ഒമ്പത് ദിവസത്തെ ലോഞ്ച് യാത്രക്കൊടുവിൽ ദിബ്ബയിൽ; പിന്നെ 46 വർഷത്തെ പ്രവാസം
text_fieldsഅബൂദബി: ചാവക്കാട് ഒരുമനയൂർ തൈക്കടവ് സ്വദേശി വി.കെ. ശംസുദ്ദീൻ ഗൾഫിലേക്ക് പുറപ്പെടുേമ്പാൾ വെറും 16 വയസ്സ്. 1971ൽ മുംബൈയിൽനിന്ന് ലോഞ്ചിലായിരുന്നു യാത്ര. യാത്രക്കൂലിയായി നൽകിയത് 400 രൂപ. കാറ്റും കോളും കാരണം പ്രക്ഷുബ്ധമായ കടലിൽ ജീവിതത്തിനും മരണത്തിനുമിടയിൽ ലോഞ്ച് ആടിയുലഞ്ഞത് അദ്ദേഹത്തിന് നടുക്കം വിടാത്തൊരു ഒാർമയാണ്. 96 പേരാണ് ലോഞ്ചിലുണ്ടായിരുന്നത്. അതിൽ എത്ര പേർ കരയിലെത്തിയെന്നും എത്ര പേർ മരിച്ചുവെന്നും അറിയില്ല. ദിവസം ഒരു നേരം മാത്രമാണ് ഭക്ഷണം ലഭിച്ചിരുന്നത്. വലിയ പാത്രത്തിൽ വിളമ്പിയിരുന്ന ഭക്ഷണത്തിന് വേണ്ടി ആളുകൾ തിക്കും തിരക്കും കൂട്ടും. വിശപ്പിെൻറ വെപ്രാളത്തിൽ ചിലർക്ക് ഭക്ഷണം കിട്ടും. ഒന്നും ലഭിക്കാത്തവർ വെള്ളം കുടിച്ച് വിശപ്പടക്കും.
ദുരിതപൂർണമായ ഒമ്പത് ദിവസത്തെ യാത്രക്കൊടുവിൽ 1971 നവംബർ പത്തിനാണ് യു.എ.ഇയിലെ ദിബ്ബയിൽ ലോഞ്ച് കരക്കടിഞ്ഞത്. പാതിരാത്രിയുടെ കൂരിരുട്ടിൽ മരുഭൂമിയുടെ വന്യതയിലേക്കാണ് ഇറക്കിവിട്ടത്. ലക്ഷ്യമറിയാതെ മരുഭൂമിയിലൂടെ കുറെ നടന്നു. ഒടുവിൽ ദൂരെ ദിക്കിൽ നേർത്ത പ്രകാശം തെളിഞ്ഞു കണ്ടു. അതിനെ ലക്ഷ്യമാക്കി വീണ്ടും നടത്തം.
ചായക്കടയുടെ മുന്നിലെ വിളക്ക് മാടമായിരുന്നു ആ പ്രകാശം. ചായക്കടയിലെത്തിയപ്പോൾ സന്തോഷം കൊണ്ട് കരഞ്ഞു. അവിടെനിന്ന് ചായയും പൊറോട്ടയും വയർ നിറയെ കഴിച്ചു. പിന്നെ ഷാർജയിലും ദുബൈയിലുമായി പലയിടത്തും ജോലി നോക്കി. 1974ൽ പാസ്പോർട്ട് ലഭിച്ചു. 1976ൽ അബൂദബിയിലെത്തുകയും വിസ കരസ്ഥമാക്കുകയും ചെയ്തു. പിന്നീട് അബൂദബിയിലെ സർക്കാർ സ്ഥാപനത്തിൽ ജോലി ലഭിച്ചു. 41വർഷം നീണ്ട ഇവിടുത്തെ ജോലിയിൽനിന്ന് വിരമിച്ചാണ് നാലര പതിറ്റാണ്ടിലേറെ കാലത്തെ പ്രവാസ ജീവിതത്തോട് വിട പറയുന്നത്. സഹപ്രവർത്തകർ സ്നേഹ ഉൗഷ്മളമായ യാത്രയയപ്പാണ് ശസുദ്ദീന് ഒരുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.