ദിർഹം ഡയറീസ്
text_fieldsചില മനോഹര ദൃശ്യങ്ങൾ കാണുമ്പോൾ കാമറയിൽ പകർത്താൻ തോന്നാത്തവർ വിരളമാണ്. യു.എ.ഇയിലൂടെ സഞ്ചരിക്കുമ്പോൾ നിരവധി നയന മനോഹര ചിത്രങ്ങളാണ് ഓരോരുത്തരുടെയും കണ്ണിലുടക്കാറുള്ളത്. അത് പകർത്തി സ്വന്തമായി സൂക്ഷിക്കുന്നവർ ധാരാളമുണ്ട്. എന്നാൽ തൃശൂർ ആമ്പല്ലൂർ സ്വദേശിയായ ശിഹാബ് അബ്ദുല്ല പകർത്തിയ യു.എ.ഇ ലാൻഡ് മാർക്കുകളുടെ ചിത്രങ്ങൾ എല്ലാവരിലേതിൽ നിന്നും വ്യത്യസ്താമാണ്. കാരണം ആരും പരീക്ഷിക്കാത്തൊരു കൗതുകം ചേർത്താണ് ശിഹാബിന്റെ ഫോട്ടോപിടുത്തം. യു.എ.ഇ ദിർഹമിന്റെ കറൻസി നോട്ടുകളിലെ യു.എ.ഇ ലാൻഡ് മാർക്കുകളുടെ ചിത്രങ്ങളാണ് ഈ മെക്കാനിക്കൽ ഡിസൈനർ പകർത്താറുള്ളത്. നോട്ടിന്റെ പശ്ചാത്തലത്തിൽ ഉയർന്നുനിൽക്കുന്ന ലാൻഡ്മാർക്ക്...അതാണ് ശിഹാബിന്റെ വെറൈറ്റി.
ഒരുപക്ഷേ മുമ്പ് മറ്റാരും പകർത്താത്ത രീതിയിൽ ചിത്രങ്ങൾ എടുത്തു തുടങ്ങിയത് യാദൃശ്ചിമായാണ്. സുഹൃത്തിനൊപ്പം യാത്ര ചെയ്യവെ ഒരിക്കൽ ഷാർജ സെൻട്രൽ സൂഖിനടുത്തെത്തി. അഞ്ചു ദിർഹം നോട്ടിലെ ഷാർജ സെൻട്രൽ സൂഖിന്റെ ചിത്രം പശ്ചാത്തലത്തിലാക്കി ഒരു ദൃശ്യം പകർത്തിയാൽ നന്നാകുമെന്ന് ഒരു തോന്നൽ. അങ്ങനെ പകർത്തിത്തുടങ്ങിയത് പിന്നീട് ഒരു ഹരമായി.
ദിർഹം നോട്ടുകളിലെ ഓരോ ചിത്രങ്ങളും പകർത്താൻ തുടങ്ങി. പല എമിറേറ്റുകളിലായി പരന്നുകിടക്കുന്ന ലാനഡ് മാർക്കുകൾ തെരഞ്ഞെ് പിടിച്ച് പകർത്തുന്നത് അത്ര എളുപ്പമായിരുന്നില്ല. ചിലത് സാധാരണക്കാർക്ക് പരിചിതമായ കെട്ടിടങ്ങൾ പോലുമല്ല. പക്ഷെ ശിഹാബ് എല്ലാം കണ്ടെത്തി കാമറയിൽ ഒപ്പിയെടുത്തു. കൂട്ടത്തിൽ ഫോട്ടോ പകർത്തുന്നതിന് നിയന്ത്രണമുള്ള സ്ഥലങ്ങളുണ്ടായിരുന്നു. അബൂദബിയിലെ ശരീഅ കോടതി അക്കൂട്ടത്തിലൊന്നാണ്. എന്നാൽ തന്റെ ആഗ്രഹവും പദ്ധതിയും അവതരിപ്പിച്ചപ്പോൾ അനുവാദം ലഭിച്ചു. റാസൽഖൈമയിലെ ദയാ ഫോർട്ടിന്റെ ചിത്രം പകർത്തുന്നതും യഥാർഥത്തിൽ വലിയ വെല്ലുവിളിയായിരുന്നു. കാരണം നോട്ടിലെ ചിത്രം ആകാശത്തുനിന്ന് പകർത്തിയതാണ്. ഹെലികോപ്റ്ററിൽ പോയി പകർത്താനുള്ള സാധ്യതയില്ലാത്തതിനാൽ ഏറ്റവും യോജിച്ച ഒരിടത്തുനിന്ന് പകർത്തി. അതുപോലെ ആയിരം ദിർഹമിന്റെ ഒരുനോട്ടിലുണ്ടായിരുന്ന ചിത്രം കടലിൽ നിന്ന് പകർത്തിയതായിരുന്നു. അത് അൽപം ദൂരത്തെ ഒരു മാളിൽ നിന്ന് പകർത്തുകയായിരുന്നു.
