എക്സ്പോ,യു.എ.ഇ എക്സ്ചേഞ്ച് സ്റ്റേഷനുകളിലേക്ക് നേരിട്ട് സർവിസ്
text_fieldsദുബൈ: എക്സ്പോ 2020,യു.എ.ഇ എക്സ്ചേഞ്ച് മെട്രോ സ്റ്റേഷനുകളിലേക്ക് യാത്ര ചെയ്യുന്നവർ ഇന്ന് മുതൽജബൽ അലി സ്റ്റേഷനിൽ നിന്ന് മാറിക്കയറേണ്ടതില്ല.
ദുബൈ മെട്രോയുടെ റെഡ്ലൈനിൽ ഇടവിട്ട സമയങ്ങളിൽ രണ്ട് സ്റ്റേഷനുകളിലേക്ക് ശനിയാഴ്ച മുതൽ നേരിട്ട് സർവിസ് ഉണ്ടാകുമെന്ന് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. യാത്രക്കാർ ട്രെയിൻ കയറുന്നതിന് മുമ്പ് ഏത് ഭാഗത്തേക്കാണ് പോകുന്നതെന്ന് ഡിസ്പ്ലേ സ്ക്രീൻ നോക്കി ഉറപ്പുവരുത്തണം.
യു.എ.ഇ എക്സ്ചേഞ്ച് സ്റ്റേഷനിലേക്ക് യാത്ര ചെയ്യാൻ ജബൽ അലി സ്റ്റേഷനിൽ നിന്ന് ട്രെയിൻ മാറിക്കയറുന്നത് ഒഴിവാക്കാനായി കഴിഞ്ഞ ഏപ്രിലിൽ റെഡ്ലൈനിൽ ആർ.ടി.എ ‘വൈ’ ജങ്ഷൻ സ്ഥാപിച്ചിരുന്നു. ഇതോടെ സെന്റർ പോയിന്റ് സ്റ്റേഷനിൽനിന്ന് യു.എ.ഇ എക്സ്ചേഞ്ച് സ്റ്റേഷനിലേക്കും അവിടെ നിന്ന് തിരിച്ചും നേരിട്ട് യാത്ര നടത്താൻ കഴിയും.
ഈ റൂട്ടിലാണ് ഇപ്പോൾ പുതിയ സർവിസ് ആരംഭിക്കുന്നത്. അതേസമയം, ഏതാനും വർഷങ്ങൾക്കുള്ളിൽ കൂടുതൽ മെട്രോ സ്റ്റേഷനുകൾ കൂടി നിർമിക്കുമെന്ന് കഴിഞ്ഞ ജൂണിൽ ദുബൈ എക്സിക്യൂട്ടിവ് കൗൺസിൽ പ്രഖ്യാപിച്ചിരുന്നു. നിലവിൽ 84 ചതുരശ്ര കിലോമീറ്ററിലായി 64 സ്റ്റേഷനുകളാണ് ദുബൈ മെട്രോക്കായി പ്രവർത്തിക്കുന്നത്.
2030 ഓടെ ഇത് 140 ചതുരശ്ര കിലോമീറ്ററായി ഉയർത്തുകയും സ്റ്റേഷനുകളുടെ എണ്ണം 96 ആയി വർധിപ്പിക്കുകയും ചെയ്യും. അതോടൊപ്പം 2024 ഓടെ 140 ചതുരശ്ര കിലോമീറ്ററിൽ നിന്ന് 228 ചതുരശ്ര കിലോമീറ്ററായി വിപുലീകരിച്ച് സ്റ്റേഷനുകളുടെ എണ്ണം 140 ആക്കി വർധിപ്പിക്കുകയും ചെയ്യുകയുമാണ് ലക്ഷ്യം.
ദുബൈ മെട്രോയുടെ വിപുലീകരണത്തിലൂടെ എമിറേറ്റിലുടനീളം പൊതുഗതാഗതത്തിന്റെ വിഹിതം 45 ശതമാനമായി ഉയർത്താനാണ് പദ്ധതി.
അതു വഴി അന്തരീക്ഷത്തിൽ കാർബൺ വ്യാപനം ആളോഹരി 16 ടൺ ആയി കുറക്കുകയും സുസ്ഥിരവും കാര്യക്ഷമവുമായ ഗതാഗത സൗകര്യങ്ങൾ സൃഷ്ടിക്കുകയുമാണ് ആർ.ടി.എയുടെ പദ്ധതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.