പ്രമേഹം മുൻകൂട്ടി അറിയണം
text_fieldsവളരെക്കാലമായി ലോകത്തെ വലക്കുന്ന രോഗമാണ് പ്രമേഹം. ലോകാരോഗ്യ സംഘടന അംഗീകരിച്ച ഈ രോഗം ലോകമെമ്പാടും ദശലക്ഷക്കണക്കിന് ആളുകളെ ബാധിച്ചിട്ടുണ്ട്. മനുഷ്യശരീരം സങ്കീർണമായതിനാൽ, അതിന് ക്ഷീണം വരുത്താനും പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താനും പ്രമേഹംപോലുള്ള രോഗത്തിന് കഴിയും. അതിനാൽ നാം കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്
പ്രമേഹം രണ്ടു തരമുണ്ട്. ടൈപ് 1 പ്രമേഹവും ടൈപ് 2 പ്രമേഹവും. ടൈപ് 2 പ്രമേഹത്തിന്റെ ആരംഭത്തെ സൂചിപ്പിക്കുന്ന ചില മുന്നറിയിപ്പ് ശരീരംതന്നെ നൽകും.
ലക്ഷണങ്ങൾ:
•ദാഹം: ദാഹം കൂടുന്നത് ഈ അവസ്ഥയുടെ ഒരു ലക്ഷണമായി കണക്കാക്കാറുണ്ട്. ദാഹം കൂടുന്നതിനൊപ്പം ഇടക്കിടെ മൂത്രം ഒഴിക്കാനുള്ള തോന്നല്‍, അമിതമായ വിശപ്പ്, വായ വരളുക, ശരീരഭാരം കൂടുകയോ കുറയുകയോ ചെയ്യുക എന്നീ ലക്ഷണങ്ങളും കാണപ്പെടും.
•തലവേദന: രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നതുമൂലം കഠിനമായ തലവേദന, തളര്‍ച്ച എന്നിവ ചിലര്‍ക്ക് അനുഭവപ്പെടാറുണ്ട്.
•അണുബാധ: ആരോഗ്യത്തെ ദോഷകരമായി ബാധിച്ചതിന്റെ അനന്തര ഫലങ്ങള്‍ പ്രകടമായി തുടങ്ങുമ്പോള്‍ മാത്രമാണ് ടൈപ് 2 പ്രമേഹം സാധാരണ തിരിച്ചറിയുക. ചില മുറിവുകളും അണുബാധകളും ഭേദമാകാന്‍ കാലതാമസമെടുക്കുന്നത് ഇതിന്റെ ലക്ഷണമാണ്. മൂത്രനാളത്തിലെ അണുബാധയും ത്വക്കിന് ചൊറിച്ചിലും മറ്റു ചില ലക്ഷണങ്ങളാണ്.
•ലൈംഗികപ്രശ്നങ്ങള്‍: ടൈപ് 2 പ്രമേഹം ലൈംഗികപ്രശ്നങ്ങള്‍ക്കും വഴിതെളിക്കാറുണ്ട്. ലൈംഗികാവയവങ്ങളിലെ രക്തധമനികളെയും നാഡികളെയും നശിപ്പിക്കാന്‍ പ്രമേഹത്തിന് കഴിയുന്നതിനാല്‍ സംവേദനശേഷി കുറഞ്ഞുവരുകയും രതിമൂര്ച്ഛയിലേക്ക് എത്താന്‍ വിഷമമുണ്ടാകുകയും ചെയ്യും. പ്രമേഹമുള്ള 35 മുതല്‍ 70 ശതമാനം വരെയുള്ള പുരുഷന്മാരെയും വന്ധ്യത ബാധിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. സ്ത്രീകളില്‍ മൂന്നിലൊന്ന് പേര്‍ക്കും ലൈംഗികപ്രശ്നങ്ങള്‍ ഉണ്ടാകുന്നുണ്ട്.
എങ്ങനെ ടൈപ് 2 പ്രമേഹം കണ്ടെത്താം:
ഹീമോഗ്ലോബിന്‍ എ1സി ടെസ്റ്റിലൂടെ രക്തത്തിലെ ഗ്ലൈക്കോസിലേറ്റഡ് ഹീമോഗ്ലോബിന്റെ അളവ് കണ്ടെത്താന്‍ കഴിയും. രണ്ടു മുതല്‍ മൂന്നു മാസം വരെയുള്ള കാലയളവിലെ രക്തത്തിലെ ശരാശരി ഗ്ലൂക്കോസിന്റെ അളവ് സംബന്ധിച്ച വിവരങ്ങളും ഈ ടെസ്റ്റിലൂടെ അറിയാന്‍ കഴിയും. ഹീമോഗ്ലോബിന്‍ എ1സിയുടെ അളവ് 6.5 ശതമാനത്തിനു മുകളിലാണെങ്കില്‍ പ്രമേഹമുള്ളതായി കണക്കാക്കാം.
ആഹാരം കഴിക്കാതെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പരിശോധിക്കുന്നതാണ് മറ്റൊരു ടെസ്റ്റ്. ആഹാരം കഴിക്കാതെയുള്ള രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് 126ന് മുകളിലാണെങ്കില്‍ പ്രമേഹത്തിന്റെ സാന്നിധ്യം ഉറപ്പിക്കാം. പ്രമേഹമുള്ളവരില്‍ ഗ്ലൂക്കോസിന്റെ അളവ് 200ന് മുകളില്‍ വരെ വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും.
