ഡിജിറ്റൽ ജീവിത ശൈലി; യു.എ.ഇ ഏറെ മുന്നിൽ
text_fieldsദുബൈ: ലോകത്ത് ഡിജിറ്റൽ ജീവിതരീതി പിന്തുടരുന്നവരിൽ യു.എ.ഇ ഏറെ മുന്നിലെന്ന് പഠനം. വിവിധ ഡിജിറ്റൽ ലൈഫ് ഇൻഡക്സുകളെ ഉദ്ധരിച്ച് ടെലികമ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്‍റ് റെഗുലേറ്ററി അതോറിറ്റിയാണ് (ടി.ഡി.ആർ.എ) ഇക്കാര്യം വെളിപ്പെടുത്തിയത്.
സമൂഹ മാധ്യമങ്ങളുടെ ഉപയോഗത്തിൽ ആഗോളതലത്തിൽ ഒന്നാം സ്ഥാനത്താണ് യു.എ.ഇ. ഇന്‍റർനെറ്റ് ഉപയോഗത്തിൽ ആഗോളതലത്തിൽ രണ്ടാമതും അറബ് രാജ്യങ്ങളിൽ ഒന്നാമതും യു.എ.ഇയുണ്ട്. ഇ-കോമേഴ്സിലും അറബ് രാജ്യങ്ങളുടെ പട്ടികയുടെ തലപ്പത്ത് യു.എ.ഇയുണ്ട്. ആഗോളതലത്തിൽ ഒമ്പതാം സ്ഥാനം.
മേഖലയിൽ ആദ്യമായി ഡിജിറ്റൽ ഗവൺമെന്‍റ് രൂപവത്കരിച്ച രാജ്യമാണ് യു.എ.ഇ. 2001ൽ ഇത് നടപ്പിലാക്കുക വഴി രാജ്യത്ത് ഡിജിറ്റൽ ജീവിതശൈലി പ്രോത്സാഹിപ്പിക്കാൻ യു.എ.ഇക്ക് കഴിഞ്ഞു. ഇന്‍റർനെറ്റ് വേഗതയിലും യു.എ.ഇ ഏറെ മുന്നിലാണ്.
രാജ്യത്തെ ശരാശരി ഇന്‍റർനെറ്റ് വേഗത സെക്കൻഡിൽ 134.48 എം.ബിയാണ്.
അതേസമയം, ആഗോള ശരാശരി 30 എം.ബിയാണ്. വീടുകളിലെ ഇന്‍റർനെറ്റ് വേഗതയിൽ ആഗോളതലത്തിൽ 13ാമതാണ് യു.എ.ഇ. സെക്കൻഡിൽ 124.7 എം.ബിയാണ് സ്പീഡ്. ആഗോള ശരാശരി 63.46 എം.ബി.
യു.എ.ഇയിലെ ഇന്‍റർനെറ്റ് ഉപയോക്താക്കളുടെ എണ്ണം ഒരുകോടിക്കടുത്താണ്.
രാജ്യത്തിന്‍റെ ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോൾ 99 ശതമാനവും ഇന്‍റർനെറ്റ് ഉപയോഗിക്കുന്നു. ആഗോള ശരാശരി 62.5 ശതമാനം മാത്രമാണ്. ശരാശരി 4.35 മണിക്കൂറാണ് ഒരാൾ മൊബൈലിൽ ഇന്‍റർനെറ്റ് ഉപയോഗിക്കുന്നത്. ഇക്കാര്യത്തിൽ ആഗോളതലത്തിൽ 11ാം റാങ്കാണ് യു.എ.ഇക്ക്. കമ്പ്യൂട്ടർ, മൊബൈൽ ഉൾപ്പെടെ എല്ലാ ഡിവൈസുകളിലും ഇന്‍റർനെറ്റ് ഉപയോഗിക്കുന്ന സമയം നോക്കിയാൽ യു.എ.ഇ പത്താം സ്ഥാനത്താണ്.
ഒരാൾ ദിവസവും 8.36 മണിക്കൂർ യു.എ.ഇയിൽ ഇന്‍റർനെറ്റ് ഉപയോഗിക്കുന്നു.
ഏറ്റവും കൂടുതൽ സമയം സമൂഹ മാധ്യമങ്ങളിൽ ചെലവഴിക്കുന്നതും യു.എ.ഇക്കാരനാണ്.
ഇ-ഗെയിമിങ്ങിൽ ആദ്യ പത്ത് രാജ്യങ്ങളിലും ടെലിമെഡിസിനിൽ ആദ്യ 20 രാജ്യങ്ങളിലും ഇമാറാത്തുണ്ട്. ഓൺലൈൻ വഴി വാരാന്ത്യ പർച്ചേസ് നടത്തുന്നതിൽ 14ാം സ്ഥാനത്താണ് യു.എ.ഇ.
59 ശതമാനം ജനങ്ങളും വാരാന്ത്യ പർച്ചേസ് ഓൺലൈൻ വഴിയാണ്.
ഇതിൽ 32.4 ശതമാനവും മൊബൈൽ ഫോൺ വഴിയാണ് ഓൺലൈൻ പർച്ചേസ്. ഫേസ്ബുക്ക് പരസ്യങ്ങളുടെ കാര്യത്തിൽ ആഗോളതലത്തിൽ അഞ്ചാം സ്ഥാനത്ത് യു.എ.ഇയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.