യു.എ.ഇ സ്കൂളുകളിൽ വീണ്ടും നേരിട്ട് ക്ലാസ്
text_fieldsദുബൈ: കോവിഡ് ആശങ്കയുടെ പശ്ചാത്തലത്തിൽ ഓൺലൈനിലാക്കിയ സ്കൂൾ പഠനം വീണ്ടും നേരിട്ട് ക്ലാസുകളിലേക്ക് മാറുന്നു. ശെശത്യകാല അവധിക്ക് ശേഷം ജനുവരി മൂന്നിന് ആരംഭിക്കേണ്ട ക്ലാസുകൾ മൂന്നാഴ്ചയായി അബൂദബി, അജ്മാൻ, ഫുജൈറ, ഉമ്മുൽ ഖുവൈൻ എന്നിവിടങ്ങളിൽ ഓൺലൈനിലാണ് നടക്കുന്നത്.
ഇത് അടുത്ത ആഴ്ച മുതൽ നേരിട്ട് ക്ലാസുകളിലേക്ക് മടങ്ങുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. സർവകലാശാലകളിലും കോളജുകളിലും മറ്റു പരിശീലന സ്ഥാപനങ്ങളിലും ഈ നിർദേശം ബാധകമായിരിക്കുമെന്ന് അബൂദബി അടിയന്തര ദുരന്ത നിവാരണ സമിതി പ്രസ്താവനയിൽ വ്യക്തമാക്കി. ജനുവരി 24 മുതൽ കിന്‍റർഗാൻഡൻ, ഒന്നുമുതൽ അഞ്ചുവരെ ഗ്രേഡ്, 12ാം ഗ്രേഡ് എന്നീ വിദ്യാർഥികൾക്ക് പ്രവേശനം നൽകും.
ഉന്നതവിദ്യഭ്യാസ സ്ഥാപനങ്ങൾക്കും ദേശീയ-അന്തർദേശീയ പരീക്ഷകൾക്ക് തയാറെടുക്കുന്ന വിദ്യാർഥികൾ എന്നിവർക്കും 24 മുതൽ നേരിട്ട് ക്ലാസിൽ വരാം. ആറു മുതൽ 11 വരെ ഗ്രേഡുകളിലെ വിദ്യാർഥികൾ ഈ സമയത്ത് ഓൺലൈൻ പഠനം തുടരണം. ജനുവരി 31 തിങ്കളാഴ്ച മുതൽ മറ്റു ക്ലാസുകളിലെ വിദ്യാർഥികൾക്കും നേരിട്ട് ഹാജരാകാമെന്നും അറിയിപ്പിൽ പറയുന്നു. എല്ലാ വിദ്യാർഥികളും ക്ലാസിലെത്തുന്ന ആദ്യ ദിവസം 96 മണിക്കൂറിനിടയിലെ പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് നിർദേശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.