സ്കൂൾ വിദ്യാർഥികളിൽ നേത്ര പരിശോധനയുമായി ഡി.എച്ച്.എ
text_fieldsദുബൈ: സ്വകാര്യ സ്കൂൾ വിദ്യാർഥികളിൽ സമഗ്രമായ നേത്രപരിശോധന ക്യാമ്പിന് തുടക്കമിട്ട് ദുബൈ ഹെൽത്ത് അതോറിറ്റി (ഡി.എച്ച്.എ). 218 സ്കൂളുകളിൽനിന്നായി 1,32,000 വിദ്യാർഥികളെയാണ് ക്യാമ്പ് ലക്ഷ്യമിടുന്നത്. സ്വകാര്യ ആരോഗ്യ പരിചരണ മേഖലയുമായി സഹകരിച്ച് നടത്തുന്ന സംരംഭത്തിലൂടെ വിദ്യാർഥികൾക്ക് കാഴ്ച പ്രശ്നങ്ങൾ നേരത്തേ കണ്ടെത്തുന്നതിനും പരിഹരിക്കുന്നതിനുമുള്ള സമഗ്രമായ സ്ക്രീനിങ് നടത്തും.
കൂടാതെ നിശ്ചയദാർഢ്യ വിഭാഗങ്ങൾക്കായുള്ള നാല് കേന്ദ്രങ്ങളിൽനിന്നുള്ള 719 പേർക്ക് സമഗ്രമായ നേത്രാരോഗ്യ പരിശോധനയും സംഘടിപ്പിക്കുന്നുണ്ട്. അൽ ജാബർ ഒപ്റ്റിക്കൽസ്, എമിറേറ്റ്സ് ഒപ്റ്റിക്കൽസ്, സൗദി ജർമൻ ഹോസ്പിറ്റൽ, മൂർഫീൽഡ്സ് ഐ ഹോസ്പിറ്റൽ, ബുർജീൽ ഹോൾഡിങ്സ്, ബരാഖർ ഐ ഹോസ്പിറ്റൽ എന്നിവയുൾപ്പെടെയുള്ള പ്രമുഖ ആരോഗ്യ പരിപാലന സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
രോഗ പ്രതിരോധവും നേരത്തെയുള്ള രോഗനിർണയവും ഡി.എച്ച്.എയുടെ സ്കൂൾ ആരോഗ്യ നയത്തിന്റെ അടിസ്ഥാന വശങ്ങളാണെന്ന് പൊതുജനാരോഗ്യ സംരക്ഷണ വകുപ്പിന്റെ ആക്ടിങ് ഡയറക്ടറും ഡി.എച്ച്.എയിലെ ഡയറക്ടർ ജനറലിന്റെ ഉപദേശകനുമായ ഡോ. റമദാൻ ഇബ്രാഹിം അൽബ്ലൂഷി പറഞ്ഞു.
യുവാക്കൾക്കിടയിൽ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടി. കുട്ടികളിൽ കാഴ്ചയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നേരത്തേ തിരിച്ചറിയുന്നതിൽ സ്കൂളുകളിൽ നടത്തുന്ന ഇത്തരം നേത്ര പരിശോധനകൾക്ക് നിർണായക പങ്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാഴ്ച എന്നത് പഠനവുമായി അടുത്ത ബന്ധമുള്ളതിനാൽ അതിന്റെ പ്രശ്നങ്ങൾ കുട്ടിയുടെ അക്കാദമിക് പ്രകടനത്തെയും ജീവിത നിലവാരത്തെയും സാരമായി ബാധിക്കും. കണ്ണിന്റെ പ്രശ്നങ്ങൾ നേരത്തേ കണ്ടെത്താനായാൽ അനുകൂലമായ ഇടപെടൽ വേഗത്തിൽ സാധ്യമാകും.
നേത്ര ആരോഗ്യപരിരക്ഷ ആവശ്യമുള്ള കുട്ടികളെ തിരിച്ചറിയാനും അത്തരം പ്രവർത്തനങ്ങളിൽ സ്കൂൾ മെഡിക്കൽ സ്റ്റാഫിന്റെ കഴിവും അറിവും വർധിപ്പിക്കാനും ഈ സംരംഭം സഹായിക്കും. നേത്ര ക്യാമ്പിലൂടെ കാഴ്ചക്ക് പ്രശ്നമുള്ള കുട്ടിയെ കണ്ടെത്തിയാൽ നേത്രരോഗ വിദഗ്ധനെക്കൊണ്ട് തുടർ പരിശോധന ശിപാർശ ചെയ്യുന്ന ഒരു അറിയിപ്പ് മാതാപിതാക്കൾക്ക് ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.