ദുബൈയിൽ ഡെലിവറി വാഹന ലൈസൻസ് കർശനമാക്കുന്നു
text_fieldsദുബൈ:എമിറേറ്റിൽ ഡെലിവറി വാഹനങ്ങൾക്ക് ലൈസൻസ് ലഭിക്കുന്നതിനുള്ള നിബന്ധനകൾ കർശനമാക്കുന്നു. ട്രാഫിക് നിയമങ്ങൾ അവഗണിക്കുന്നതും അമിത വേഗവും കാരണമായി ഇത്തരം വാഹനങ്ങളുണ്ടാക്കുന്ന അപകടങ്ങൾ വർധിച്ച സാഹചര്യത്തിലാണ് നടപടി.
ഇതിന്റെ ഭാഗമായി ദുബൈയിലെ വിവിധ വകുപ്പുകൾ സംയുക്തമായി മോട്ടോർ ബൈക്ക് റൈഡേഴ്സിനായി കാമ്പയിൻ ആരംഭിക്കും. ഡെലിവറി മേഖലയിൽ മോട്ടോർ ബൈക്കുകൾ ഉപയോഗിക്കുന്നത് സൃഷ്ടിക്കുന്ന ട്രാഫിക് പ്രശ്നങ്ങളെ സംബന്ധിച്ച് ചർച്ച ചെയ്യാൻ റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ) ഡയറക്ടർ ജനറൽ മത്വാർ അൽ തായറും ദുബൈ പൊലീസ് കമാൻഡർ ഇൻ ചീഫ് ലഫ്. ജനറൽ അബ്ദുല്ല ഖലീഫ അൽ മാറിയും പങ്കെടുത്ത യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. കോവിഡ് കാലത്ത് ഡെലിവറി വാഹനങ്ങളുടെ ഉപയോഗം ക്രമാതീതമായി വർധിച്ചതോടെ എമിറേറ്റിൽ വാഹനാപകടങ്ങളും കൂടി.
കഴിഞ്ഞ വർഷം ദുബൈ നിരത്തുകളിൽ ഡെലിവറി ബൈക്കുകൾ സൃഷ്ടിക്കുന്ന അപകടം 25 ശതമാനമാണ് വർധിച്ചത്. 2020ൽ ആകെ ഇത്തരം അപകടങ്ങൾ 300 ആയിരുന്നത് 2021ൽ 400 ആയി വർധിച്ചു. വാഹനങ്ങൾ തമ്മിൽ സുരക്ഷിതമായ അകലം പാലിക്കുക, അശ്രദ്ധമായ ഡ്രൈവിങ്, റെഡ് സിഗ്നലുകൾ അവഗണിക്കൽ എന്നിവയാണ് മിക്ക അപകടങ്ങൾക്കും കാരണമാകുന്നത്. ഈ മാസം ആദ്യത്തിൽ ദുബൈ പൊലീസ് പുറത്തുവിട്ട കണക്ക് പ്രകാരം കഴിഞ്ഞ വർഷം മോട്ടോർ സൈക്കിൾ അപകടങ്ങളിൽ 22 പേർ മരിക്കുകയും 253 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഈ വർഷം ആദ്യ മൂന്നു മാസങ്ങളിൽ 46 അപകടങ്ങളിലായി മൂന്നുപേർ മരിച്ചു.
ഡെലിവറി മേഖലയിലെ ബിസിനസ് കാര്യക്ഷമമാക്കാൻ ഇടപെടുന്നതിന്റെ ഭാഗമായാണ് സുരക്ഷിതമായ സാഹചര്യമൊരുക്കുന്നതെന്ന് ആർ.ടി.എ ഡയറക്ടർ ജനറൽ മത്വാർ അൽ തായർ അഭിപ്രായപ്പെട്ടു. എൽബോ പ്രൊട്ടക്ടറുകൾ, ഹെൽമറ്റുകൾ, സുരക്ഷ ഷൂകൾ എന്നിവ ഉൾപ്പെടുന്ന മോട്ടോർബൈക്ക് റൈഡറുകൾക്കുള്ള സംരക്ഷണ ഉപകരണങ്ങൾ രൂപപ്പെടുത്താനും ആലോചനയുണ്ട്. ഡെലിവറി സേവന കമ്പനികളെയും ഡ്രൈവർമാരെയും ട്രാഫിക് നിയമങ്ങൾ പാലിക്കുന്നതിനും റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിന് കഴിഞ്ഞ മാസം ദുബൈ സർക്കാർ പുതിയ അവാർഡ് പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.