അജ്മാനിൽ ഗാർഹിക കാർഷിക പദ്ധതികൾ വികസിപ്പിക്കുന്നു
text_fieldsഅജ്മാന്: ഗാർഹിക കാർഷിക പദ്ധതികൾ വികസിപ്പിക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കി അജ്മാൻ ബിസിനസ് വുമൺ കൗൺസിൽ. അജ്മാനിലെ അൽ ശംസി അഗ്രികൾചറൽ കൺസൽട്ടിങ് ഫൗണ്ടേഷനുമായി സഹകരിച്ചാണ് അജ്മാൻ ബിസിനസ് വുമൺ കൗൺസിൽ പദ്ധതി നടപ്പാക്കുന്നത്.
‘പ്ലാന്റ് ദ എമിറേറ്റ്സ്’ പരിപാടിയുടെ ഭാഗമായി ഗാർഹിക കാർഷിക പദ്ധതികളെ പിന്തുണക്കുകയും വികസിപ്പിക്കുകയും ചെയ്യുക, സ്ത്രീകളെയും ബിസിനസ് ഉടമകളെയും കാർഷിക മേഖലയില്‍ നിക്ഷേപത്തിന് പ്രാപ്തരാക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങൾ.
അജ്മാൻ ബിസിനസ് വിമൻസ് കൗൺസിൽ ചെയർപേഴ്സൻ ഡോ. അംന ഖലീഫ അൽ അലിയും ആധുനിക കാർഷിക രീതികളിൽ വിദഗ്ധനായ അൽ ശംസി അഗ്രികൾചറൽ പ്രോജക്ട് മാനേജ്മെന്റ് ആൻഡ് കൺസൽട്ടിങ് കമ്പനി ഡയറക്ടർ ഡോ. ഉബൈദ് അൽ ശംസിയും കരാറില്‍ ഒപ്പുവെച്ചു.
നൂതന കാർഷിക സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്ന സംരക്ഷിതവും നൂതനവുമായ കാർഷിക ഭവനങ്ങൾ സ്ഥാപിച്ച് ഗാർഹിക ഇടങ്ങൾ പരമാവധി ഉപയോഗപ്പെടുത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് സ്ത്രീകളെ ബോധവത്കരിക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കും.
കാർഷിക വിളകളിലെ പര്യാപ്തത, തൈകൾ, വിത്തുകൾ, തുടർനടപടികൾ, മേൽനോട്ടം എന്നിവ വർധിപ്പിക്കാനും ഉൽപാദനക്ഷമത മെച്ചപ്പെടുത്താനും കരാർ വ്യവസ്ഥ ചെയ്യുന്നു.
ആരോഗ്യകരമായ ഭക്ഷണങ്ങൾ നൽകുന്നതിന് സ്ത്രീ സംരംഭകരുടെയും യുവ വ്യവസായികളുടെയും ശാക്തീകരണം, കാർഷിക നിക്ഷേപം, ഹൈഡ്രോപോണിക്, വെർട്ടിക്കൽ അഗ്രികൾചറുകളിലെ ആധുനികവും നൂതനവുമായ സാങ്കേതിക വിദ്യകളുടെ പ്രയോജനം എന്നിവയുമായി ബന്ധപ്പെട്ട കൗൺസിലിന്റെ ‘പ്ലാന്റ് ആൻഡ് റീപ്പ്’ സംരംഭത്തിലാണ് പങ്കാളിത്ത കരാർ വരുന്നതെന്ന് അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.