മാന്ത്രികൻ മറയുമ്പോൾ വിതുമ്പുന്നു ഡീഗോയുടെ രണ്ടാംവീടും
text_fieldsദുബൈ അൽവാസൽ ക്ലബിെൻറ പരിശീലകനായിരുന്ന കാലത്ത് ഡീഗോ മറഡോണ
ദുബൈ: പച്ചപ്പുൽ മൈതാനത്തിലെ നീളൻ ചതുരക്കള്ളിയിലെ ഒരാൾ മാത്രം നയിക്കുന്ന ഘോഷയാത്രക്ക് അവസാനമായിരിക്കുന്നു. എതിരാളികളെയും കാണികളെയും ഇനി കാണാനിരിക്കുന്നവരെയെല്ലാം വെട്ടിച്ച് നൂറ്റാണ്ടിെൻറ ഇതിഹാസം കൊള്ളിയാൻപോലെ മായുമ്പോൾ വിതുമ്പലടക്കാനാവാതെ കണ്ണീർവാർക്കുകയാണ് ഡീഗോ രണ്ടാം വീടായി തെരെഞ്ഞെടുത്ത ദുബൈ നഗരവും. കുറിയ ശരീരവും പാറിപ്പറന്ന മുടിയഴകുമായി മൈതാനത്ത് തീർത്ത മായാജാലം ഒരുമാത്ര കണ്ടവരെപോലും നീലയും വെള്ളയും നിറങ്ങൾ ചാലിച്ച കൊടിക്ക് കീഴിൽ ആർപ്പുവിളിക്കുന്നവരാക്കി മാറ്റിയ ഫുട്ബാൾ ഇതിഹാസത്തിെൻറ വിയോഗ വാർത്ത, ലോകത്തിലെന്നപോലെ അതിഞെട്ടലോടെയാണ് മണൽക്കാടുകളിൽ പന്തുതട്ടി വളർന്ന അറേബ്യൻ ആരാധകരും കേട്ടത്.
ചേരിപ്രദേശമായ ലാനൂസിലെ തെരുവിൽ വിശപ്പു മറക്കാൻ പന്തുതട്ടി നടന്ന കുട്ടിക്ക് ചേരിക്കാർ പതിച്ചു നൽകിയ പേരായിരുന്നു ഗോൾഡൻ ബോയ്. എന്നാൽ 20ാം നൂറ്റാണ്ടിനെ ഇടതുകാലിൽ കൊരുത്ത് തട്ടിക്കളിച്ച ഗോൾഡൻ ബോയ്, ലോകത്തിെൻറ സുവർണതാരമെന്ന പദവിയിലേക്ക് ഞൊടിയിടയിൽ നിവർന്നുനിന്നതിന് ഫുട്ബാൾ ലോകംതന്നെ സാക്ഷിയായി. 16ാം വയസ്സിൽ രാജ്യത്തിെൻറ മാനം കാക്കാൻ ബൂട്ടുകെട്ടിയിറങ്ങിയതും 17ൽ ഇടതടവില്ലാതെ വല കുലുക്കി ടോപ് സ്കോറർ ആയതും 19ാം പിറന്നാളിൽ വൻകരയുടെതന്നെ താരമായി മാറിയതും സോക്കറിനെ നെഞ്ചേറ്റുന്ന അറബ് ജനതയും അതിശയത്തോടെയാണ് നോക്കിക്കണ്ടത്.
