മരുഭൂമി എഴുതുന്ന ഹദ്വ കവിതകൾ
text_fieldsനിലാവുള്ള രാത്രികൾ പാരിജാതങ്ങൾക്ക് തിരുമിഴിതുറക്കുവാൻ മാത്രമുള്ളതല്ല. രാജ്യങ്ങളുടെ വൈവിധ്യങ്ങൾ നിലാവിനെ പലതരത്തിൽ രാഗിലമാക്കുന്നു. നിലാവലിഞ്ഞ ഇമാറാത്തിന്റെ മണൽപരപ്പുകളിൽ നിന്ന് കവിതയുടെ കുളിർകാറ്റ് ചൂളം വിളിക്കുന്നത് കേൾക്കുമ്പോൾ, ഗാഫ് മരച്ചോട്ടിൽ ഒട്ടകങ്ങൾ നശീദുകൾ ആലപിക്കുന്നതായി തോന്നും.
കുളിരും നിലാവും വിരിച്ചിട്ട മരുഭൂമിയുടെ ആഴങ്ങളിലേക്ക് സഞ്ചരിച്ച് നോക്കൂ, നിലാവിനെ ഇഴപിരിച്ച് കവിത നെയ്യുന്ന ബദുവിയൻ സംഘങ്ങൾ രാഗങ്ങളായി പെയ്യുന്നത് കാണാം.
അൽ ഹദ്വ എന്ന കാവ്യ സമ്പ്രദായം ബദുക്കളുടെ സംഭാവനയാണ്. ജൈവീകമായ വൃത്തങ്ങളിൽ നിന്ന് മാനവികതയുടെ അലങ്കാരങ്ങൾ നെയ്യുന്ന രീതിയാണ് ഇതിനുള്ളത്. അതുകൊണ്ടുതന്നെ കടലും മരുഭൂമിയും ഹദ്വയിൽ വൈവിധ്യങ്ങൾ കോർക്കുന്നു. കേട്ടുമാത്രം പഴകിയ കഥകളുടെ യഥാര്‍ഥ പൊരുളുകള്‍ ചികയാതെ, ഊതിവീര്‍പ്പിച്ച് പറഞ്ഞ് നടന്നാണ് സമൂഹങ്ങള്‍ നല്ലവരും ക്രൂരരുമായ കഥാപാത്രങ്ങളെ സൃഷ്ടിച്ചത്. അത്തരത്തില്‍ ഏറെ ക്രൂശിക്കപ്പെട്ട ജനവിഭാഗമാണ് അറബ് നാഗരികതയുടെ ആദിമവാസികളായ ബദുക്കള്‍. ഇവരുടെ ജീവിത രീതികള്‍ പോലും നേരാവണ്ണം മനസിലാക്കാതെ അടിച്ചിറക്കിയ ഊഹാപോഹങ്ങള്‍ക്ക് കണക്കില്ല. ബദുക്കള്‍ സഞ്ചാരികളാണ്, കാര്‍ഷിക മേഖലയില്‍ നിന്ന് കാര്‍ഷിക മേഖലയിലേക്ക് മൃഗങ്ങളുമൊത്ത് യാത്ര പോകുന്നവര്‍. ഇവർ നടന്ന് തീര്‍ത്ത പാതകളാണ് ആധുനിക ഗള്‍ഫിന്റെ വളര്‍ച്ചയുടെ പ്രധാന ഉറവിടങ്ങളിലൊന്ന്. ബദുക്കളുടെ യാത്ര സംഘത്തെയൊ, അവരുടെ പരമ്പരാഗത ആഘോഷങ്ങളിലൊ ഒരുവട്ടമെങ്കിലും പങ്കെടുത്തവര്‍ ഒരിക്കലും ഇവരെ കുറിച്ച് കേട്ട കഥകള്‍ പിന്നെ മറ്റൊരാളോട് ആവര്‍ത്തിക്കില്ല. യാത്രകളില്‍ ബദുക്കള്‍ നെഞ്ചിലേറ്റി നടക്കുന്ന കവിതയാണ് അല്‍ ഹദ്വ. ഏഴുവരികളുള്ള ഈ കവി
തകള്‍ രേഖപ്പെട്ട് കിടക്കുന്നത് പ്രധാനമായും മനസുകളിലാണ്. യാത്ര സംഘ ങ്ങള്‍ക്കും മുങ്ങല്‍ വിദഗ്ധര്‍ക്കും ഊർജം പകരാനും ആഘോഷങ്ങള്‍ അനുഭൂതിയാക്കാനും ഈ ബദുവിയന്‍ കവിതകള്‍ക്കുള്ള ഊര്‍ജ്ജം അനുഭവിച്ചറിയണം. യു.എ.ഇയില്‍ നടക്കുന്ന പരമ്പരാഗത ആഘോഷങ്ങളിലെല്ലാം കൂട്ടം കൂടിയിരുന്ന് കവിത ആലപിക്കുന്ന ഒരു കൂട്ടം വയോധികരെ കണ്ടിട്ടുണ്ടാകും. നമ്മുടെ അക്ഷരശ്ലോക സദസുകള്‍ക്ക് സമാനമാണ് അല്‍ ഹദ്വ കാവ്യലാപന രീതി. ഒരാള്‍ അവസാനിപ്പിക്കുന്ന ഭാഗത്ത് നിന്ന് മറ്റൊരാള്‍ തുടങ്ങുന്നു. ഇതില്‍ നിമിഷ കവിതകളും പിറക്കുന്നു.