എന്നാൽ ഏറ്റവും അവസാനം പകർത്തിയ ചിത്രത്തിനാണ് ഏറെ കാത്തിരിക്കേണ്ടി വന്നത്. കാരണം അതീവ സുരക്ഷാ മേഖലയിൽ സ്ഥിതി ചെയ്യുന്ന അൽ ബറഖ ആണവ നിലയത്തിന്റെ ചിത്രമായിരുന്നു അത്. ശിഹാബിന്റെ ചിത്രമെടുക്കൽ സംബന്ധിച്ച് ഇംഗ്ലീഷ് പത്രത്തിൽ വന്ന വാർത്തയാണിതിന് വഴി തുറന്നത്. അൽ ബറഖ ഒഴികെ എല്ലാ ചിത്രങ്ങളും പകർത്തിയത് ശ്രദ്ധയിൽപെട്ട അധികൃതർ തന്നെ അവിടേക്ക് ശിഹാബിനെ ക്ഷണിക്കുകയായിരുന്നു. എന്നാൽ എട്ടു മാസം നീണ്ട കാത്തിരിപ്പിന് ശേഷം എല്ലാ രേഖകളും സമർപ്പിച്ച ശേഷം മാത്രമാണ് അനുമതി ലഭിച്ചത്. ഒരുപക്ഷേ അല ബറഖ പകർത്താൻ അവസരം ലഭിക്കുന്ന ആദ്യ സ്വകാര്യ വ്യക്തിയായിരിക്കും ശിഹാബ്.
യാത്ര ചെയ്യാൻ ഏറെ ഇഷ്ടപ്പെടുന്നയാളയതിനാൽ ഓരോ ചിത്രമെടുപ്പും ആസ്വദിച്ചാണ് ചെയ്തത്. ഇതിനകം യു.എ.ഇ മുഴുവൻ സഞ്ചരിച്ചു കഴിഞ്ഞു. അൽ ബറഖയുടെ ചിത്രം പകർത്താനായി മാത്രം 845കി.മീറ്റർ യാത്ര ചെയ്തിട്ടുണ്ട്. നിലവിൽ 23 ദിർഹം നോട്ടിലെ ലാൻഡ് മാർക്കുകളുടെയും ചിത്രമെടുത്ത ഏക വ്യക്തിയാണിദ്ദേഹം. 11വർഷമായി യു.എ.ഇയിൽ ജീവിക്കുന്ന ശിഹാബിന് കുറേയേറെ യാത്രകൾ ചെയ്യണമെന്നാണ് ആഗ്രഹം. യു.എ.ഇ കഴിഞ്ഞാൽ മലേഷ്യ, ഒമാൻ എന്നീ രാജ്യങ്ങളിൽ സഞ്ചരിച്ചിട്ടുണ്ട്. ഹൈക്കിങ്, റണ്ണിങ് കോമ്പറ്റീഷൻ എന്നിങ്ങനെ സാഹസിക പ്രവർത്തനങ്ങളും ഹോബിയാണ്. ആമ്പല്ലൂരിലെ അബ്ദുല്ല, ഹലീമ ദമ്പതികളുടെ മകനാണ്. ഭാര്യ: ശഹബാസ്. മകൾ: ഷൈസ. ഇൻസ്റ്റഗ്രാം: voyage_gea
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.