'നിങ്ങളുടെ മടങ്ങിവരവും കാത്ത് കുടുംബമിരിക്കുന്നു'
text_fieldsഅബൂദബി: 'നിങ്ങള്‍ മടങ്ങിയെത്തുന്നതും കാത്ത് കഴിയുന്ന കുടുംബമുണ്ട്. സുരക്ഷിതമായി വാഹനങ്ങള്‍ ഓടിക്കൂ. സഹപ്രവര്‍ത്തകരോടും പറയൂ'. അബൂദബിയിലെ ഡെലിവറി വാഹനങ്ങള്‍ ഓടിക്കുന്നവരെ ഓര്‍മപ്പെടുത്തുകയാണ് അധികൃതര്‍. ഡെലിവറി ജീവനക്കാര്‍ റോഡപകടങ്ങളില്‍ മരിക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍, ഇവ കുറയ്ക്കാന്‍ പുതിയ നയങ്ങള്‍ നടപ്പാക്കാനുള്ള നീക്കങ്ങളാണ് ആരംഭിച്ചത്. അമിതവേഗത ഒഴിവാക്കുന്നതിനും അപക്വമായ ഡ്രൈവിങ് രീതികള്‍ മാറ്റുന്നതിനുമായി വരുംമാസങ്ങളില്‍ കൂടുതല്‍ ശില്‍പ്പശാലകള്‍ നടത്തും.
ഹെല്‍മറ്റ്, ജാക്കറ്റ്, പാൻറ്സ്, ബൂട്ട് തുടങ്ങി മുഴുവന്‍ സുരക്ഷാ ഉപകരണങ്ങളും ധരിക്കുന്ന ഇരുചക്ര ഡ്രൈവര്‍മാര്‍ക്ക് സമ്മാനങ്ങള്‍ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. ഇത്തിസാലാത്ത് നല്കുന്ന കോളിങ് കാര്‍ഡുകളാണ് ഹാപിനസ് പട്രോള്‍ ഗിഫ്റ്റുകളായി നല്‍കുകയെന്ന് അബൂദബി പൊലീസ് ക്യാപ്റ്റന്‍ ഫൈസല്‍ അല്‍ ധന്‍ഹാനി പറഞ്ഞു. 24 മണിക്കൂറും ഡ്രൈവര്‍മാരെ തങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നു വ്യക്തമാക്കിയ അദ്ദേഹം പുലര്‍ച്ചെ രണ്ടുമണിക്ക് റെഡ് സിഗ്നല്‍ കത്തുമ്പോള്‍ ആരും റോഡില്‍ ഇല്ലെന്ന് കരുതി വാഹനം മുന്നോട്ടുപോവരുതെന്നും നിങ്ങള്‍ അപ്പോഴും നിരീക്ഷണത്തില്‍ ആയിരിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. ഡെലിവറി ജീവനക്കാര്‍ മതിയായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നുണ്ടോ, മികച്ച ഡ്രൈവിങ് സംസ്കാരം പുലര്‍ത്തുന്നുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ നിരീക്ഷിക്കുക, നിയമ ലംഘനങ്ങള്‍ നിയന്ത്രിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് പുതിയ നയങ്ങളും ചട്ടങ്ങളും തയ്യാറാക്കുന്നത്.
2019ല്‍ ഡെലിവറി ജീവനക്കാര്‍ ഉള്‍പ്പെട്ട 162 അപകടങ്ങള്‍ അബൂദബിയില്‍ റിപ്പോർട്ട് ചെയ്തു. 2020ല്‍ ഇത് 170 ആയി വര്‍ധിച്ചു. ഈ വര്‍ഷം ഇതുവരെ 210 അപകടമാണുണ്ടായത്. 23 ശതമാനം വര്‍ധനവാണ് ഒരു വര്‍ഷം കൊണ്ടുണ്ടായത്. 2019ലും 2020ലും ഒമ്പത് പേർ വീതം മരിച്ചു. അബൂദബി ട്രാഫിക് സുരക്ഷാ സംയുക്ത സമിതി ഡെലിവറി വിതരണക്കാരായ ഇരുചക്രവാഹനയാത്രികര്ക്കായി നേരത്തേ ആരംഭിച്ച സുരക്ഷ കാംപയിെൻറ ഭാഗമായി ഇത്തരം ജീവനക്കാര്‍ക്കായി ബോധവത്കരണ ശില്‍പ്പശാലകള്‍ നടത്തിയിരുന്നു. അബൂദബി റോഡുകളില്‍ ഡെലിവറി ജീവനക്കാര്‍ അപകടത്തില്‍ പെടുന്നത് ഇല്ലാതാക്കുകയാണ് കാംപയിെൻറ ലക്ഷ്യം. ഹെല്‍മറ്റ് അടക്കമുള്ള സുരക്ഷാ ഉപകരണങ്ങള്‍ ധരിക്കുന്നതിലൂടെ അപകട ആഘാതങ്ങള്‍ കുറക്കാന്‍ കഴിയുമെന്നും അനാവശ്യമായ ഓവര്‍ടേക്കിങ്ങ് ഒഴിവാക്കിയാല്‍ അപകടങ്ങള്‍ ഇല്ലാതാക്കാനാവുമെന്നും അധികൃതര്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.