ഓഹരി ഉടമകൾക്ക് 'ദേവ' ആദ്യ ലാഭവിഹിതം 26ന് വിതരണം ചെയ്യും
text_fieldsദുബൈ: ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി(ദേവ) ഓഹരികൾ വാങ്ങിയവർക്ക് ആദ്യ ലാഭവിഹിതം ഈമാസം 26ന് വിതരണം ചെയ്യും. ഒരു ഷെയറിന് 6.2 ഫിൽസ് എന്ന നിലയിലാണ് ലാഭ വിഹിതം ലഭിക്കുക. നിക്ഷേപങ്ങൾക്ക് വർഷത്തിൽ രണ്ടുതവണ ഡിവിഡന്‍റുകൾ നൽകുന്ന രീതിയുടെ ആദ്യ ഗഡുവാണ് ഇപ്പോൾ വിതരണം ചെയ്യുന്നത്. ഈ മാർച്ചിലാണ് 'ദേവ'യുടെ ഇനീഷ്യൽ പബ്ലിക് ഓഫർ പ്രഖ്യാപിച്ചത്. ദുബൈ ഫിനാൻഷ്യൽ മാർക്കറ്റ് ഇൻഡെക്സിൽ ലിസ്റ്റ് ചെയ്ത ഈ ഐ.പി.ഒ വഴി കമ്പനിയുടെ 17 ശതമാനം ഷെയറാണ് വിറ്റഴിച്ചത്. ഏകദേശം 850കോടി ഷെയറുകളാണ് ഇതുവഴി കമ്പനി പൊതുജനങ്ങൾക്ക് ലഭ്യമാക്കിയിരുന്നത്.
നിലവിൽ ഒഹരി വിപണിയിൽ 2.49 ദിർഹമാണ് 'ദേവ'യുടെ മൂല്യം. ഐ.പി.ഒ നിരക്ക് ഒരു ഓഹരിക്ക് 2.48ദിർഹം എന്ന നിലക്കായിരുന്നു. ഇതുവരെയുള്ള ഏറ്റവും ഉയർന്ന പോയന്‍റ് 3.05 ദിർഹമാണ്. വർഷം 620 കോടി ദിർഹം എന്ന രീതിയിൽ വരുന്ന അഞ്ചുവർഷം ഡിവിഡന്‍റ് ഇനത്തിൽ കൊടുക്കാൻ കഴിയുമെന്ന പ്രതീക്ഷ കമ്പനി നേരത്തേ പങ്കുവെച്ചിരുന്നു. മലയാളികളടക്കം നിരവധി പ്രവാസികളും 'ദേവ'യുടെയും തുടർന്ന് ടോൾ ഓപറേറ്റർ കമ്പനിയായ 'സാലികി'ന്‍റെയും ഓഹരികൾ സ്വന്തമാക്കിയിട്ടുണ്ട്.
24.9ശതമാനം ഓഹരികളാണ് സാലിക്ക് വിറ്റഴിച്ചിരുന്നത്. ഫിനാൻഷ്യൽ മാർക്കറ്റിന്‍റെ വലുപ്പം വർധിപ്പിക്കുന്നതിനായി സർക്കാർ ഉടമസ്ഥതയിലുള്ള 10 കമ്പനികളെ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുമെന്ന് കഴിഞ്ഞ നവംബറിൽ ദുബൈ പ്രഖ്യാപിച്ചിരുന്നു. മാർച്ചിൽ 'ദേവ'യുടെയും സെപ്റ്റംബറിൽ സാലികിന്‍റെയും ഓഹരികൾ വിറ്റത് ഇതിന്‍റെ ഭാഗമായാണ്. 'ദേവ'യുടെ ബാക്കി 83 ശതമാനം ഷെയറും ദുബൈ സർക്കാർ ഉടമസ്ഥതയിൽ തന്നെയാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.