ജീവനക്കാരിൽ വിവിധ രാജ്യക്കാർ നിർബന്ധം: ഇല്ലെങ്കിൽ വിസ നിയന്ത്രണം
text_fieldsദുബൈ: യു.എ.ഇയിൽ പ്രവർത്തിക്കുന്ന കമ്പനികളിലെ ജീവനക്കാരിൽ നിശ്ചിത ശതമാനം വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാകണമെന്ന നിബന്ധന പാലിച്ചില്ലെങ്കിൽ പുതിയ തൊഴിൽ പെർമിറ്റിന് നിയന്ത്രണം. ജീവനക്കാർക്കിടയിൽ വൈവിധ്യവത്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നീക്കം. ആകെ ഒഴിവുകളിൽ 20 ശതമാനം വിവിധ രാജ്യങ്ങളിലുള്ളവർക്കായി മാറ്റണമെന്ന് നേരത്തേ മാനവ വിഭവശേഷി, എമിററ്റൈസേഷൻ മന്ത്രാലയം നിർദേശിച്ചിരുന്നു. വ്യവസ്ഥ പാലിക്കാത്ത കമ്പനികളുടെ പുതിയ വിസ അപേക്ഷയാണ് ഇപ്പോൾ നിരസിക്കപ്പെടുന്നത്. ഉദാഹരണത്തിന് 100 ജീവനക്കാരുള്ള സ്ഥാപനത്തിൽ 20 പേർ മറ്റ് രാജ്യക്കാരാകണം. യു.എ.ഇയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ എല്ലാ രാജ്യക്കാർക്കും പരിഗണന ഉറപ്പുവരുത്തുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. പുതുതായി ആരംഭിച്ച സ്ഥാപനങ്ങൾക്കും നിർദേശം ബാധകമാണെന്നാണ് വിവരം. പുതിയ കമ്പനികളിൽ ജീവനക്കാരെ നിയമിക്കുമ്പോൾ ആദ്യത്തെ 20 ശതമാനം ഇതര രാജ്യങ്ങളിലുള്ളവർക്ക് മുൻഗണന നൽകണമെന്ന നിബന്ധനയുള്ളതായും ചിലർ ചൂണ്ടിക്കാട്ടുന്നുണ്ട്. വിസ അപേക്ഷ സമർപ്പിക്കുമ്പോൾ ടൈപ്പിങ് സെന്ററുകൾക്കാണ് ഇത്തരമൊരു സന്ദേശം ലഭിച്ചത്.
അതേസമയം, സന്ദർശകർ, ഗാർഹിക തൊഴിലാളികൾ, ഫ്രീസോണിലുള്ളവർ, കുടുംബ വിസക്കാർ എന്നിവർക്ക് നിയമം ബാധകമല്ലെന്നാണ് സൂചന. ഇക്കാര്യം മാനവ വിഭവശേഷി, എമിറ്റൈസേഷൻ മന്ത്രാലയം ഔദ്യോഗികമായി വിശദീകരിച്ചിട്ടുമില്ല. വെബ്സൈറ്റിൽ പുതിയ വർക്ക് പെർമിറ്റിനായി അപേക്ഷ സമർപ്പിക്കുമ്പോൾ നിലവിലെ നിബന്ധനകൾ ചൂണ്ടിക്കാട്ടി നിരസിച്ചതായി ഈ രംഗത്ത് പ്രവർത്തിക്കുന്ന ചില സ്ഥാപനങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. നിലവിലെ വിസ പുതുക്കുമ്പോൾ ഈ നിബന്ധന പാലിക്കണമോ എന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല. എന്നാൽ, കമ്പനികൾ വിസ വാഗ്ദാനം ചെയ്യുമ്പോൾ ഇക്കാര്യങ്ങൾ കൂടി ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പും ഇവർ നൽകുന്നുണ്ട്. ഇന്ത്യക്കാർക്ക് മാത്രം യു.എ.ഇയിൽ വിസ നിയന്ത്രണം എന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണ്. എല്ലാ രാജ്യങ്ങൾക്കും നിയമം ബാധകമാണ്. പാകിസ്താൻ പൗരൻമാർ ഏറെയുള്ള സ്വകാര്യ കമ്പനി കഴിഞ്ഞ ദിവസം പുതിയ ആളിന് വർക്ക് പെർമിറ്റിനായി അപേക്ഷ സമർപ്പിച്ചപ്പോഴും സമാനരീതിയിൽ അലർട്ട് സന്ദേശം വന്നിരുന്നു. എങ്കിലും യു.എ.ഇയിൽ ജോലി ചെയ്യുന്നവരിൽ കൂടുതലും ഇന്ത്യയിൽ നിന്നുള്ളവരായതിനാൽ പുതിയ ജോലി സാധ്യത അന്വേഷിക്കുന്നവർക്ക് പുതിയ നിയമം വിലങ്ങുതടിയാകുമോയെന്നും ആശങ്കയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.