പ്രവാസലോകം ഷാർജയിലേക്ക്; ‘കമോൺ കേരള’ക്ക് പ്രൗഢ തുടക്കം; ആദ്യദിനം ഒഴുകിയെത്തിയത് പതിനായിരങ്ങൾ
text_fieldsഷാർജ: അറബ് ലോകത്തെ പ്രവാസി മലയാളികളുടെ ആറാം ആഘോഷപ്പെരുന്നാളിന് സാംസ്കാരിക തലസ്ഥാനത്ത് കേളികെട്ടുയർന്നു. വർണ വൈവിധ്യങ്ങൾ നിറഞ്ഞ അഞ്ചു പതിപ്പുകളിലൂടെ മലയാളി ഹൃദയങ്ങളിൽ മുദ്ര ചാർത്തപ്പെട്ട ഗൾഫ് മാധ്യമം ‘കമോൺ കേരള’യുടെ ആറാം എഡിഷന് ഷാർജയിലെ എക്സ്പോ സെന്‍ററിൽ പ്രൗഢ തുടക്കം.
സംസ്കാരവും വിനോദവും വിജ്ഞാനവും വാണിജ്യവും സംഗമിക്കുന്ന മഹാമേളയിലേക്ക് മൂന്ന് ദിനരാത്രങ്ങളിലായി പ്രവാസലോകം ഒഴുകിയെത്തും. യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിന് കീഴിൽ ഷാർജ ചേംബർ ഓഫ് കോമേഴ്സിന്‍റെയും കോമേഴ്സ് ആൻഡ് ടൂറിസം ഡെവലപ്മെന്‍റ് അതോറിറ്റിയുടെയും പങ്കാളിത്തത്തോടെയാണ് മഹാമേള സംഘടിപ്പിക്കുന്നത്. മേളയുടെ ഉദ്ഘാടനം ഷാർജ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി ബോർഡ് അംഗം അഹമ്മദ് മുഹമ്മദ് ഉബൈദ് അൽ നബൂദ നിർവഹിച്ചു.
ഷാർജ എക്സ്പോ സെന്‍റർ സി.ഇ.ഒ സെയ്ഫ് മുഹമ്മദ് അൽ മിദ്ഫ, ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസ്, ഹൈലൈറ്റ് ഗ്രൂപ് എം.ഡിയും ചെയർമാനുമായ പി. സുലൈമാൻ, സി.എം.വി ഹോൾഡിങ്സ് ചെയർമാൻ നൗഫൽ അറക്കൽ, മോറിക്കാപ് ഗ്രൂപ് ചെയർമാൻ നിഷിൻ തസ്ലീം സി.എം, സ്മാർട്ട് ട്രാവൽ ഗ്രൂപ് സി.ഇ.ഒ അഫി അഹമ്മദ്, ഹോട്ട്പാക്ക് ഓപറേഷൻസ് ഡി.ജി.എം മുജീബ് റഹ്മാൻ, ഐഡിയൽ പബ്ലിക്കേഷൻ ട്രസ്റ്റ് സെക്രട്ടറി ടി.കെ ഫാറൂഖ്, മാധ്യമം സി.ഇ.ഒ പി.എം. സാലിഹ്, ഗൾഫ് മാധ്യമം മിഡിലീസ്റ്റ് ഓപറേഷൻസ് ഡയറക്ടർ സലീം അമ്പലൻ, മാധ്യമം ബിസിനസ് സൊല്യൂഷൻസ് ഗ്ലോബൽ ഹെഡ് കെ. മുഹമ്മദ് റഫീഖ്, ഗൾഫ് മാധ്യമം സി.ഒ.ഒ സക്കരിയ മുഹമ്മദ് തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.
വെള്ളിയാഴ്ച രാവിലെ 10ന് നൂറിലധികം കുട്ടികൾ പങ്കെടുത്ത ‘ലിറ്റിൽ ആർട്ടിസ്റ്റ്’ ചിത്രരചന മത്സരത്തോടെയാണ് പരിപാടിക്ക് തുടക്കമായത്. ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി നടക്കുന്ന മത്സരം അടുത്ത രണ്ടു ദിവസങ്ങളിലും തുടരും. ഗൾഫിൽനിന്നും ഇന്ത്യയിൽനിന്നും 150ഓളം സ്ഥാപനങ്ങളുടെ പ്രദർശനങ്ങളാണ് മേളയിൽ ഒരുക്കിയിട്ടുള്ളത്. ഉദ്ഘാടന ശേഷം വിശിഷ്ടാതിഥികൾ പ്രദർശന നഗരി സന്ദർശിച്ചു. പ്രദർശന നഗരിയിൽ ഒരുക്കിയ ‘പത്തേമാരിയിൽ’ നടത്തിയ കലാപരിപാടികളും ആസ്വദിച്ച ശേഷമാണ് അതിഥികൾ മടങ്ങിയത്.
ആദ്യദിനം തന്നെ പതിനായിരങ്ങളാണ് മേള നഗരിയിലേക്ക് ഒഴുകിയെത്തിയത്. തുടർന്ന് ജലീൽ കാഷ് ആൻഡ് ക്യാരി പയനീർ പുരസ്കാരങ്ങൾ പ്രധാന വേദിയിൽ സമ്മാനിച്ചു. രാത്രി എ.ആർ. റഹ്മാന്‍റെ പാട്ടുകൾ കോർത്തിണക്കിയ ‘റഹ്മാനിയ’ സംഗീത നിശ സന്ദർശകർക്ക് വിരുന്നായി മാറി. ശനിയാഴ്ച പ്രധാന വേദിയിൽ നടക്കുന്ന ചടങ്ങിൽ ഇന്ത്യൻ-അറബ് വനിത പ്രതിഭകൾക്ക് ആദരമൊരുക്കുന്ന ഇന്തോ-അറബ് വിമൻ എക്സലൻസ് പുരസ്കാരം സമ്മാനിക്കും. സമാപന ദിനമായ ഞായറാഴ്ച ‘അറേബ്യൻ ലജൻഡറി അച്ചീവ്മെന്‍റ് അവാർഡ്’ വിതരണവും നടക്കും. തുടർന്ന് പ്രമുഖർ പങ്കെടുക്കുന്ന ‘ഗൾഫ് മാധ്യമം’ രജത ജൂബിലി ആഘോഷവും വേദിയിൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.