ഫാഷിസം പ്രതിരോധിക്കാന്‍ ആശയപോരാട്ടം അനിവാര്യം -അജിത് കൊളാടി
text_fieldsഅബൂദബി: ആശയപരമായ പോരാട്ടമില്ലാതെ ഫാഷിസത്തെ പ്രതിരോധിക്കാനാവില്ലെന്ന് സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം അജിത് കൊളാടി. യുവകലാസാഹിതി അബൂദബി സംഘടിപ്പിച്ച കാനം രാജേന്ദ്രന് അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമ്പ്രദായിക സമരങ്ങള്‍ ഉപേക്ഷിച്ച്, അസന്നിഗ്ധമായ സമരപാതയിലേക്ക് ആശയപരമായും സംഘടനാപരമായും ഇറങ്ങിച്ചെല്ലാതെ ആര്.എസ്.എസിനെ പരാജയപ്പെടുത്താനാവില്ല. ഇന്ത്യയില്‍ ഗഹനമായ വിഷയങ്ങളെക്കുറിച്ച് പഠിക്കാനും അതിലൂടെ രാഷ്ട്രീയ സാമൂഹ്യ സഞ്ചാരങ്ങളെ നിയന്ത്രിക്കാനുമുള്ള ഇച്ഛാശക്തി ഇല്ലാതായിരിക്കുന്നു.
രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്ത് അട്ടഹാസങ്ങളും ആക്രോശങ്ങളുമാണ് നടക്കുന്നത്. ദൃശ്യമാധ്യമങ്ങള്‍ തുറന്നാല്‍ ചര്‍ച്ചകള്‍ എന്ന പേരില്‍ കാണപ്പെടുന്നത് ഇത്തരം അട്ടഹാസങ്ങളും ആക്രോശങ്ങളുമാണ്. ഗഹനമായ വിഷയങ്ങളെക്കുറിച്ച് എവിടെയും ചര്‍ച്ച ചെയ്യപ്പെടുന്നില്ല. ഇതിന്റെയെല്ലാം അനന്തരഫലമാണ് കഴിഞ്ഞ പത്ത് വര്‍ഷത്തിലേറെയായി ഫാഷിസ്റ്റ് ആശയം രാജ്യം ഭരിക്കുന്നതെന്നും അജിത് കൊളാടി അഭിപ്രായപ്പെട്ടു.
ഫെബ്രുവരി 15ന് നടത്താന്‍ ഉദ്ദേശിക്കുന്ന ‘യുവകലാസന്ധ്യ’യുടെ പോസ്റ്ററും ചടങ്ങിൽ പ്രകാശനം ചെയ്തു. പി. ഭാസ്കരന് മ്യൂസിക് ക്ലബ് അവതരിപ്പിച്ച സംഘഗാനത്തോടെയാണ് അനുസ്മരണ പരിപാടി ആരംഭിച്ചത്.
യുവകലാസാഹിതി പ്രസിഡന്റ് റോയ് ഐ വര്‍ഗീസ് അധ്യക്ഷതവഹിച്ചു.
അബൂദബി മലയാളി സമാജം പ്രസിഡന്റ് സലിം ചിറക്കല്‍, കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് എ.കെ. ബീരാന്‍കുട്ടി, വൈസ് പ്രസിഡന്റ് ആര്. ശങ്കര്‍, ശക്തി തിയറ്റേഴ്സ് പ്രസിഡന്റ് കെ. വി. ബഷീര്‍, യുവകലാസാഹിതി യു.എ.ഇ പ്രസിഡന്റ് സുഭാഷ് ദാസ്, സംഘടന സെക്രട്ടറി ചന്ദ്രശേഖര്‍, യുവകലാസാഹിതി ജനറല്‍ സെക്രട്ടറി രാഗേഷ് നമ്പ്യാര്‍, വൈസ് പ്രസിഡന്റ് മനു കൈനകരി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.