നേരിയ ആശ്വാസം; വിമാന നിരക്കിൽ ഇളവ്
text_fieldsഅൽഐൻ: കേരളത്തിലെ വിദ്യാലയങ്ങളിൽ വേനലവധി ആരംഭിച്ചതോടെ കുടുംബങ്ങളെ സന്ദർശക വിസയിൽ യു.എ.ഇയിൽ കൊണ്ടുവരുന്നത് കണ്ട് ആഴ്ചകൾക്ക് മുന്നേ ഉയർന്ന നിരക്ക് ഈടാക്കിയിരുന്ന വിമാനക്കമ്പനികൾ ഇപ്പോൾ നിരക്കിൽ ഇളവ് വരുത്തി. മുൻകൂട്ടി ടിക്കറ്റ് എടുക്കാത്തവർക്ക് ഏറെ ആശ്വാസമാണിത്. ചെറിയ വരുമാനക്കാർക്ക് കുടുംബങ്ങളെ സന്ദർശക വിസയിൽ കൊണ്ടുവരുന്നതിന് വിലങ്ങുതടിയായിരുന്നു ഉയർന്ന വിമാന നിരക്ക്. ടിക്കറ്റ് നിരക്ക് കുറഞ്ഞതോടെ കുടുംബങ്ങളെ സന്ദർശക വിസയിൽ കൊണ്ടുവരാനുള്ള ശ്രമങ്ങൾ പലരും വീണ്ടും തുടങ്ങിയിട്ടുണ്ട്. കേരളത്തിൽനിന്ന് യു.എ.ഇയിലേക്ക് ഏതാനും ആഴ്ചകൾ മുമ്പ് വരെ 1200 ദിർഹമിനു മുകളിലായിരുന്നു ടിക്കറ്റ് നിരക്ക്. എന്നാൽ, ഏപ്രിൽ തുടക്കം മുതൽ 750- 800 ദിർഹമായി എയർഇന്ത്യ എക്സ്പ്രസ് അടക്കമുള്ള വിമാനക്കമ്പനികൾ കുറച്ചു. കോഴിക്കോട് നിന്നും കണ്ണൂരിൽ നിന്നും 600 ദിർഹം മുതൽ ഇപ്പോൾ ടിക്കറ്റ് ലഭ്യമാണ്.
ആഴ്ചകൾക്കു മുന്നേ ഇതേ വിമാനങ്ങളിൽ യാത്രചെയ്യാൻ മുൻകൂട്ടി ടിക്കറ്റ് എടുത്ത പലരും ഉയർന്ന നിരക്കിൽ ടിക്കറ്റ് എടുത്തവരാണ്. കേരളത്തിന് പുറത്തുള്ള വിമാനത്താവളങ്ങളിൽനിന്ന് യു.എ.ഇയിലേക്ക് കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ ലഭ്യമായതിനാൽ പലരും ചെന്നൈ, മുംബൈ, ഡൽഹി, ഹൈദരാബാദ് തുടങ്ങിയ വിമാനത്താവളങ്ങൾ വഴി കണക്ഷൻ ഫ്ലൈറ്റിന് ടിക്കറ്റെടുത്താണ് കഴിഞ്ഞ ദിവസങ്ങളിൽ യാത്ര ചെയ്ത് ഇവിടെ എത്തിയത്. കേരളത്തിൽനിന്ന് നേരിട്ട് 1200 ദിർഹമിന് മുകളിൽ ഈടാക്കിയിരുന്ന സമയത്താണ് 700 ദിർഹമിനും മറ്റും ഇത്തരം വിമാനങ്ങളിൽ ടിക്കറ്റ് ലഭ്യമായിരുന്നത്. കണക്ഷൻ ടിക്കറ്റ് എടുത്താൽ മണിക്കൂറുകൾ വിമാനത്താവളങ്ങളിൽ കാത്തിരിക്കണം എന്നതുമാത്രമാണ് പ്രശ്നം. അപ്പോഴും ഇടത്തരം വരുമാനക്കാർക്ക് ഇത് ഏറെ ആശ്വാസകരമായിരുന്നു. ഒമാൻ എയറിന്റെ കോഴിക്കോട്-മസ്കത്ത്-ദുബൈ വിമാന സർവിസുകളിൽ കുറഞ്ഞ നിരക്കിന് ടിക്കറ്റ് ലഭിച്ചവരും നിരവധിയാണ്.
യു.എ.ഇയിലെ വിദ്യാലയങ്ങളിൽ രണ്ടാഴ്ചയോളമുള്ള വസന്തകാല അവധിക്ക് നാട്ടിൽ പോയവരും തിരിച്ചുവരുന്ന സമയമാണ്. ദുബൈയിലെ സ്വകാര്യ ഏഷ്യൻ സ്കൂളുകൾ ഏപ്രിൽ മൂന്നിന് തുറന്നിരുന്നു. മറ്റ് എമിറേറ്റ്സുകളിൽ ഏപ്രിൽ 10നാണ് പുതിയ അധ്യയന വർഷം ആരംഭിക്കുന്നത്. യു.എ.ഇയിൽ പുതിയ അധ്യയന വർഷം ആരംഭിക്കുന്നതോടെ നിരവധി തൊഴിലവസരങ്ങളാണ് വിദ്യാലയങ്ങളിൽ സൃഷ്ടിക്കപ്പെടുന്നത്. നാട്ടിൽനിന്ന് ജോലിതേടി വരുന്ന നിരവധിപേർക്കും ഇതോടെ ആശ്വാസമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.