10ാം നമ്പര്‍ ജഴ്സിയിൽ പച്ചപ്പുൽമൈതാനത്ത് ഫുട്ബാളിെൻറ പത്തരമാറ്റ് സൗന്ദര്യം ലോകത്തിന് കാട്ടിക്കൊടുത്ത ഡീഗോ 2011ലാണ് കളിക്കുന്നതു പോലെ കളി പഠിപ്പിക്കുകയെന്ന ദൗത്യവുമായി യു.എ.ഇയിൽ വിമാനമിറങ്ങുന്നത്. അറേബ്യന്‍ ഗള്‍ഫ് ലീഗില്‍ കളിക്കുന്ന അല്‍വാസല്‍ ക്ലബിെൻറ കളിആചാര്യനായി ദുബൈ നഗരത്തിെൻറ സ്നേഹത്തിലേക്കായിരുന്നു ആ വരവ്. ഊദ് മേത്തയിലെ സബീല്‍ സ്റ്റേഡിയത്തില്‍ അദ്ദേഹം കാലെടുത്തുെവച്ച നിമിഷം ദുബൈ നഗരത്തിെൻറയും യു.എ.ഇയുടെയും ഹൃദയത്തിലേക്ക് ഞാൻ പറന്നിറങ്ങിയെന്നായിരുന്നു കാൽപ്പന്ത് മാന്ത്രികെൻറ കമൻറ്. ഉരുണ്ട പന്തിനു പിന്നാലെ പായുന്ന ലോകത്തിെൻറ കണ്ണുകളെല്ലാം ദുബൈ നഗരത്തിലേക്ക് തുറന്നുവെച്ച നിമിഷം കൂടിയായിരുന്നു അത്. എന്നാൽ, കളിക്കളത്തിലെ മികവ് കുമ്മായവരക്ക് പുറത്തെ സൈഡ് ബോക്സിൽനിന്ന് പുറത്തെടുക്കാൻ ഡീഗോക്ക് പൂർണമായി കഴിഞ്ഞില്ലെന്നതാണ് വാസ്തവം.
ഉരുണ്ട പന്തിനോളം ഇരുണ്ട ലഹരിയെയും ഉന്മാദിയായി പ്രണയിച്ചപ്പോൾ മറഡോണയും കരിയറും ജീവിതവും മറ്റേതോ വിങ്ങിലേക്ക് കുതറിത്തെറിച്ചുപോയി. ലഹരിയും കുത്തഴിഞ്ഞ ജീവതവും ഡീഗോയുടെ കാലുകളെ തളർത്തിയപ്പോൾ 94 ലോകകപ്പിന് പിന്നാലെ ചുവപ്പ് കാർഡ് കാട്ടിയാണ് 'ഫിഫ'ഡീഗോയെ അച്ചടക്കം പഠിപ്പിച്ചത്. വിലക്കിെൻറയും വിഷാദത്തിെൻറയും നാളുകളിലും കളിക്കളത്തിലെന്ന പോലെ കളിക്കു പുറത്തും പൊട്ടിത്തെറിച്ചുതന്നെ ഡീഗോ ജീവിതത്തെ മുന്നോട്ടുനയിച്ചു. ഇതൊക്കെയായിട്ടും 20ാം നൂറ്റാണ്ടിലെ മികച്ച പന്താട്ടക്കാരൻ ആരെന്ന ഫിഫയുടെ ചോദ്യത്തിനു മുന്നിൽ ലോകം ഒറ്റക്കെട്ടായി ഡീഗോ അർമാൻഡോ മറഡോണയെന്ന കുറിയ മനുഷ്യനെ മുന്നിൽ നിർത്തിയ നിമിഷം മാത്രം മതി, പന്തുരുളുമ്പോൾ ആരവമുയർത്തുന്നവരുടെ മനസ്സിൽ ആരായിരുന്നു ഇൗ അർജൻറീനക്കാരനെന്ന ചോദ്യത്തിന്. 2012 ദുബൈ നഗരത്തിെൻറ കായികസ്വപ്നങ്ങളുടെ വാഹകനാകാൻ ഓണററി സ്പോർട്സ് അംബാസഡറായി ഇൗ കുറിയ മനുഷ്യനെ ദുബൈ സ്പോർട്സ് കൗൺസിൽ ഉയർത്തിക്കാട്ടിയതിനു പിന്നിലും ലോകത്തിന് ഡീഗോയോടുള്ള വിശ്വാസം കണ്ടറിഞ്ഞുകൊണ്ടുതന്നെയാണ്. 2013ൽ അൽവാസൽ ക്ലബുമായി കരാർ പുതുക്കിയെങ്കിലും അധികകാലം തുടർന്നില്ല. പിന്നീട് 2018ലാണ് യു.എ.ഇയിൽ ഡീഗോ സെക്കൻഡ് ഹാഫിലിറങ്ങുന്നത്; ഫുജൈറ ഫസ്റ്റ് ഡിവിഷന് ടീമിെൻറ പരിശീലകവേഷത്തിലായിരുന്നു രണ്ടാംവരവ്.
