ജോലിചെയ്യാൻ ഏറ്റവും മികച്ച സ്ഥാപനം ‘ദീവ’യെന്ന് പഠനം
text_fieldsദുബൈ: യു.എ.ഇയിൽ ജോലിചെയ്യാൻ ഏറ്റവും മികച്ച സർക്കാർ സ്ഥാപനം ‘ദീവ’യാണെന്ന് പഠനം. ആഗോള ഗവേഷണ, പരിശീലന, കൺസൾട്ടൻസി സ്ഥാപനമായ ‘ഗ്രേറ്റ് പ്ലേസ് ടു വർക്ക്’ ജോലിചെയ്യാൻ ഏറ്റവും മികച്ച അഞ്ച് സർക്കാർ സ്ഥാപനങ്ങൾ, 25 വൻ കമ്പനികൾ, 50 ചെറുകിട-ഇടത്തരം കമ്പനികൾ എന്നിവയുടെ പട്ടികയാണ് പുറത്തുവിട്ടത്. ലോകത്തെ 60 രാജ്യങ്ങളിലെ സമാനമായ പട്ടികയും പുറത്തുവിട്ടിട്ടുണ്ട്.
തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്തുകയും സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യുന്നതിന്റെ അടിസ്ഥാനത്തിലാണ് കമ്പനികളെ തെരഞ്ഞെടുക്കുന്നത്. മഹാമാരി വെല്ലുവിളികൾക്കിടയിലും യു.എ.ഇയിലെ കമ്പനികളും സ്ഥാപനങ്ങളും തൊഴിലും ജീവിതവും സന്തുലിതമാക്കാൻ ശ്രമിക്കുന്നുണ്ടെന്ന് ‘ഗ്രേറ്റ് പ്ലേസ് ടു വർക്ക്’ മിഡ്ൽ ഈസ്റ്റ് മാനേജിങ് ഡയറക്ടർ ഇബ്രാഹീം മുഗർബെൽ പറഞ്ഞു. പത്തോ അതിലധികമോ ജീവനക്കാർ ജോലിചെയ്യുന്ന കമ്പനികളെ പരിഗണിച്ചാണ് പട്ടിക രൂപപ്പെടുത്തിയത്. സർവേക്കു വേണ്ടി കമ്പനി സമർപ്പിച്ച മെറ്റീരിയലുകൾ വിലയിരുത്തുകയും ചെയ്ത ശേഷമാണ് വിജയികളെ പ്രഖ്യാപിച്ചത്.
ടെലികമ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റി, ഷാർജ ഇലക്ട്രിസിറ്റി വാട്ടർ ആൻഡ് ഗ്യാസ് അതോറിറ്റി, ഷാർജ സർക്കാറിന്റെ ഇ-ഗവൺമെന്റ് വിഭാഗം, അബുദാബി ഏർലി ചൈൽഡ്ഹുഡ് അതോറിറ്റി എന്നിവയാണ് പട്ടികയിൽ ഉൾപ്പെട്ട മറ്റു സർക്കാർ സ്ഥാപനങ്ങൾ. മക്ഡൊണാൾഡിന്റെ ഇ.എഫ്.സിലാണ് വലിയ കമ്പനികളുടെ പട്ടികയിൽ ഒന്നാമതെത്തിയത്. ചെറുകിട-ഇടത്തരം കമ്പനികളുടെ പട്ടികയിൽ ‘ദ വൺ’ ആണ് മുന്നിലെത്തിയത്. ഈ വർഷം, റീട്ടെയിൽ, സാമൂഹിക സേവനങ്ങൾ, സർക്കാർ ഏജൻസികൾ, മാധ്യമങ്ങൾ എന്നിവ ഉൾപ്പെടെ നിരവധി വ്യവസായ മേഖലകൾ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.