പ്രതിരോധം:
ആരോഗ്യദായകമായ ഭക്ഷണശീലങ്ങള്‍, ശരിയായ വ്യായാമം, ശരീരഭാരനിയന്ത്രണം എന്നിവയിലൂടെ ഒരു പരിധി വരെ പ്രമേഹം വരാനുള്ള സാധ്യത കുറക്കാന്‍ കഴിയും.
ഭക്ഷണക്രമം:
രക്തത്തിലെ പഞ്ചസാരയുടെ അളവ് നല്ല രീതിയില്‍ നിയന്ത്രിക്കുകയാണെങ്കില്‍ പ്രമേഹംകൊണ്ടുണ്ടാകുന്ന അപകടസാധ്യതകള്‍ ഒരു പരിധി വരെ കുറക്കാം. ഡോക്ടറുടെ നിർദേശപ്രകാരം ഭക്ഷണക്രമത്തില്‍ മാറ്റങ്ങള്‍ വരുത്തുക. ടൈപ് 2 പ്രമേഹമുള്ള പലര്‍ക്കും ആഹാരത്തില്‍ കാര്‍ബോഹൈഡ്രേറ്റ് ഉള്‍പ്പെടുത്തുന്നതും കലോറി കുറക്കുന്നതും സംബന്ധിച്ചുള്ള നിർദേശങ്ങള്‍ ആവശ്യമാണ്. കൊഴുപ്പിന്റെയും പ്രോട്ടീന്റെയും ഉപയോഗം ശ്രദ്ധിക്കേണ്ടതുണ്ട്.
വ്യായാമം:
നടത്തം ഉൾപ്പെടെയുള്ള സ്ഥിരവ്യായാമങ്ങള് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറക്കാന്‍ ടൈപ് 2 പ്രമേഹമുള്ളവരെ സഹായിക്കും. ഇത്തരം പ്രമേഹമുള്ളവര്‍ ദിവസവും അരമണിക്കൂറെങ്കിലും വ്യായാമം ചെയ്യാന്‍ നിർദേശിക്കാറുണ്ട്.
സമ്മർദം കുറക്കുക:
പ്രമേഹമുള്ളവരെ സമ്മർദം കൂടുതല്‍ പ്രശ്നത്തിലാക്കും. ഇതുമൂലം രക്തസമ്മർദം മാത്രമല്ല, ഗ്ലൂക്കോസിന്റെ അളവും ഉയരും. സമ്മർദം കുറക്കാനുള്ള വിദ്യകള്‍ സ്വീകരിക്കുന്നവര്‍ക്ക് പ്രമേഹത്തെ നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് കാണുന്നത്.
മരുന്ന് കഴിക്കുക:
വ്യായാമംകൊണ്ടും ഭക്ഷണക്രമംകൊണ്ടും നിയന്ത്രിക്കാന്‍ കഴിയാത്ത പ്രമേഹമുള്ളവരോട് മരുന്ന് കഴിക്കാന്‍ നിർദേശിക്കാറുണ്ട്. പ്രമേഹം നിയന്ത്രിക്കാനുള്ള പലതരം മരുന്നുകള്‍ ലഭ്യമാകും. ചിലത് ഇന്‍സുലിന്റെ ഉൽപാദനം ഉയര്‍ത്തും, മറ്റു ചിലത് ശരീരത്തിന്റെ ഇന്‍സുലിന്‍ ഉപയോഗം വര്‍ധിപ്പിക്കും, ചിലത് അന്നജത്തിന്റെ ദഹനം ഭാഗികമായി തടസ്സപ്പെടുത്തുന്നതാണ്.
ഇന്‍സുലിന്‍:
ടൈപ് 2 പ്രമേഹമുള്ള ചിലര്‍ ഇന്‍സുലിന്‍ എടുക്കാറുണ്ട്. ഗുളികകള്‍ കഴിക്കുന്നതിനൊപ്പം തന്നെയായിരിക്കും ഇതും ചെയ്യുന്നത്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിനനുസരിച്ച് പാന്‍ക്രിയാസ് ഇന്‍സുലിന്‍ ഉൽപാദിപ്പിക്കാത്ത അവസ്ഥയിലും ഇന്‍സുലിന്‍ എടുക്കാറുണ്ട്. ടൈപ് 2 പ്രമേഹമുള്ളവരിലാണ് ഈ അവസ്ഥ കാണപ്പെടുക. ഇന്‍സുലിന്‍ ഉൽപാദിപ്പിക്കപ്പെടുന്നില്ലെങ്കില്, ഇന്‍സുലിന്‍ ചികിത്സ ആവശ്യമാണ്.
പ്രായഭേദമെന്യേ എല്ലാവരെയും ബാധിക്കുന്ന ഒന്നാണ് ടൈപ് 2 പ്രമേഹം. പ്രഥമലക്ഷണങ്ങള്‍ ചിലപ്പോള്‍ അറിയണമെന്നില്ല. അതിനാല്‍ ഇത് ബാധിച്ചു എന്നത് തിരിച്ചറിയാന്‍ സമയമെടുക്കും. ആയതിനാൽ നിങ്ങളുടെ ശരീരത്തെക്കുറിച്ച് വ്യക്തമായ അവബോധം ഉണ്ടായിരിക്കണം. ജാഗരൂകരായിരിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.