രാജ്യത്തെ പബ്ലിക് സ്കൂളുകളിൽ ആദ്യ രണ്ടാഴ്ചത്തേക്ക് വിദൂര പഠനം തന്നെ തുടരും
text_fieldsദുബൈ: രാജ്യത്തെ സർക്കാർ സ്കൂളുകൾ 2021 ജനുവരി മൂന്നു മുതൽ പുനരാരംഭിക്കുമെങ്കിലും ആദ്യ രണ്ടാഴ്ച ഓൺലൈനിൽ പഠനം തുടരും. രാജ്യത്തുടനീളമുള്ള പൊതുവിദ്യാലയങ്ങൾ ഈ കാലയളവിൽ വിദൂരപഠനം തന്നെ തുടരണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
അധ്യയനം ആരംഭിച്ച ശേഷമുള്ള രാജ്യത്തെ സ്ഥിതിയും സംഭവവികാസങ്ങളും വിലയിരുത്തിയും ആരോഗ്യസ്ഥിതിയും പരിശോധിച്ച് വിലയിരുത്തിയ ശേഷം പൂർണമായി ക്ലാസുകളിലുള്ള പഠനത്തിലേക്ക് തിരിച്ചെത്തുമെന്നും മന്ത്രാലയം. ഓൺലൈൻ പഠനം തുടരുന്ന രണ്ടാഴ്ചക്കാലം 50 ശതമാനം അധ്യാപകരും ജീവനക്കാരും മാത്രമേ സ്കൂളുകളിൽ ഹാജരാൻ പാടുള്ളൂ. ശേഷിക്കുന്നവർ വീട്ടിലിരുന്ന് ജോലി തുടരണമെന്നും മന്ത്രാലയം പുറത്തിറക്കിയ പുതിയ സർക്കുലറിൽ ചൂണ്ടിക്കാട്ടി.
കോവിഡ് -19 വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ പൂർണമായും പ്രതിരോധ നടപടികളും സുരക്ഷാ നിർദേശങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി വ്യക്തിഗത ക്ലാസുകൾ പുനരാരംഭിക്കുമ്പോൾ ഓരോ സ്കൂളും പ്രവർത്തന പദ്ധതികളും വിദ്യാർഥികളുടെ ഷെഡ്യൂളുകളും തയ്യാറാക്കണമെന്നും മന്ത്രാലയം അറിയിച്ചു.
വിട്ടുമാറാത്ത ആരോഗ്യസ്ഥിതിയിലുള്ളവർ ഉൾപ്പെടെ എല്ലാ വിദ്യാർഥികൾക്കും അടുത്തമാസം മുതൽ ക്ലാസുകളിലേക്ക് മടങ്ങാൻ അനുമതി നൽകിയതിനാൽ അബൂദാബിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും മാറ്റങ്ങൾക്കായി സജ്ജമാക്കിയിട്ടുണ്ട്. അധ്യയന വർഷത്തിെൻറ ആദ്യ കാലയളവിലെ വിദൂര പഠനം അവസാനിക്കുന്നതോടെ ക്ലാസ് മുറികളിലേക്ക് മടങ്ങിവരുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ വലിയ വർധന പ്രതീക്ഷിക്കുന്നതായി പ്രിൻസിപ്പൽമാർ പറഞ്ഞു. കോവിഡ് -19 വാക്സിൻ നൽകുന്നത് ഉൾപെടെയുള്ള കാര്യങ്ങളിൽ മാതാപിതാക്കളുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതിനാവശ്യമായ ബോധവത്കരണവും പിന്തുണയും സ്കൂളുകൾ ഉറപ്പാക്കുമെന്നും വിദ്യാലയ മേധാവികൾ വ്യക്തമാക്കി.
ഏഴു മുതൽ ഒമ്പത്, 11 മുതൽ 14 വയസ്സ് ഗ്രൂപ്പുകളിലുള്ള സ്വകാര്യ സ്കൂളുകളിലെ വിദ്യാർഥികൾ 10 മാസത്തെ ഇടവേളക്ക് ശേഷം ജനുവരിയിൽ ക്ലാസ് മുറികളിലേക്ക് മടങ്ങിയെത്തും. രാജ്യത്തുടനീളമുള്ള സ്വകാര്യ സ്കൂൾ വിദ്യാർഥികളെല്ലാം അടുത്തയാഴ്ച പൂർണമായും ക്ലാസ് റൂം പഠനത്തിലേക്ക് മടങ്ങുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.