലിയുടെ ഭാഗമായി നടത്തി വരുന്നത്.
ഇന്ത്യന്‍ നര്‍ത്തകരുടെ പരമ്പരാഗത നൃത്തനൃത്യങ്ങളും രസകരങ്ങളായ മത്സരങ്ങളുമാണ് ബുര്‍ജുമാനില്‍ ഇന്നലെ നടന്നത്. ഷിന്ദഗ സിറ്റി സെൻററില്‍ കുട്ടികള്‍ക്ക് രംഗോളി വരക്കാനും മൈലാഞ്ചിയിടാനും അവസരമാരുക്കിയിരുന്നു. ദീപക്കാഴ്ച്ചകളുമായി ഫെസ്റ്റിവല്‍ സിറ്റിയില്‍ നിഴലും വെളിച്ചവും വെള്ളവും ചേര്‍ന്ന ഇമാജിന്‍ ഷോ ത്രിമാന പ്രദര്‍ശനം ഞായറാഴ്ച വരെയുണ്ട്. അബൂദബിയിൽ ഫെരാറി വേള്‍ഡിലാണ് പ്രധാന ദീപാവലി പരിപാടികള്‍ നടന്നത്.കഥകളി, കഥക്, കുച്ചിപ്പുഡി തുടങ്ങിയ തനത് ഇന്ത്യന്‍ കലാരൂപങ്ങൾ അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.