യു.എ.ഇയിലെ മൂന്നിലൊന്ന് കോവിഡ് രോഗികൾക്ക് ഡെൽറ്റാ വകഭേദം
text_fieldsഅബൂദബി: യു.എ.ഇയിലെ മൂന്നിലൊന്ന് കോവിഡ് രോഗികൾക്ക് തീവ്ര വ്യാപനശേഷിയുള്ള ഡെൽറ്റാ വകഭേദമാണെന്ന് സർക്കാർവൃത്തങ്ങൾ വെളിപ്പെടുത്തി.
ജനിതകമാറ്റം സംഭവിച്ച വൈറസിെൻറ വ്യാപനവും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതും വാക്‌സിൻ സ്വീകരിക്കാത്തതുമാണ് മരണസംഖ്യയിൽ സമീപ ദിവസങ്ങളിൽ വർധനക്ക് കാരണമായതെന്നും ആരോഗ്യവകുപ്പ് വക്താവ് ഡോ. ഫരീദ അൽ ഹൊസാനി പറഞ്ഞു.
ഞായറാഴ്ച വിളിച്ചുചേർത്ത പ്രത്യേക വാർത്തസമ്മേളനത്തിൽ കോവിഡ് വാക്‌സിൻ സ്വീകരിക്കാൻ എല്ലാവരോടും അവർ ആവശ്യപ്പെട്ടു. മരിച്ചവരിൽ 94 ശതമാനവും വാക്‌സിൻ സ്വീകരിക്കാത്തവരാണെന്നും അവർ വെളിപ്പെടുത്തി. ലോകത്ത് വിവിധ രാജ്യങ്ങളിൽ കണ്ടെത്തിയ ആൽഫ, ബീറ്റ വകഭേദങ്ങളും രാജ്യത്ത് സ്ഥിരീകരിച്ചതായും ഡോ. അൽ ഹൊസാനി വ്യക്തമാക്കി
നിലവിൽ ജനസംഖ്യയുടെ 71 ശതമാനത്തിലധികവും കോവിഡ് വാക്‌സിൻ നൽകിയിട്ടുണ്ട്. വാക്‌സിൻ സ്വീകരിക്കാൻ യോഗ്യരായവരിൽ 91.8 ശതമാനത്തെ ഇത് പ്രതിനിധാനംചെയ്യുന്നു. ഡെൽറ്റ വകഭേദം വ്യാപനം വളരെ കൂടുതലാണ്. ആൽഫയെ അപേക്ഷിച്ച് ഡെൽറ്റമൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കാനും ചികിത്സതേടാനുമുള്ള സാധ്യത ഇരട്ടിയാണ്. ചില രാജ്യങ്ങളിൽനിന്ന് അടുത്തിടെ ലഭിച്ച വിവരങ്ങൾ ഇതു വ്യക്തമാക്കുന്നു. മറ്റ് ആരോഗ്യപ്രശ്നങ്ങളുള്ളവരിലാണ് രോഗവ്യാപനത്തോത് കൂടുതൽ. ബൂസ്റ്റർ ഡോസ് എടുക്കുന്നത് പ്രതിരോധശേഷി വർധിപ്പിക്കുകയും വൈറസിനെ തടയുന്ന ആൻറിബോഡികളുടെ നിരക്ക് ഉയർത്തുകയും ചെയ്യും.
അതിനാൽ ബൂസ്റ്റർ ഡോസ് പ്രോത്സാഹിപ്പിക്കണമെന്നും അവർ പറഞ്ഞു. ആരോഗ്യ സുരക്ഷക്ക് എല്ലാവരും മാസ്‌ക് ധരിക്കുകയും ഒത്തുചേരലുകൾ ഒഴിവാക്കുകയും മറ്റു പ്രതിരോധ നടപടികൾ പാലിക്കുകയും വേണമെന്നും ഡോ. ഫരീദ അൽ ഹൊസാനി ചൂണ്ടിക്കാട്ടി.
എന്താണ് ഡെൽറ്റ വകഭേദം
തീവ്ര വ്യാപനശേഷിയുള്ള കൊറോണ വൈറസിെൻറ വകഭേദമാണ് ഡെൽറ്റ. ലോകത്ത് നൂറോളം രാജ്യങ്ങളിൽ സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെയുള്ള ആൽഫ വകഭേദത്തേക്കാൾ വ്യാപനശേഷിയുണ്ട്.
ഏറ്റവും അപകടകാരിയായ വകഭേദങ്ങളിലൊന്നാണിതെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകിയിരുന്നു. ഡെൽറ്റ വകഭേദം ബാധിക്കുന്നവർക്ക് മറ്റു രോഗികളെ അപേക്ഷിച്ച് ഓക്സിജൻ ആവശ്യമായിവരുന്നുണ്ടെന്നും മരണം കൂടുതലാണെന്നും പഠനങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇന്ത്യയിൽ രണ്ടാം തരംഗത്തിന് കാരണമായ വൈറസാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.