ലാനൂസിെൻറ തെരുവിൽ പന്തുകൊണ്ടു മാന്ത്രികനൃത്തം ചവിട്ടിയപ്പോൾ ഇതാ പെലെയുടെ പിൻഗാമിയെന്ന് ആർത്തുവിളിച്ച ലാറ്റിനമേരിക്കയോട് അല്ല, ഞാൻ ഡീഗോ അർമാൻഡോ മറഡോണയാണെന്ന് ഇദ്ദേഹം ഉറക്കെ വിളിച്ചുപറഞ്ഞത് ആകാശം തൊടുന്ന ആത്മവിശ്വാസത്തോടെയായിരുന്നു. ലാനൂസിെൻറ ചേരികളിൽ ഇനിയും കുരുന്നുകൾ പന്തുതട്ടി മുന്നേറിയേക്കും. അവർ ലോകത്തോളം വളരുകയും ചെയ്യും. എന്നാൽ, അവരെല്ലാം മറഡോണയുടെ പിന്മുറക്കാരെന്ന് മാത്രമേ വാഴ്ത്തിപ്പാടൂ. കാരണം മറ്റൊരാൾക്കും എത്തിപ്പിടിക്കാനാവാത്ത ഉയരങ്ങൾ താണ്ടിയാണ് സോക്കർ ഭ്രാന്തന്മാരുടെ ദൈവമായിരുന്ന ഡീഗോ ഒടുവിൽ 'ദൈവത്തിെൻറ കൈകളി'ലേക്ക് സുരക്ഷിതനായി മടങ്ങുന്നത്.
തൂവെള്ള വിവാഹവസ്ത്രം ധരിച്ച് ഞാൻ എെൻറ കല്യാണമണ്ഡപത്തിലിരിക്കുകയാണെന്ന് കരുതുക, ചളിയിൽ പുതഞ്ഞൊരു പന്ത് എെൻറ നേർക്ക് ഉയർന്നുവരുകയാണെന്ന് സങ്കൽപിക്കുക, എന്നാലും ഇടനെഞ്ചിൽ ടാപ് ചെയ്ത് നിർത്തിയ ശേഷം മാത്രമേ ഞാൻ ആ പന്തിനെ നിലംതൊടീക്കുകയുള്ളൂ...അതെ, ഡീഗോയുടെ ഇൗ വാക്കുകൾതന്നെയാണ് സത്യം. പച്ചപ്പുൽമൈതാനത്ത് ഒരു പന്തുരുളുന്നുണ്ട്, ആ പന്ത് ഗാലറിയിലെ ആരവങ്ങളിലേക്ക് വഴിമാറുന്ന കാലം അവസാനിക്കാത്ത കാലത്തോളം ഡീഗോ മറഡോണയെന്ന കാൽപ്പന്തുലോകത്തെ ഇതിഹാസം അനശ്വരനായി നിലനിൽക്കുമെന്നുതന്നെയാണ് ദുബൈ നഗരത്തിലെ കളിക്കാരും ആരാധകരുമടങ്ങുന്ന കാൽപ്പന്തുലോകവും കണ്ണീർവാക്കുകളാൽ പറഞ്ഞുവെക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.