ചെരാതുകൾ തെളിഞ്ഞു; ദീപാവലി അരികിൽ
text_fieldsദുബൈ: വെളിച്ചത്തിെൻറ ഉത്സവമായ ദീപാവലി കൊണ്ടാടാനൊരുങ്ങി പ്രവാസി സമൂഹവും. പൂത്തിരി കത്തിച്ചും മൺചെരാതുകൾ കൊളുത്തിയും സ്ത്രീകളും കുട്ടികളും ആഘോഷ പരിപാടികള്‍ക്ക് ഇന്നലെ രാത്രി തന്നെ തുടക്കമിട്ടുകഴിഞ്ഞു. ദക്ഷിണേന്ത്യൻ സമൂഹം നാളെയും ഉത്തരേന്ത്യക്കാര്‍ വ്യാഴാഴ്ചയുമാണ് ദീപാവലി ആഘോഷിക്കുക. ഒരാഴ്ച മുന്‍പുതന്നെ വിപണിയില്‍ ദീപാവലി വിഭവങ്ങള്‍ നിറഞ്ഞിരുന്നു. ലഡു, ജിലേബി, മൈസൂര്‍പാ, ഹല്‍വ തുടങ്ങിയ സാധാരണ മധുരങ്ങൾക്ക് പുറെമ ദീപാവലിയുടെ സ്പെഷ്യലായ ലാഹോറി ബര്‍ഫികള്‍, കേസരി പേഡാ, കറാച്ചി ഹല്‍വ, രസ്മധുരി തുടങ്ങിയ വിഭവങ്ങളുടെ കച്ചവടവും പൊടിപൊടിക്കുന്നു. ഗുജറാത്തി, പഞ്ചാബി കുടുംബങ്ങള്‍ വിഭവങ്ങള്‍ തയാറാക്കി സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും എത്തിക്കുന്ന പതിവും ദീപാവലിക്കുണ്ട്. ചില വിശ്വാസികള്‍ ഓഫീസുകളില്‍ വിവിധ രാജ്യക്കാരായ സഹ പ്രവര്‍ത്തകര്‍ക്കൊപ്പം ആഘോഷം പങ്കിടാന്‍ മധുര പലഹാരങ്ങള്‍ ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്.
ഫ്ലാറ്റുകളും വില്ലകളും ദീപങ്ങള്‍കൊണ്ട് അലങ്കരിച്ചും, ബൊമ്മക്കൊലു ഒരുക്കിയുമാണ് ആഘോഷം. പ്രവൃത്തി ദിവസമായതിനാല്‍ മിക്കവാറും ആഘോഷ പരിപാടികൾ അവധി ദിവസത്തേക്ക് മാറ്റി വെച്ചിരിക്കുകയാണ്. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ കുടുംബ സംഗമങ്ങളും സ്റ്റേജ് ഷോകളും അരങ്ങേറും.
കേരളത്തില്‍ അത്ര കാര്യമായി ആഘോഷിക്കാറില്ലെങ്കിലും പ്രവാസ ലോകത്തെത്തുമ്പോള്‍ ഇന്ത്യക്കാരുടെ ആഘോഷങ്ങള്‍ എല്ലാം ഒരുമയോടെ ആഘോഷിക്കുന്ന പ്രവാസി മലയാളികള്‍ ദീപാവലിയും കെങ്കേമമാക്കുന്നു . അതുകൊണ്ട് തന്നെ മലയാളികള്‍ ഉപഭോക്താക്കളായിട്ടുള്ള സൂപ്പര്‍ മാര്‍ക്കറ്റുകളിലും പൂജാസാമാഗ്രികളും മധുര പലഹാരങ്ങളും മണ്‍ചിരാതുകളും വില്‍പ്പനക്കെത്തി.
അബൂദാബി , ഷാര്‍ജ,അജ്മാന്‍,ഉമ്മുല്‍ഖുവൈന്‍,ഫുജൈറ,റാസല്‍ഖൈമ എന്നിവിടങ്ങളിലെല്ലാം വര്‍ണാഭമായ ആഘോഷങ്ങളാണ് നടക്കുക.ദുബൈയിലെ ഉത്തരേന്ത്യക്കാര്‍ കൂടുതലുള്ള മീന ബസാറില്‍ രാവും പകലും ദീപാവലി കച്ചവടം പൊടിപൊടിക്കും . നേപ്പാള്‍ സ്വദേശികളും ആഘോഷത്തില്‍ പിന്നിലല്ല .
ദുബൈയിലെ ദീപാവലി ആഘോഷ പരിപാടികള്‍ പ്രധാനമായും ബര്‍ദുബൈയിലെ ശിവ, ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലാണ് നടക്കുന്നത്. ഇന്ന് വൈകീട്ട് ആറ് മണിമുതല്‍ ഇവിടെ പ്രത്യേക പൂജാ കര്‍മ്മങ്ങള്‍ നടക്കും. നാളെ രാവിലെ മുതല്‍ വിവിധ സംസ്ഥാനക്കാരായ വിശ്വാസികളുടെ ഒഴുക്ക് പ്രതീക്ഷിച്ച് സംവീധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് ക്ഷേത്രം അധികൃതര്‍ അറിയിച്ചു. ക്ഷേത്രത്തിന് സമീപത്തെ പുഷ്പങ്ങളും പൂജാദ്രവ്യങ്ങളും വില്‍ക്കുന്ന കടകളിലും ഇന്നലെ വൈകുന്നേരത്തോടെ തന്നെ തിരക്കനുഭവപ്പെട്ടു തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.