ലോകത്തെ ആദ്യ ഡിജിറ്റൽ ആസ്തി നിയമവുമായി ഡി.ഐ.എഫ്.സി
text_fieldsദുബൈ: ലോകത്ത് ആദ്യമായി ഡിജിറ്റൽ ആസ്തി നിയമം നടപ്പാക്കി ദുബൈ ഇൻറർനാഷനൽ ഫിനാൻഷ്യൽ സെൻറർ (ഡി.ഐ.എഫ്.സി). ഫിനാൻഷ്യൽ സെൻററിലെ ഡിജിറ്റൽ ആസ്തി നിക്ഷേപകർക്കും ഉപയോക്താക്കൾക്കും നിയമപരമായ സംരക്ഷണവും ശക്തമായ ചട്ടക്കൂടും നൽകാൻ ലക്ഷ്യമിട്ടാണ് നിയമം രൂപപ്പെടുത്തിയിരിക്കുന്നത്.
കോടിക്കണക്കിന് ഡോളർ മൂല്യമുള്ള ഡിജിറ്റൽ അസറ്റ് വ്യവസായം വളരെ വേഗം വളരുന്നതും ഭാവിയിൽ വലിയ സാധ്യതകളുള്ളതുമാണ്. ഈ സാഹചര്യത്തിലാണ് ഈ മേഖലയിൽ കൃത്യമായി നിയമം രൂപപ്പെടുത്തിയിരിക്കുന്നത്. നേരത്തെ ഡിജിറ്റൽ അസറ്റുകളുടെ നിയമപരമായ സ്വഭാവത്തെ കുറിച്ച് അവ്യക്തത നിലനിന്നിരുന്നു. അന്താരാഷ്ട്ര തലത്തിൽ ചില മാർഗനിർദേശങ്ങൾ നിലവിലുണ്ടായിരുന്നെങ്കിലും സമഗ്രമായ ഒരു ചട്ടക്കൂട് നിലവിലുണ്ടായിരുന്നില്ല.
വിപുലമായ ഗവേഷണവും വിദഗ്ധരുടെ അഭിപ്രായങ്ങൾ ശേഖരിച്ചുമാണ് ഡി.ഐ.എഫ്.സി നിയമപരമായ ചോദ്യങ്ങൾ കണ്ടെത്തുകയും അവ പരിഹരിക്കുന്നതിനുള്ള ഒരു ചട്ടക്കൂട് നിർമിക്കുകയും ചെയ്തിട്ടുള്ളത്.
ഡിജിറ്റൽ ആസ്തികൾ സംബന്ധിച്ച് വ്യക്തമായി നിർവചിക്കുന്നതാണ് ഡി.ഐ.എഫ്.സി രൂപപ്പെടുത്തിയ നിയമം. സമ്പത്തിന്റെ ഒരു രൂപമായി ഡിജിറ്റൽ ആസ്തികളെ വ്യക്തമായി നിർവചിക്കുന്ന നിയമം, വിവിധ കക്ഷികൾക്ക് ഈ ആസ്തികൾ എങ്ങനെ നിയന്ത്രിക്കാമെന്നും കൈമാറ്റം ചെയ്യാമെന്നും കൈകാര്യം ചെയ്യാമെന്നും വിശദമാക്കുന്നുണ്ട്. ഈ മേഖലയിൽ നിയമപരമായ വ്യക്തത കൈവരുന്നത് ഡിജിറ്റൽ അസറ്റ് വിപണിയിൽ ആത്മവിശ്വാസവും പങ്കാളിത്തവും വളർത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിയമം മാർച്ച് എട്ട് മുതലാണ് നിലവിൽ വന്നിട്ടുള്ളത്. ഡിജിറ്റൽ അസറ്റ് ലോ പ്രഖ്യാപിക്കുന്നത് വളരെ ആവേശപൂർവമാണെന്നും, ഈ നിയമം മേഖലയിൽ വലിയ മാറ്റങ്ങൾക്ക് കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഡി.ഐ.എഫ്.സി ചീഫ് ലീഗൽ ഓഫിസർ ജാക്വസ് വിസർ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.