യു.എ.ഇയിലെ മുത്തശ്ശന്മാരും മുത്തശ്ശികളും പുതിയ തലമുറക്ക് പറഞ്ഞും പാടിയും കൊടുക്കുന്ന പരമ്പരാഗത തനിമയില്‍ നിന്ന് അല്‍ ഹദ്വ ഇന്നും പൂത്തുലയുന്നു. ഹദ്വ കവിതകൾ കൂടുതലും സാംസ്കാരിക പൈതൃകമാണ്. അതിന്റെ രചയിതാക്കള്‍ ഏറെയും അജ്ഞാതമാണ്. ത്രി-റിഥമിക് ഗാനമായ ഇതിന് എല്ലാ ഗൾഫ് രാജ്യങ്ങളിലും വ്യത്യസ്ത പതിപ്പുകളുണ്ട്.
കല്യാണം, ഗോത്ര, ദേശീയ ഉത്സവങ്ങൾ, പ്രത്യേകിച്ച് ഒട്ടക മൽസരങ്ങൾ എന്നിവയിൽ കവിതകൾ ചൊല്ലുന്നു, കൂട്ടായ പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ സ്ത്രീകൾ കവിതകള്‍ രചിക്കുകയുംചൊല്ലുകകയും ചെയ്യുന്നു വാക്യങ്ങളുടെ വാക്കാലുള്ള കൈമാറ്റത്തിനിടയിലുള്ള സാമൂഹിക ബന്ധമാണ് ഏറ്റവും പ്രധാനപ്പെട്ട വശം. പ്രിയപ്പെട്ടവർ, ബന്ധുക്കൾ, സുഹൃത്തുക്കൾ അല്ലെങ്കിൽ ഗോത്രത്തലവന്മാർക്ക് സന്ദേശങ്ങൾ അയയ്ക്കുന്നത് തീമുകളിൽ ഉൾപ്പെടുന്നു. സാമൂഹിക വിഷയങ്ങളിൽ കവിക്ക് അഭിപ്രായം രേഖപ്പെടുത്താനുള്ള ഒരു മാധ്യമം കൂടിയാണിത്. വ്യക്തികൾ അല്ലെങ്കിൽ ഗോത്രങ്ങൾ തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കുക, ചരിത്രപരമായ നേട്ടങ്ങൾ ഉയർത്തിക്കാട്ടുക, ആരോഗ്യ പ്രശ്നങ്ങൾ എന്നിവ പോലുള്ള സമകാലിക തീമുകൾ എന്നിവയാണ് മറ്റ് വിഷയങ്ങൾ. പുതുതലമുറക്ക് മുൻകാല ചരിത്രത്തെക്കുറിച്ച് അറിയാനും അവരുടെ പരമ്പരാഗത ജീവിത രീതിയെക്കുറിച്ച് അറിയാനും അവസരമൊരുക്കുന്നു. കവിതകൾ രചിക്കാനും ചൊല്ലാനുമുള്ള കഴിവ് കുടുംബത്തിലൂടെയും ഗോത്ര മൂപ്പന്മാരിലൂടെയും കൈമാറ്റം ചെയ്യപ്പെടുന്നു. പരമ്പരാഗത നൃത്തമായ അയാലയിലും ഈ കവിതകള്‍ ഉപയോഗിക്കാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.