ദേര തീപിടിത്തം: കെട്ടിടം അടഞ്ഞുതന്നെ; താമസക്കാർ പുറത്ത്
text_fieldsദുബൈ: ദേര ഫ്രിജ് മുറാറിലെ തീപിടിത്തമുണ്ടായ തലാൽ ബിൽഡിങ്ങിലേക്ക് താമസക്കാരെ പ്രവേശിപ്പിച്ചുതുടങ്ങിയില്ല. കെട്ടിടം ഇപ്പോഴും പൊലീസ് സംരക്ഷണയിലായതിനാൽ താമസക്കാർ പുറത്താണ്. അടുത്തുള്ള ഹോട്ടലുകളിലും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മുറികളിലുമാണ് പലരും തങ്ങുന്നത്.
ബാക്കിയുള്ളവർക്ക് അധികൃതർ താമസ സൗകര്യം ഒരുക്കിനൽകിയിട്ടുണ്ട്. കെട്ടിടത്തിന്റെ താഴ്ഭാഗത്തെ വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയാണ്. കെട്ടിടത്തിന് സമീപത്തെ റോഡും അടച്ചനിലയിലാണ്. കെട്ടിടം സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാത്തതാണ് തീപിടിത്തത്തിന് കാരണമെന്ന് ദുബൈ സിവിൽ ഡിഫൻസ് വ്യക്തമാക്കിയിരുന്നു. ഈ മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തിയാൽ മാത്രമേ ഇനി തുറന്നുകൊടുക്കാൻ സാധ്യതയുള്ളൂ. ഇതിന് എത്ര കാലതാമസം എടുക്കുമെന്ന് പറയാൻ കഴിയാത്ത അവസ്ഥയുണ്ട്.
കെട്ടിടത്തിന് ഇപ്പോഴും പൊലീസ് കാവലുണ്ട്. ആരെയും ഉള്ളിലേക്ക് കയറ്റിവിടാൻ അനുവദിക്കുന്നില്ല. എന്നാൽ, അത്യാവശ്യ സാധനങ്ങൾ എടുക്കുന്നതിനായി താമസക്കാരെ ഉള്ളിൽ കയറാൻ അനുവദിച്ചിരുന്നു. മലയാളികളടക്കം നിരവധി താമസക്കാരാണ് ഈ കെട്ടിടത്തിലുള്ളത്. ശനിയാഴ്ച ഉച്ചക്ക് 12.35നാണ് ദുബൈയെ ഞെട്ടിച്ച തീപിടിത്തമുണ്ടായത്. അഞ്ചുനില കെട്ടിടത്തിലെ നാലാം നിലയിലാണ് തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് ഒരു മുറിയിലുണ്ടായ തീപിടിത്തം മറ്റു മുറികളിലേക്ക് വ്യാപിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.