ദീവയുടെ കൂറ്റൻ ജലസംഭരണി ഉദ്ഘാടനം ചെയ്തു
text_fieldsദുബൈ: എമിറേറ്റിലെ ജലവിതരണ ശൃംഖലയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദീവ) എൻഖലിയിൽ നിർമിച്ച കൂറ്റൻ ജലസംഭരണി കമീഷൻ ചെയ്തു. 28.7 കോടി ദിർഹം ചെലവിട്ട് നിർമിച്ച റിസർവോയറിന് 120 ദശലക്ഷം ഇംപീരിയൽ ഗാലൻ ശുദ്ധജലം സംഭരിക്കാനുള്ള ശേഷിയുണ്ട്. റിസർവോയറിനെ ദുബൈ ജലവിതരണ ശൃംഖലയുമായി ബന്ധിപ്പിച്ചതോടെ എമിറേറ്റിലെ ജലവിതരണം കൂടുതൽ കാര്യക്ഷമമാകുമെന്നാണ് വിലയിരുത്തൽ.
എൻഖലിയെ കൂടാതെ ലുസൈലി, ഹാസ്യാൻ, ഹത്ത എന്നിവിടങ്ങളിലാണ് പുതിയ സംഭരണികൾ നിർമിക്കുന്നത്. നിലവിൽ ദീവയുടെ റിസർവോയറുകളുടെ ശേഷി 1001.3 ദശലക്ഷം ഇംപീരിയൽ ഗാലനാണ്. എന്നാൽ, മുഴുവൻ ജലസംഭരണികളുടെയും നിർമാണം പൂർത്തിയാകുന്നതോടെ ജലസംഭരണ ശേഷി 1121.3 ദശലക്ഷം ഇംപീരിയൽ ഗാലനായി ഉയരുമെന്ന് ദീവ എം.ഡിയും സി.ഇ.ഒയുമായ സഈദ് മുഹമ്മദ് അൽ തായർ പറഞ്ഞു.
ജലവിതരണ ശൃംഖലയുടെ കാര്യക്ഷമതയും വിശ്വാസ്യതയും വർധിപ്പിക്കുന്ന ദീവയുടെ നയങ്ങൾക്ക് പുതിയ ജലസംഭരണികൾ കരുത്തുപകരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദുബൈയുടെ സുസ്ഥിര വികസനത്തോടൊപ്പം ജല ലഭ്യതയുടെ ആവശ്യവും ഉയരുകയാണ്.
ഇത് മുൻകൂട്ടി കണ്ടാണ് പുതിയ ജലസംഭരണികൾ കൂടി ദീവ നിർമിക്കുന്നത്. ഈ റിസർവോയറുകൾ ദീവ ആദ്യഘട്ടം പൂർത്തിയാക്കിയ കടൽവെള്ളം ശുദ്ധീകരിക്കാനായുള്ള അക്വിഫർ സ്റ്റോറേജ് ആൻഡ് റിക്കവറി (എ.എസ്.ആർ) പദ്ധതിയിലേക്ക് കൂട്ടിച്ചേർക്കും. 2025ൽ പദ്ധതി പൂർത്തിയാകുമെന്നാണ് പ്രതീക്ഷ.
ഇതോടെ, ജലസംഭരണ ശേഷി 6000 ദശലക്ഷം ഇംപീരിയൽ ഗാലനായി ഉയരും. കുടിവെള്ളം സംഭരിക്കുന്നതിനും അടിയന്തര സാഹചര്യങ്ങളിൽ അത് വീണ്ടെടുക്കുന്നതിനുമുള്ള ലോകത്തിലെ ഇത്തരത്തിലുള്ള ഏറ്റവും വലിയ എ.എസ്.ആർ പദ്ധതിയായി ഇത് മാറും.
ഉയർന്ന അന്താരാഷ്ട്ര നിലവാരത്തിലാണ് എൻഖലി ജലസംഭരണി നിർമിച്ചിരിക്കുന്നതെന്ന് ദീവയുടെ ജല-സിവിൽ വിഭാഗം എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് അബ്ദുല്ല ഉബൈദുല്ല പറഞ്ഞു.
ജല ലഭ്യത ഉറപ്പുവരുത്തുകയെന്നത് യു.എ.ഇയുടെ ദേശീയ നയങ്ങളിൽ ഏറ്റവും പ്രധാനമായ കാര്യങ്ങളിലൊന്നാണ്. സാധാരണ സമയങ്ങളിലും അടിയന്തര ഘട്ടങ്ങളിലും ജലത്തിന്റെ ലഭ്യത ഉറപ്പുവരുത്തുന്നതോടൊപ്പം ഭാവിയിൽ നേരിട്ടേക്കാവുന്ന ജലദൗർലഭ്യം പരിഹരിക്കാനും ലക്ഷ്യമിടുന്നതാണ് യു.എ.ഇ ജലസുരക്ഷ നയം 2036.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.