ഡിജിറ്റൽ പണമിടപാട്: യു.എ.ഇയുമായി സഹകരണം ശക്തിപ്പെടുത്തും -ആർ.ബി.ഐ
text_fieldsദുബൈ: ഡിജിറ്റൽ പണമിടപാട് മേഖലയിൽ യു.എ.ഇയുമായി സഹകരണം ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യ കാത്തിരിക്കുകയാണെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ) പേമെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് ഡിപ്പാർട്മെന്റ് ചീഫ് ജനറൽ മാനേജർ ഗുൻവീർ സിങ്. ജി20 ഉച്ചകോടിക്കിടെ യു.എ.ഇ വാർത്ത ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യയിലെ വലിയ വിഭാഗം പ്രവാസികൾ താമസിക്കുന്നത് യു.എ.ഇയിലാണ്. കൂടാതെ ഭൂമിശാസ്ത്രപരമായി ഇന്ത്യയോട് അടുത്തുനിൽക്കുന്ന രാജ്യം കൂടിയാണിത്. ഈ പശ്ചാത്തലത്തിൽ യു.എ.ഇയുമായുള്ള ഡിജിറ്റൽ പണമിടപാട് ഇന്ത്യയെ സംബന്ധിച്ച് പ്രധാനപ്പെട്ടതാണ്. ഡിജിറ്റൽ പണമിടപാട് മേഖലയിലെ സഹകരണവുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും നിലവിൽ ചില നടപടികളുമായി മുന്നോട്ടുപോയിട്ടുണ്ട്.
പ്രാദേശിക കറൻസികളിൽ ഉഭയകക്ഷി വ്യാപാരം നടത്തുന്നതിനും ലിങ്ക് പേമെന്റ്, ഫിനാൻഷ്യൽ മെസേജിങ് സിസ്റ്റംസ് എന്നിവയുമായി ബന്ധപ്പെട്ടുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനുമായി ഇരുരാജ്യങ്ങളും തമ്മിൽ ഇക്കഴിഞ്ഞ ജൂലൈയിൽ കരാറിൽ ഒപ്പുവെക്കുകയും ചെയ്തിരുന്നു. രണ്ട് രാജ്യങ്ങളും ഒരുമിച്ചു നിന്നാൽ എല്ലാവർക്കും ഉപകാരപ്പെടുന്നതും കൂടുതൽ കാര്യക്ഷമതയുള്ളതുമായ രീതിയിൽ ഡിജിറ്റൽ പേമെന്റ് സംവിധാനം വികസിപ്പിക്കുന്നതിന് കഴിയുമെന്ന് ആത്മവിശ്വാസമുള്ളതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എ.ഇ സന്ദർശനത്തിനിടെ ഉഭയകക്ഷി വ്യാപാര വളർച്ചയെ പിന്തുണക്കുകയെന്ന ലക്ഷ്യത്തോടെ യു.എ.ഇ സെൻട്രൽ ബാങ്കും ഇന്ത്യയുടെ റിസർവ് ബാങ്കും തമ്മിൽ രണ്ട് കരാറുകളിൽ ഒപ്പുവെച്ചിരുന്നു.
പ്രാദേശിക കറൻസികളിൽ വ്യാപാര കൈമാറ്റങ്ങൾ നടത്താനുള്ള നിയമ ചട്ടക്കൂടുകൾ നിർമിക്കാൻ ലക്ഷ്യമിട്ടതാണ് ആദ്യ കരാർ.
രണ്ടാമത്തെ കരാർ ഐ.പി.പി, ലോക്കൽ പേമെന്റ് കാർഡ് സ്കീമുകളിലുള്ള സേവനങ്ങളിൽ സഹകരണത്തിനായുള്ളതാണെന്നും വൈകാതെ ഡിജിറ്റൽ പേമെന്റ് സംവിധാനങ്ങൾ യാഥാർഥ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.