കോൺസുലേറ്റിൽ നിന്ന് അനുമതി വൈകി: മൃതദേഹം അയക്കുന്നതിന് വീണ്ടും തടസ്സം
text_fieldsദുബൈ: ഇന്ത്യൻ കോൺസുലേറ്റ് അധികൃതരുടെ പിടിവാശി മൂലം മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നത് വൈകി. മരണപ്പെട്ടവരുടെ ബന്ധുക്കൾ നാട്ടിൽ നിന്ന് നൽകുന്ന അനുമതി പത്രത്തിെൻറ മുദ്രപത്രത്തിലെ തീയതി മരണം നടന്ന ശേഷമുള്ളതാവണമെന്ന സാങ്കേതിക പ്രശ്നം ചൂണ്ടിക്കാണിച്ചാണ് മൃതദേഹങ്ങൾക്ക് അനുമതി നിഷേധിച്ചത്. ഇതുമൂലം, ഞായറാഴ്ച മരിച്ച നാല് മലയാളികളുടെ മൃതദേഹം ചൊവ്വാഴ്ചയാണ് നാട്ടിലേക്ക് അയക്കാൻ കഴിഞ്ഞത്. ട്രഷറിയിൽ നിന്ന് വെണ്ടർമാർ നൽകുന്ന മുദ്രപത്രങ്ങളിലാണ് ബന്ധുക്കൾ അനുമതി പത്രം നൽകുന്നത്. നേരത്തെ വാങ്ങിവെക്കുന്ന മുദ്രപത്രങ്ങളായതിനാൽ തീയതിയും പഴയതായിരിക്കും.
എന്നാൽ, ഇത്തരം മുദ്രപത്രങ്ങളിൽ അപേക്ഷിക്കുന്നവർക്ക് അനുമതി നൽകാനാവില്ലെന്ന നിലപാടാണ് മൃതദേഹങ്ങൾ അയക്കുന്നതിന് തടസമായത്. മരണം നടക്കുന്നതിന് മുൻപ് എങ്ങിനെയാണ് രേഖയുണ്ടാക്കുന്നത് എന്നാണ് കോൺസുലേറ്റ് അധികൃതർ ചോദിക്കുന്നത്. ഇതിലെ സാങ്കേതികത പറഞ്ഞിട്ടും അധികൃതർ സമ്മതിച്ചില്ലെന്നും ആരോപണമുണ്ട്. മറ്റ് കോൺസുലേറ്റുകളിലൊന്നും ഈ പ്രശ്നമില്ലെന്നും മൃതദേഹങ്ങളോടെങ്കിലും കരുണ കാണിക്കണമെന്നും സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശേരി പറഞ്ഞു. ദിവസവും അഞ്ച് ഇന്ത്യക്കാരെങ്കിലും യു.എ.ഇയിൽ മരിക്കുന്നുണ്ട്. ഈ നിബന്ധന കർശനമാക്കിയാൽ മൃതദേഹങ്ങൾ വീണ്ടും കെട്ടിക്കിടക്കുന്ന അവസ്ഥയുണ്ടാകും. ഒരുമണിക്കൂർ മുൻപെങ്കിലും മൃതദേഹം നാട്ടിലെത്തിക്കാനാണ് സാമൂഹികൃ പ്രവർത്തകരും ബന്ധുക്കളും ശ്രമിക്കുന്നത്. നാട്ടിലേക്ക് വിമാനങ്ങൾ കുറവായതിനാൽ ചെറിയ തടസങ്ങൾ പോലും വലിയ കാലതാമസം ഉണ്ടാക്കും. സാമൂഹിക പ്രവർത്തകർ കോൺസുലേറ്റിൽ നേരിട്ടെത്തി നടത്തിയ നിരവധി ശ്രമങ്ങൾക്ക് ശേഷമാണ് ഞായറാഴ്ച മരിച്ച മലയാളികളുടെ മൃതദേഹം ചൊവ്വാഴ്ചയെങ്കിലും അയക്കാൻ കഴിഞ്ഞത്.
ആരോപണം അടിസ്ഥാന രഹിതം –കോൺസുൽ
ദുബൈ: കോൺസുലേറ്റിെൻറ പിടിവാശിമൂലം മൃതദേഹം നാട്ടിലേക്കയക്കാൻ കഴിയുന്നില്ലെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് കോൺസുൽ നീരജ് അഗർവാൾ പറഞ്ഞു.മുദ്രപത്രവുമായി ബന്ധെപട്ട തീയതിയിൽ വ്യക്തത വരുത്താൻ ശ്രമിച്ചതാണ് തെറ്റിദ്ധാരണക്കിടയാക്കിയതും തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതും. ഈ പ്രശ്നം പരിഹരിക്കുകയും ക്ലിയറൻസ് നൽകാൻ നടപടിയെടുക്കുകയും ചെയ്തു. മൃതദേഹങ്ങൾ ചൊവ്വാഴ്ച നാട്ടിലേക്ക് അയച്ചു. മൃതദേഹങ്ങൾ നാട്ടിലേക്ക് അയക്കുന്നതിന് കോൺസുലേറ്റ് എല്ലാ വിധ സൗകര്യങ്ങളും ചെയ്ത് കൊടുക്കുന്നുണ്ടെ്. ഇതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.